ഒരു വാഴപ്പഴത്തിനു വില 375 രൂപ!! കാരണം?

നവീൻ മോഹൻ

വാഴപ്പഴം തിന്ന് അതിന്റെ തൊലി വലിച്ചെറിയുന്നതാണ് നമ്മളിൽ പലരുടെയും ശീലം; അല്ലെങ്കിൽ പഴത്തൊലി പശുവിനു കൊടുക്കും. പക്ഷേ ഒരൊറ്റ ചെറുപഴത്തിന് 375 രൂപ കൊടുത്ത് വാങ്ങിയതാണെങ്കിലോ? ആരായാലും ചിലപ്പോൾ തൊലിയടക്കം തിന്നു പോകും. ജപ്പാനില്‍ അതാണു സ്ഥിതി. അവിടെ ആഴ്ചയിൽ 10 വാഴപ്പഴം വിൽപനയ്ക്കെത്തും. ഒരെണ്ണത്തിനു വില 648 യെൻ ആണ്. അതായത് ഇന്ത്യൻ കണത്തിൽ 375 രൂപയോളം വരും.

ഇതിനു മാത്രം എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ! തൊലിയടക്കം കഴിക്കാൻ സാധിക്കുന്നതാണ് ഈ പഴം. വാഴപ്പഴത്തിനുള്ളില്‍ വർഷങ്ങളായി ഒളിച്ചിരുന്ന ഒരു ഡിഎൻഎയെ ഉത്തേജിപ്പിച്ചാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ ഈ വാഴപ്പഴം ഉൽപാദിപ്പിച്ചത്. അതിനൊരു പേരും നൽകി– മോൺഗേ വാഴപ്പഴം. ആ വാക്കിന്റെ അർഥമെന്താണെന്നറിയാമോ? അതീവ രുചികരം എന്ന്. 20,000 വർഷങ്ങൾക്കു മുൻപ് ഭൂമി മൊത്തം മഞ്ഞിൽ കുളിച്ചിരിക്കുകയായിരുന്നു. ശീതയുഗം എന്നായിരുന്നു അക്കാലത്തിനു പേര്. ശീതയുഗം അവസാനിച്ച് പതിയെ മഞ്ഞെല്ലാം ഉരുകിത്തുടങ്ങുന്ന സമയം. ശീതകാലത്ത് പല ചെടികളും ‘മടി പിടിച്ച്’ ഒതുങ്ങിക്കൂടുകയാണു പതിവ്. വാഴയും അങ്ങനെത്തന്നെ. പക്ഷേ വെയിൽ വന്നു തുടങ്ങിയതോടെ ചെടികൾ ഉഷാറായി. അങ്ങനെ അന്നുണ്ടായ തരം വാഴപ്പഴത്തിന്റെ തൊലിയും കഴിക്കാൻ സാധിക്കുമായിരുന്നു. പിന്നീട് കാലക്രമേണയാണു തൊലിയുടെ രുചി മാറിയത്. ജപ്പാനിലെ ഗവേഷകർ എന്തു ചെയ്തെന്നോ? അവർ വാഴക്കന്നിനെ ലാബിൽ മൈനസ് 60 ഡിഗ്രി സെൽഷ്യസിൽ വച്ചു തണുപ്പിച്ചു. എന്നിട്ട് നട്ടുപിടിപ്പിച്ചു. പതിയെപ്പതിയെ മഞ്ഞെല്ലാം ഉരുകിപ്പോകുന്ന അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് അതിലായിരുന്നു വാഴ വളർത്തിയത്. അതായത് 20,000 വർഷങ്ങൾക്കു മുന്‍പേ ഉണ്ടായിരുന്ന അതേ കാലാവസ്ഥയിൽ. അതോടെ വാഴയിൽ ‘ഉറങ്ങിക്കിടന്നിരുന്ന’ ഡിഎൻഎ ഉത്തേജിക്കപ്പെട്ടു. സാധാരണ ഒരു വർഷത്തിലേറെയെടുത്താണ് വാഴ കുലച്ച് പഴമുണ്ടാകുന്നത്. എന്നാൽ മോൺഗേ വാഴ വെറും നാലു മാസം കൊണ്ട് കുലച്ചു. കിട്ടിയതാകട്ടെ തൊലി ഉൾപ്പെടെ കഴിക്കാവുന്ന നല്ല ഉഗ്രന്‍ പഴവും. സാധാരണ വാഴപ്പഴത്തിൽ 18.3 ഗ്രാം ആണ് പഞ്ചസാരയുടെ അളവ്. മോൺഗേയിൽ അത് 24.8 ഗ്രാം ഉണ്ട്. പൂർണമായും ജൈവരീതിയിൽ ഉല്‍പാദിപ്പിച്ചതിനാല്‍ അതിന്റെ ഗുണം വേറെ.

പഴത്തിന്റെ തൊലിയിലാകട്ടെ വൈറ്റമിൻ ബി6, മഗ്നീഷ്യം എന്നിവയ്ക്കൊപ്പം ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും ഉണ്ടെന്നാണ് അവകാശവാദം. മാനസിക വളർച്ചയ്ക്കും നല്ല ഉറക്കത്തിനും സഹായിക്കുന്നതാണ് ട്രിപ്റ്റോഫാൻ. ജപ്പാനിലെ ഡി ആൻഡ് ടി ഫാം എന്ന കമ്പനിയാണ് ഈ തൊലിയും തിന്നാവുന്ന പഴത്തിന്റെ ഉൽപാദകർ. ആഴ്ചയിലൊരിക്കൽ 10 പഴങ്ങൾ വീതം ഒക്‌ലഹോമയിലെ ഡിപ്പാർട്മെന്റ് സ്റ്റോറിൽ വിൽപനയ്ക്കെത്തിക്കും. വില കൂടുതലാണെങ്കിലും വൈവിധ്യമാർന്ന പഴങ്ങളോട് ജപ്പാനിലുള്ളവർക്ക് ഏറെ താത്പര്യമാണ്. അതിനാൽത്തന്നെ എത്ര വില കൊടുത്താണെങ്കിലും അവർ ഈ വാഴപ്പഴം സ്വന്തമാക്കും. സംഗതി ജപ്പാനിൽ സൂപ്പര്‍ഹിറ്റാണെന്നു ചുരുക്കം.