ചരിത്രപ്രസിദ്ധ പ്രസംഗം


1947 ഓഗസ്റ്റ് 14 അർധരാത്രി

പാർലമെന്റിന്റെ ഡർബാർ ഹാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ജവാഹർലാൽ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന ചരിത്രപ്രസിദ്ധ പ്രസംഗം നടത്തി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനം.

"വർഷങ്ങൾക്കു മുൻപ് വിധിയുമായി നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. ചരിത്രത്തിൽ അപൂർവമായി മാത്രം വന്നു ചേരുന്ന ചില നിമിഷങ്ങളുണ്ട്. ങ്ങനെയൊന്നാണിത്. പഴയതിൽ നിന്നു പുതിയ തിലേക്ക് നാം കാലൂന്നുന്ന നിമിഷം. ഒരു കാലഘട്ടം അവസാനിച്ച് മറ്റൊന്നിന് ആരംഭം കുറിക്കുന്ന നിമിഷം. അടിച്ചമർത്തപ്പെട്ടിരുന്ന രാഷ്ട്രത്തിന്റെ ആത്മാവിന് ഭാഷണ ശക്തി ലഭിക്കുന്ന നിമിഷം"

1948 ജനുവരി 30

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളുടെ അലയൊലികൾ ഒടുങ്ങുന്നതിനു മുൻപു ഗാന്ധിജി വധിക്കപ്പെട്ടു. നാഥുറാം വിനായക് ഗോഡ്സെയായിരുന്നു ഘാതകൻ. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ലോകത്തെ അറിയിച്ചുകൊണ്ടു നെഹ്റു പറഞ്ഞു.

"നമ്മുടെ ജീവിതത്തിൽനിന്നു വെളിച്ചം പൊലിഞ്ഞുപോയി. എവിടെയും ഇരുട്ടു മാത്രം. വെളിച്ചം പൊലിഞ്ഞു എന്നു ഞാൻ പറഞ്ഞതു തെറ്റിപ്പോയി. ഈ നാട്ടിൽ പ്രകാശം പരത്തിയിരുന്ന ആ വെളിച്ചം സാധാരണ ഒന്നല്ല. അനേകമനേകം കൊല്ലങ്ങളായി ഈ രാജ്യത്തെ പ്രകാശപൂർണമാക്കിയ ആ വെളിച്ചം ഇനിയും അനേകമാണ്ടുകളോളം ഇവിടെ പ്രകാശിക്കും. ഒരായിരം കൊല്ലങ്ങൾക്കു ശേഷവും ഇവിടെആ വെളിച്ചം നിലനിൽക്കും.ലോകം അതു കാണുകയും ചെയ്യും"

സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് ഒരേസമയം ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. അവയിൽ പ്രധാനപ്പെട്ടവ ഇന്ത്യയുടെ വിഭജനവും അഭയാർഥി പ്രവാഹവും നാട്ടുരാജ്യങ്ങളുടെ പുനഃസംഘടനയും ഭരണഘടനയുടെ രൂപീകരണവും പൊതു തിരഞ്ഞെടുപ്പും സാമ്പത്തിക വികസനവുമായിരുന്നു. പ്രായോഗികതയും തന്ത്രജ്ഞതയും ദീർഘദർശിത്വവും കൊണ്ടു നെഹ്റു വെല്ലുവിളികളെ മറികടന്നു.

1947ൽ സ്വതന്ത്രമായത് അവിഭക്ത ഇന്ത്യ ആയിരുന്നില്ല. ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ടു രാജ്യങ്ങൾ. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ സംഭവമായിരുന്നു രാജ്യത്തിന്റെ വിഭജനം. എഴുത്തുകാർ അതിനെ ‘ഹൃദയങ്ങളുടെ വിഭജനം’ എന്നു വിളിച്ചു. വിഭജനം 80 ലക്ഷം അഭയാർഥികളെ സൃഷ്ടിച്ചു. അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ ജന​ങ്ങൾ കൊല്ലപ്പെട്ടു.

അറുനൂറോളം നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഏകീകൃത ഇന്ത്യ രൂപീകരിക്കുകയെന്ന ദൗത്യത്തിൽ നെഹ്റുവിനൊപ്പം സർദാർ വല്ലഭ് ഭായ് പട്ടേലും മലയാളിയായ വി.പി.മേനോനുമുണ്ടായിരുന്നു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ 1953ൽ ജസ്റ്റിസ് ഫസൽ അലിയുടെ നേതൃത്വത്തിൽ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നെഹ്റു നിയമിച്ചു. 1956ൽ 14 സംസ്ഥാനങ്ങളും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കുകയും ചെയ്തു.

ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഒരു ജനാധിപത്യ ഭരണഘടനയും തിരഞ്ഞെടുപ്പു സമ്പ്രദായവും അനിവാര്യം ആയിരുന്നു. അതിനായി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ഭരണഘടനാ നിർമാണ സമിതി രൂപീകരിച്ചു. കരടു നിർമാണ കമ്മിറ്റിയുടെ ചെയർമാൻ ഡോ. അംബേദ്കറായിരുന്നു. 1946 ഡിസംബറിൽ ജവാഹർലാൽ നെഹ്റു ഭരണഘടന നിർമാണ സമിതിയുടെ ലക്ഷ്യങ്ങൾ നിർണയിക്കുന്ന പ്രമേയം അവതരിപ്പിച്ചു. ഇത് ഭരണഘടനയുടെ ലക്ഷ്യപ്രമേയം എന്നറിയപ്പെടുന്നു. ഭരണഘടനാ നിർമാണ സമിതി 1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26നു ഭരണഘടന നിലവിൽ വന്നു.

1951-52

നെഹ്റു തുടക്കമിട്ട സാംസ്കാരിക സ്ഥാപനങ്ങൾ നോക്കൂ– കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, നാഷനൽ ബുക്ക് ട്രസ്റ്റ്, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ... കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനും നെഹ്റുവായിരുന്നു.

1954- ജൂലൈ ഏഴ്

സത്‌ലജ് നദിയിലെ ഭക്രാനംഗൽ വിവിധോദ്ദേശ്യ പദ്ധതി രാജ്യത്തിന് സമർപ്പിച്ചു.

ഇന്ത്യയിലെ പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെല്ലാം ആരംഭിച്ചതു നെഹ്റുവിന്റെ നേതൃത്വത്തിൽ. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് എന്നിവയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, നാഷനൽ റിമോട്ട് സെൻസിങ് ഏജൻസി, ഫിസിക്കൽ റിസർച് ലബോറട്ടറി, ദേശീയ അണുശക്തി ഏജൻസി – എല്ലാം തുടക്കമിട്ടത് നെഹ്റു. ബഹിരാകാശ ഗവേഷണത്തിൽ വിക്രംസാരാഭായിയും അണുശക്തി മേഖലയിൽ ഹോമി ജെ ദാദയും നെഹ്റുവിന് ഉറച്ച പിന്തുണ നൽകി