അയൺമാനും ബാറ്റ്മാനും യുദ്ധം ചെയ്താൽ!

സൂപ്പർ ഹീറോ പ്രപഞ്ചത്തിലെ പ്രധാന താരങ്ങളാണ് അയൺമാനും ബാറ്റ്മാനും. സാധാരണ സൂപ്പർ ഹീറോകൾക്ക് ജനിക്കുമ്പോൾ തന്നെയോ (സൂപ്പർമാൻ), ഏതെങ്കിലും അപകടങ്ങളിലൂടെയോ (സ്പൈഡർമാൻ) ആവാം അമാനുഷ കഴിവുകൾ ലഭിക്കുക. എന്നാൽ സൂപ്പർമാനും ബാറ്റ്മാനും കഴിവുകൾ നേടിയെടുത്തത് തങ്ങളുടെ സാങ്കേതികമായ അറിവും ബുദ്ധിശക്തിയും ഉപയോഗിച്ചാണ്. ഇവരിൽ ആരാണു കൂടുതൽ കേമൻ.....?

ഐയാം വെയ്ൻ ഹി ഈസ് സ്റ്റാർക്
അപരവ്യക്തിത്വങ്ങളാണ് അയൺമാനും ബാറ്റ്മാനും. ടോണി സ്റ്റാർക്ക് എന്ന കഥാപാത്രമാണ് അയൺമാനാകുന്നത്. കോടീശ്വരൻ, ശാസ്ത്രജ്‍ഞൻ, വ്യവസായ ഉടമ, സുന്ദരൻ,പ്രതിഭ... ഇങ്ങനെ പല കാര്യങ്ങളിൽ കേമനാണ് ടോണി സ്റ്റാർക്ക്. ഇടയ്ക്കിടെ ബാറ്റ്മാനാകുന്ന ബ്രൂസ് വെയ്നും വ്യത്യസ്തനല്ല, ഇദ്ദേഹവും ഒരു കോടീശ്വരൻ തന്നെ. ടോണി സ്റ്റാർക്കിന്റെ അത്രയില്ലെങ്കിലും സാങ്കേതികവിദ്യ മനസ്സിലാക്കുന്നതിലും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും മിടുമിടുക്കൻ.

സാങ്കേതികവിദ്യ കൂട്ടുകാർ
കംപ്യൂട്ടർ എൻജിനീയറിങ്,ഫിസിക്സ്,മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫോറൻസിക് സയൻസ്– ഇവയിൽ വിരുതനാണ് ബാറ്റ്മാൻ. ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ന്യൂക്ലിയർ സയൻസ്, എൻജിനീയറിങ്... അയൺമാനു പിടിയില്ലാത്ത ശാസ്ത്ര–സാങ്കേതികമേഖലകൾ കുറവ്.


ബാറ്റ്മാന്റെ സ്യൂട്ട് നമുക്കെല്ലാം ചിരപരിചിതമാണ്. കറുത്ത് വവ്വാലിനെപ്പോലെയുള്ള വേഷം. കെവ്ളാർ എന്ന ഫൈബർ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. റേസിങ് കാറുകളുടെ ടയറുകളിൽ ഉപയോഗിക്കുന്ന വസ്തുവായിരുന്നു ഇത്. ശരീരത്തോട് ഒട്ടിക്കിടക്കുന്നരീതിയിലുള്ള സ്യൂട്ട് അനായാസം തെന്നിനീങ്ങാൻ ബാറ്റ്മാനെ അനുവദിക്കും. അതിനൂതനസാങ്കേതിക സംവിധാനങ്ങളടങ്ങിയ സ്യൂട്ടുകളാണ് അയണ്‍മാന് അതിമാനുഷ ശക്തികൾ നൽകുന്നത്. പല ഉപയോഗങ്ങൾക്കു വേണ്ടി വിവിധ ശേഷികളുള്ള പലതരം സ്യൂട്ടുകൾ അയൺമാനു സ്വന്തമായുണ്ട്.

പ്രധാന ആയുധങ്ങൾ/ ഉപകരണങ്ങൾ

ബാറ്റ്മാൻ
ബാറ്ററാങ്- ബൂമറാങ് പോലുള്ള ആയുധം. സ്ഫോടകവസ്തുക്കൾ നിറച്ചത്,വൈദ്യുതശക്തിയുള്ളത്.. തുടങ്ങി ഒട്ടേറെ ബാറ്ററാങ്ങുകൾ ബാറ്റ്മാന്റെ കൈവശമുണ്ട്.
ബാറ്റ് ലാസോ - ഓടുന്ന വില്ലൻമാരെ പിടിച്ചുകെട്ടാൻ ബാറ്റ്മാൻ ഉപയോഗിക്കുന്ന നൈലോൺ ചരട്.
ബാറ്റ് ഗ്രാപ്പിൾ- ഉയരമുള്ള കെട്ടിടങ്ങളിലും മറ്റും പിടിച്ചുകയറാൻ ബാറ്റ്മാനെ അനുവദിക്കുന്ന ടൂൾ‌.
ഷോക് ഗ്ലോവ് -
ബാറ്റ്മാന്റെ ട്രേഡ്മാർക്കായ ഈ കൈയ്യുറയിൽ നിന്നും വില്ലൻമാരെ വൈദ്യുതി കൊണ്ട് ഷോക്കടിപ്പിക്കും.
കൗൾ- ബാറ്റ്മാൻ ഉപയോഗിക്കുന്ന മാസ്ക്. എതിരാളികളെ തുരത്താനുള്ള ചില വൈദ്യുത സംവിധാനങ്ങളൊക്കെ ഇതിലുണ്ട്. ഇതിലെ പ്രത്യേക ലെൻസുകൾ രാത്രിയിൽ കാണാൻ സാധിക്കുന്ന തെർമൽ വിഷൻ സാധ്യമാക്കുന്നവയാണ്.

അയൺമാൻ

റിപ്പൾസർ ബീംസ് -ഊർജമൊളിപ്പിച്ച ഈ തരംഗങ്ങൾ അയൺമാൻ സ്യൂട്ടിന്റെ കൈപ്പത്തിഭാഗത്തു നിന്നു പുറപ്പെട്ടു ശത്രുവിനെ തറപറ്റിക്കും.
യൂണിബീം ചെസ്റ്റ് പ്രൊജക്ടർ -അയൺമാന്റെ നെഞ്ചിലുള്ള ആർക് റിയാക്ടറുമായി ബന്ധപ്പെട്ട ഭാഗം. അത്യന്തം വിനാശകാരിയായ രശ്മികൾ ഇതിൽ നിന്നു പുറപ്പെടും.
സെൻസർ അരേ - ലിഡാർ, റഡാർ വിവിധ സ്കാനുകൾ തുടങ്ങി പലവിധ സെൻസറുകൾ എതിരാളികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സമഗ്രവിവരങ്ങൾ അയൺമാനു നൽകും.

ഇൻഫ്രാറെ‍ഡ് വിഷൻ
അഥവാ തെർമൽ വിഷൻ–മനുഷ്യശരീരം, മറ്റു ചൂടുകൂടിയ വസ്തുക്കൾ തുടങ്ങിയവയിൽ നിന്നൊക്കെ ഇൻഫ്രാറെ‍ഡ് വികിരണങ്ങൾ പുറപ്പെടും. ഇവ ഒരു ഡിറ്റക്ടർ ഉപയോഗിച്ച് പിടിച്ചെടുത്ത് ഇരുട്ടിൽ കാഴ്ച സാധ്യമാക്കുന്ന സാങ്കേതികവിദ്യ.

ലിഡാർ
സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളുടെ മുകളിൽ തൊപ്പി പോലെ ഒരു സംഭവം ഉണ്ടാകും. ഇവയാണ് ലിഡാർ .ലേസർ രശ്മികൾ ഉപയോഗിക്കുന്ന, റഡാർ പോലെയുള്ള ഡിറ്റക്‌ഷൻ സംവിധാനമാണ് ഇത്.

എവിടുത്തുകാരാ ഇവരൊക്കെ?
ഗോഥം എന്ന സാങ്കൽപിക നഗരം.ന്യൂയോർക് നഗരത്തിന്റെ മാതൃകയിലാണ് നഗരം കോമിക്കിൽ ഒരുക്കിയിരിക്കുന്നത്. ഗോഥം എന്നു പറയുന്നതു തന്നെ ന്യൂയോർക്കിന്റെ പഴയൊരു വിളിപ്പേരാണ്. ന്യൂയോർക്ക് സ്വദേശിയാണ് അയൺമാൻ. അദ്ദേഹത്തിന്റെ സ്ഥാപനമായ ‘സ്റ്റാർക്ക് ഇന്റർനാഷനൽ’ ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ സ്ഥിതി ചെയ്യുന്നെന്നു കഥ.

രണ്ടുപേരും പറക്കുമോ?
വവ്വാൽ എന്നർഥം വരുന്ന ബാറ്റ് പേരിൽ ഉണ്ടെങ്കിലും ബാറ്റ്മാൻ പറക്കില്ല. ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നു മറ്റുള്ളവയിലേക്കു പോകാൻ ബാറ്റ്മാന്റെ പുറകിലുള്ള ഡേപ് (കറുത്ത ഷോൾ പോലെയുള്ള തുണി) സഹായിക്കും. പറക്കലല്ല, മറിച്ച് ഒരുതരം ഗ്ലൈഡിങ്. അയൺമാന് ആകാശയാത്ര ഇഷ്ടം പോലെ നടത്താം. തന്റെ സ്യൂട്ട് ധരിക്കുമ്പോൾ മാത്രം.

ഗ്ലൈഡിങ്
പ്രത്യേകിച്ച് എന്‍ജിനുകളോ ഊർജശ്രോതസ്സുകളോ ഇല്ലാതെയുള്ള പറക്കലാണ് ഗ്ലൈഡിങ്.ബഹിരാകാശ ഷട്ടിലുകള്‍ ഗ്ലൈഡ് ചെയ്താണു തിരികെ ഭൂമിയിലേക്കു ലാൻഡ് ചെയ്യുന്നത്.

ആർക്കാണ് കൂടുതൽ പണം?
ലോകത്തിലെ ഏറ്റവും ധനികരായ സൂപ്പർ ഹീറോസിൽ രണ്ടാം സ്ഥാനത്താണ് അയൺമാൻ. 12.4 ബില്യൺ യുഎസ് ഡോളർ ആസ്തി. 9.2 ബില്യൺ യുഎസ് ഡോളറുമായി തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തു ബാറ്റ്മാൻ ഹാജരുണ്ട്. ഒരു യുഎസ് ഡോളർ‌ 64.27 ഇന്ത്യൻ രൂപ. ഒരു ബില്യൺ 100 കോടി. അങ്ങനെയെങ്കിൽ എത്ര കോടി രൂപകാണും ഈ ധനികൻമാർക്ക്? ഒന്നു കണക്കുകൂട്ടിക്കേ..

രണ്ടുപേരും യുദ്ധം ചെയ്താൽ
‌ അയൺമാനും ബാറ്റ്മാനും കൂടി യുദ്ധമുണ്ടായാൽ ആരുജയിക്കും? ശാസ്ത്രീയമായി ഒന്നാലോചിച്ചാലോ? ബാറ്റ്മാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളേക്കാൾ പലമടങ്ങ് കരുത്തുറ്റതാണ് അയൺമാന്റെ സ്യൂട്ട്. അതിനാൽ വിജയസാധ്യത അൽപം കൂടുതൽ അയൺമാനാണ്. എന്നാൽ കരാട്ടെ , തായ്ക്വൊണ്ടോ, ജൂഡോ , കെൻഡോ തുടങ്ങി 127 ആയോധനകലൾ ബാറ്റ്മാനറിയാം. അതിനാൽ സ്യൂട്ടില്ലാതെ യുദ്ധം ചെയ്താൽ ബാറ്റ്മാൻ അഥവാ ബ്രൂസ് വെയ്ൻ ടോണി സ്റ്റാർക്കിനെ മലത്തിയടിക്കുമെന്ന് ഉറപ്പ്.