നവഭാരത ശിൽപി


1889 നവംബർ 14 ഉത്തര്‍പ്രദേശിലെ അലഹബാദ്

മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മകനായി കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജവാഹർ ലാൽ ജനിച്ചു. ആ ദിവസം ഇന്ത്യയ്ക്ക് ശിശുദിനം. പ്രാഥമിക പഠനം വീട്ടിൽത്തന്നെ. അയർലൻഡുകാരനായ ഫെർഡിനാന്റ് ഡി ബ്രൂക്സ് എന്ന അധ്യാപകനാണു ജവാഹറിനെ വായനയുടെയും ചിന്തയുടെയും ലോകത്തേക്കു നയിച്ചത്. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീ സിങ് എന്നിവരാണു ജവാഹറിന്റെ സഹോദരിമാർ.

ഇംഗ്ലണ്ടിൽ പഠനം

വേദനാജനകം ആയിരുന്നു അച്ഛനും മകനും ആ തീരുമാനം. പക്ഷേ, മകന്റെ വിദ്യാഭ്യാസത്തിന് മോത്തിലാൽ ഏറെ പ്രാധാന്യം നൽകിയിരുന്നു. ലണ്ടനിൽ എലിസബത്ത് രാഞ്ജി സ്ഥാപിച്ച ഹാരോ സ്കൂളിലാണ് ജവാഹർ ചേർന്നത്. പൊതുവിഞ്ജാനത്തിലും ശാസ്ത്രത്തിലും വായനാശീലത്തിലും സഹപാഠികളായ ഇംഗ്ലീഷ് വിദ്യാർഥികളെ പിന്നിലാക്കി.

ഹാരോയിലെ രണ്ട് വർഷത്തെ പഠനശേഷം കേംബ്രിജിലെ ട്രിനിറ്റി കോളജിലെത്തി. രസതന്ത്രവും, സസ്യശാസ്ത്രവുമായിരുന്നു പഠന വിഷയങ്ങളെങ്കിലും ചരിത്രവും സാഹിത്യവും ധനതത്വശാസ്ത്രവും രാഷ്ട്രമീമാംസയും ജവാഹറിന്റെ വിപുലമായ വായനയിലുണ്ടായിരുന്നു. കേംബ്രിജ് – അദ്ദേഹത്തിന്റെ ജീവിത സമീപനങ്ങളിലും ലോക വീക്ഷണത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി.

1912: ഇംഗ്ലണ്ടിലെ ഏഴ് വർഷത്തെ പഠനശേഷം ജവാഹർലാൽ ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തി.

ദേശീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. അദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നു. ഗോഖലെയുടെയും ആനിബസന്റിന്റെയും പ്രവർത്തനങ്ങളിൽ ജവാഹർലാൽ ആകൃഷ്ടനായി.