നെഹ്റു എന്ന സാമൂഹിക പരിഷ്കർത്താവ്

ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽ കലാം ആസാദുമായി ചേർന്നു സമഗ്രമായ വിദ്യാഭ്യാസ നയം അദ്ദേഹം ആവിഷ്കരിച്ചു. ജനാധിപത്യ മതേതര ശാസ്ത്രീയ കാഴ്ചപ്പാടുകളായിരുന്നു അതിന്റെ അടിത്തറ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിങ്ങനെ ഒട്ടേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. ഇന്നും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായി അവ നിലകൊള്ളുന്നു.

ഇന്ത്യൻ വിദേശ നയത്തിന്റെ അടിത്തറയായി ചേരിചേരാ നയത്തിനു രൂപം നൽകിയതും നെഹ്റു വിന്റെ നേതൃത്വത്തിൽ. യുഗൊസ്‌ലാവ്യൻ പ്രധാനമന്ത്രി മാർഷൽ ടിറ്റോയും ഈജിപ്ത് പ്രസഡന്റ് ഗമാൽ അബ്ദുൽ നാസറും നെഹ്റുവിനൊപ്പം നിന്നു. 1954ൽ ചൈനീസ് പ്രധാനമന്ത്രി ചൗ–എൻ–ലായിയുമായി ചേർന്ന് പഞ്ചശീലതത്വങ്ങളിൽ അദ്ദേഹം ഒപ്പുവച്ചു. എന്നാൽ പഞ്ചശീല തത്വങ്ങൾ പരിഗണിക്കാതെ 1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചു. സമാധാനത്തിന്റെ ഉറച്ച വക്താവായ നെഹ്റുവിനെ ഏറെ അസ്വസ്ഥനാക്കിയ സംഭവമായിരുന്നു അത്.

മഹാനായ ചിന്തകനും ചരിത്രകാരനും എഴുത്തുകാരനുമായിരുന്നു നെഹ്റു. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്രാവലോകനം, ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ, ആത്മകഥ എന്നീ കൃതികളിലൂടെ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അദ്ദേഹം സത്യസന്ധമായും ആകർഷകമായും അവതരിപ്പിച്ചു. മഹത്തായ സൃഷ്ടികളെല്ലാം ജയിൽ ജീവിത കാലത്താണ് അദ്ദേഹം എഴുതിയത്. അടിയുറച്ച മതേതര വാദിയായിരുന്നു നെഹ്റു. പടിഞ്ഞാറിന്റെ മതനിരാസത്തെയല്ല കിഴക്കിന്റെ മത സമന്വയത്തെയാണ് ഇന്ത്യയുടെ ദർശനമായി അദ്ദേഹം സ്വീകരിച്ചത്.

1964 മേയ് 27 ‌നെഹ്റു അന്തരിച്ചു

മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ ​എഴുതി: എന്റെ ചിതാഭസ്മത്തിൽ നിന്ന് ഒരു പിടി ഗംഗയിൽ വിതറണം. വലിയ ഒരുഭാഗം ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി അലിഞ്ഞു ചേരട്ടെ.