ഒരു ഇന്ത്യക്കാരൻ എന്നു ചന്ദ്രനിൽ ഇറങ്ങും?  ഇസ്റോ മേധാവിയുടെ മറുപടി,  different types of wind, Padhippura, Manorama Online

ഒരു ഇന്ത്യക്കാരൻ എന്നു ചന്ദ്രനിൽ ഇറങ്ങും? ഇസ്റോ മേധാവിയുടെ മറുപടി

ഹായ് കിഡ്സ് കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ISRO - ഇസ്റോ) മേധാവി ഡോ.കെ. ശിവൻ മറുപടി നൽകുന്നു. മറ്റു ഗ്രഹങ്ങളിലും നമുക്കു പതിപ്പിക്കാം, മനുഷ്യസംസ്കാരത്തിന്റെ പാദമുദ്ര

കോവിഡ് ലോക്ഡൗണിൽ ഐഎസ്ആർഒ എങ്ങനെയാണു പ്രവർത്തിക്കുന്നത്?
ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് ഞങ്ങളും പ്രവർത്തിക്കുന്നത്. അടിയന്തരവും ഒഴിവാക്കാനാവാത്തതുമായ ജോലികളെല്ലാം മുന്നോട്ടു കൊണ്ടുപോയി. പക്ഷേ, ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ഞൂറോളം വ്യവസായശാലകളിലാണ്. അവയെ എല്ലാം ലോക്ഡൗൺ ബാധിച്ചു. അതൊക്കെ സാധാരണനിലയിലെത്താൻ സമയമെടുക്കും. നമ്മുടെ വിവിധ വിക്ഷേപണങ്ങൾ നടക്കണമെങ്കിൽ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിലെ ആളുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തണം. യാത്രാ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് അതിനും തടസ്സങ്ങളുണ്ടായി.

കോവിഡ് കാരണം നമ്മുടെ ബഹിരാകാശ പദ്ധതികൾ വൈകുമോ?
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ, ഐഎസ്ആർഒയ്ക്കുള്ള ബജറ്റ് വിഹിതവും കുറഞ്ഞേക്കാം. അതുകൊണ്ടു ചില പ്രോജക്ടുകൾ വൈകുമെന്നു നമ്മൾ കണക്കു കൂട്ടണം. ഇതേസമയം, രാജ്യം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ ഐഎസ്ആർഒ തയാറുമാണ്. വൈകാനിടയുള്ള ഷെഡ്യൂളുകൾ ഒക്കെ മറികടക്കാൻ നമുക്കു കഴിയും.

ഐഎസ്ആർഒയ്ക്ക് മികച്ച ശാസ്ത്ര–സാങ്കേതിക സംവിധാനങ്ങളും പ്രതിഭകളുമുണ്ടല്ലോ. കോവിഡിനെതിരായ പോരാട്ടത്തിൽ എങ്ങനെയാണ് ഇസ്റോ പങ്കാളികളാകുന്നത്?
ഐഎസ്ആർഒ തയാറാക്കിയ 3 വെന്റിലേറ്റർ ഡിസൈനുകൾ ആശുപത്രികളിൽ പരിശോധനാഘട്ടത്തിലാണ്. ചില ഐഎസ്ആർഒ കേന്ദ്രങ്ങളിൽ സാനിറ്റൈസർ ഉൽപാദിപ്പിച്ചു. ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുകളിൽ നവീന ആശയങ്ങൾ ടീമിലെ ചിലർ മുന്നോട്ടു വച്ചിട്ടുണ്ട്. ഐഎസ്ആർഒ ജീവനക്കാരുടെ വിവിധ സംഘടനകൾ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ നടത്തുന്നു.

ജനിച്ച ഭൂമി വിട്ട്, മറ്റേതെങ്കിലും ഗ്രഹത്തിൽ മരിക്കാനാണ് ആഗ്രഹമെന്ന് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക് പറഞ്ഞിട്ടുണ്ടല്ലോ. ഇത് എന്നെങ്കിലും നടക്കുന്ന കാര്യമാണോ? അങ്ങേയ്ക്ക് അങ്ങനെ എന്തെങ്കിലും സ്വപ്നമുണ്ടോ?
ഇലോൺ മസ്ക് പറയുന്നതിൽ കാര്യമുണ്ട്. മറ്റു ഗ്രഹങ്ങൾ ലക്ഷ്യം വയ്ക്കാവുന്ന വിധം നമ്മുടെ സാങ്കേതിക വിദ്യ വികസിച്ചു കഴിഞ്ഞു. ഇന്നല്ലെങ്കിൽ നാളെ മനുഷ്യരാശി ഏതെങ്കിലും ഗ്രഹങ്ങളിലേക്ക് കുടിയേറും. പക്ഷേ, മസ്ക് പറഞ്ഞതിനെ ഞാൻ ഇങ്ങനെ മാറ്റിപ്പറയും: മരിക്കാൻ വേണ്ടിയല്ല; മനുഷ്യ സംസ്കാരത്തിന്റെ പാദമുദ്ര വ്യാപിപ്പിക്കാൻ നമുക്ക് മറ്റു ഗ്രഹങ്ങളിലേക്കു പോകാം.’

വരാനിരിക്കുന്ന ഇസ്റോ പദ്ധതികളിൽ ഏതാണ് അങ്ങയെ ഏറ്റവും ആവേശം കൊള്ളിക്കുന്നത്?
ഏറ്റവും ആവേശകരമായ പദ്ധതി ഗഗൻയാൻ ആണ്. ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തു പോകുന്നു.ചന്ദ്രയാൻ 3 അതുപോലെ തന്നെ. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് എന്ന ലക്ഷ്യത്തിലേക്കാണു നമ്മൾ ഉറ്റുനോക്കുന്നത്. പിന്നെ, സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ചും അതു ഭൂമിയിലുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചും പഠിക്കുന്ന ആദിത്യ. എല്ലാം ആവേശം തരുന്ന പദ്ധതികളാണ്.

സൂര്യന്റെ സമീപത്ത് പോകാതെ എങ്ങനെയാണ് അതിനെ പഠിക്കാൻ കഴിയുക?
പ്രകാശത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമേഖലയായ ഒപ്റ്റിക്സ് (optics) ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്. സൗരമണ്ഡലത്തിലെ ലഗ്രാഞ്ചിയൻ പോയിന്റ് (എൽ1) എന്നറിയപ്പെടുന്ന മേഖലയിൽ നിന്നാകും ആദിത്യമിഷനിൽ സൂര്യനെ പഠിക്കുക. ഈ പോയിന്റിൽ, സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം പരസ്പരം ബാലൻസ് ചെയ്യും. ഭൂമിയും സൂര്യനും തമ്മിലുള്ള ഏകദേശ അകലം 15 കോടി കിലോമീറ്റർ ആണ്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലത്തിലാണ് എൽ1 .

ഒരു ഇന്ത്യക്കാരൻ എന്നു ചന്ദ്രനിൽ ഇറങ്ങും?
അധികം വൈകാതെ, നിങ്ങളുടെ കാലത്തു തന്നെ അതു കാണാൻ പറ്റും.

ഞാൻ ഒരു ഒന്നാം ക്ലാസുകാരനാണ്. എനിക്ക് അവധിയാഘോഷിക്കാൻ ചന്ദ്രനിൽ പോകാൻ എന്നു കഴിയും?
ബഹിരാകാശ വിനോദസഞ്ചാരം (space tourism) ആവേശകരമായ ഒരു മേഖലയാണ്. വിമാനയാത്ര പോലെ ബഹിരാകാശ യാത്രയും അങ്ങേയറ്റം സുരക്ഷിതമാകുന്ന ഒരു കാലം വരുമെന്ന് എനിക്കുറപ്പുണ്ട്. അപ്പോൾ നമ്മളെപ്പോലെ സാധാരണക്കാരായവർക്കും, വലിയ പരിശീലനം കൂടാതെ ബഹിരാകാശത്തേക്കു സഞ്ചരിക്കാനാകും. നമുക്കു കാത്തിരിക്കാം.

(തുടരും)

ചോദ്യങ്ങൾ: ആര്യൻ പ്രദീപ്, ഒന്നാം ക്ലാസ്, ജിഎൽപിഎസ്, മണ്ണടി, ജുവാന യേശുദാസ്, ബിഷപ് മൂർ വിദ്യാപീഠ്, കല്ലുമല, മാധവ് എ. നായർ, കേന്ദ്രീയ വിദ്യാലയ, ആലുവ, വൈഗ എസ്. ബാബു, നമ്പ്രത്തുകര യുപി സ്കൂൾ, നടുവത്തൂർ, കൊയിലാണ്ടി വി.കെ. കാശിനാഥ്, കേന്ദ്രീയ വിദ്യാലയ1, കോഴിക്കോട് മാത്യൂസ് ബിനു, ഓറിസോൺ അക്കാദമി സ്കൂൾ, കോയമ്പത്തൂർ ആദം സഖറിയ അനിൽ, ടികെഎം സെന്റിനറി പബ്ലിക് സ്കൂൾ, കൊല്ലം ഷിബിൻ ഷിബു, സിസ്റ്റർ എലിസബത്ത് ജോയൽ സിഎസ്ഐ സ്കൂൾ, ആറ്റിങ്ങൽ.

(ഒരേ ചോദ്യങ്ങൾ ഒട്ടേറെ കൂട്ടുകാർ ചോദിച്ചിരുന്നു. അവയിൽ ഏറ്റവും ആദ്യം ചോദിച്ചവരുടേതാണ് ഉൾപ്പെടുത്തിയിട്ടുള്ളത്)