ബഹിരാകാശത്ത് മനുഷ്യന്‍ എത്തിയതിങ്ങനെ!

തയാറാക്കിയത്: സുനിൽ തോമസ് തോണിക്കുഴിയില്‍


ശീതസമരവും സ്പേസ് റേസും
ലോകത്തെ പിടിച്ചുലച്ച രണ്ടാംലോക മഹായുദ്ധം 1945ലാണ് അവസാനിച്ചത്. തുടർന്ന് രാജ്യാന്തരതലത്തിൽ പല മാറ്റങ്ങളുമുണ്ടായി. ലോകരാഷ്ട്രങ്ങളെല്ലാംതന്നെ രണ്ടു ചേരികളായി തിരിഞ്ഞു. ഒരു പക്ഷം അമേരിക്കയുടെ നേതൃത്വത്തിലും മറുപക്ഷം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലും. വിവിധ രംഗങ്ങളിൽ മേൽക്കൈനേടുന്നതിന് ഇരു ചേരികളും മൽസരം തുടങ്ങി. സൈനിക ആവശ്യത്തിന് വേണ്ട നൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിന് രണ്ടു ചേരികളും നിരന്തരം പരിശ്രമിച്ചു. 1945 മുതൽ 1991 വരെ ഇത് നീണ്ടു. ശീതയുദ്ധകാലം എന്നാണ് ഈ കാലയളവിനെ ചരിത്രകാരൻമാർ വിശേഷിപ്പിക്കാറ്. ഇക്കാലത്ത് സൈനിക ആവശ്യത്തിനു വേണ്ടി വികസിപ്പിച്ച പല സാങ്കേതികവിദ്യകളും നാം ഇപ്പോൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട്. ശീതയുദ്ധകാലത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സാങ്കേതിക മേഖലയാണ് ബഹിരാകാശ ഗവേഷണം. ബഹിരാകാശത്ത് കിട്ടുന്ന മേൽക്കൈ ഭാവിയിൽ സൈനികമായും സാമ്പത്തികമായും ഗുണം ചെയ്യുമെന്ന് രണ്ടുകൂട്ടരും തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് സ്പേസ് റെയ്‌സ് (space race) ആരംഭിക്കുന്നത്. റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും മനുഷ്യനിർമിതമായ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനും വലിയ പ്രോത്സാഹനമാണ് ഇക്കാലത്ത് ഇരു ചേരികളിലെയും ശാസ്ത്രജ്ഞൻമാർക്ക് ലഭിച്ചത്.

ആസ്ട്രനോട്ടും കോസ്മോനോട്ടും
ഇക്കാലത്ത് ബഹിരാകാശത്ത് മനുഷ്യന് കടന്നെത്താനാവുമോ എന്ന് രണ്ടു വൻശക്തികളും ഗൗരവപൂർവം ആലോചിക്കാൻ തുടങ്ങി. സോവിയറ്റ് യൂണിയൻ 1957ൽ സ്പുട്നിക്ക് എന്ന റോക്കറ്റ് വിക്ഷേപിച്ചതോടെ രംഗം ചൂടുപിടിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞർ ഇതിനോട്‌ പ്രതികരിച്ചത് മെർക്കുറി റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ടാണ്. ആരാകും ആദ്യം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്നു. വളരെ കുറഞ്ഞ താപനിലയും അന്തരീക്ഷമർദവും ഗുരുത്വാകർഷണബലവുമുള്ള ബഹിരാകാശത്ത് ജീവൻ നിലനിർത്താൻ ധാരാളം മുൻകരുതലുകൾ ആവശ്യമാണ്. സഞ്ചാരികൾക്ക് ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ പരിശീലനവും വേണം. അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചു. അമേരിക്കൻ സഞ്ചാരികളെ ആസ്ട്രനോട്ടുകളെന്നും സോവിയറ്റ് സഞ്ചാരികളെ കോസ്മോനോട്ടുകളെന്നുമാണ് വിളിച്ചിരുന്നത്.

വോസ്റ്റോക്കും മെർക്കുറിയും
ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് അമേരിക്കക്കാരെ ഞെട്ടിച്ചുകൊണ്ടാണ് 1957ൽ സോവിയറ്റു യൂണിയൻ സ്പുട്നിക്ക് വിക്ഷേപിച്ചത്. അമേരിക്കയും മൽസരത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. 1958ൽ അവരുടെ ആദ്യ ഉപഗ്രഹമായ എക്സ്പ്ലോറർ 1 വിക്ഷേപിച്ചു. രണ്ടു രാജ്യങ്ങളും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതികൾ രഹസ്യമായി ആവിഷ്കരിച്ചു. അമേരിക്കൻ ബഹിരാകാശ പദ്ധതിയെ മെർക്കുറി എന്നും സോവിയറ്റ് പദ്ധതിയെ വോസ്റ്റോക്ക് എന്നുമായിരുന്നു വിളിച്ചിരുന്നത്. 1961 ആയപ്പോഴേക്കും ഇരുരാജ്യങ്ങളും മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കി. ഇതിനിടെ ലെയ്ക എന്ന നായയെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്തെത്തിച്ചു. രണ്ടു വൻശക്തികളും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതികളുമായി അതിവേഗം മുന്നോട്ടുപോയി. ഒന്നാമതെത്താൻ ഇരു രാജ്യങ്ങളിലെയും ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതൃത്വവും ധൃതികൂട്ടി.

ഗഗാറിനും ടിറ്റോവുംമ
ബഹിരാകാശ യാത്രയ്ക്ക് കോസ്മോനോട്ടുകളെ തിരഞ്ഞെടുത്തത് സൈന്യത്തിലെ പൈലറ്റ്മാരിൽ നിന്നായിരുന്നു. പ്രാഥമിക പരിശീലനത്തിനായി സോവിയറ്റ് അധികൃതർ 20 പേരെ തിരഞ്ഞെടുത്തു. അതിൽ നിന്ന് ആറു പേരെ തീവ്രപരിശീലനത്തിനയച്ചു. അവസാന പട്ടിക യൂറി ഗഗാറിൻ, ഗെർമൻ ടിറ്റോവ് എന്നിവരിലേക്ക് ചുരുക്കി. 1961 ഏപ്രിൽ 12 നാണ് യാത്ര നിശ്ചയിച്ചത്. അതിന് മൂന്നു ദിവസം മുൻപ്, യൂറിഗഗാറിനായിരിക്കും ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ മനുഷ്യൻ എന്ന് അധികൃതർ തീരുമാനിച്ചു. (ടിറ്റോവ് 1961 ഓഗസ്റ്റിൽ വോസ്‌റ്റോക്ക് 2ൽ ബഹിരാകാശത്തുകൂടി 17 തവണ ഭൂമിയെ വലംവച്ചു). യൂറിഗഗാറിൻ 1934 മാർച്ച് ഒൻപതിന് റഷ്യയിലെ ക്ലുഷാനോ എന്ന സ്ഥലത്ത് കർഷക കുടുംബത്തിലാണ് ജനിച്ചത്. ടെക്നിക്കൽ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഗഗാറിൻ 1955ൽ സോവിയറ്റ് സൈന്യത്തിൽ ചേർന്നു. ബഹിരാകാശത്തേക്ക് പറക്കുമ്പോൾ 27 വയസ്സായിരുന്നു.

വോസ്റ്റോക്കിന്റെ വിക്ഷേപണം
1961 ഏപ്രിൽ 12ന് രാവിലെ, മോസ്കോ സമയം 5.30. മനുഷ്യചരിത്രത്തിലെ പുതിയ ഒരു കുതിച്ചുചാട്ടത്തിന് കളമൊരുങ്ങി. യാത്രയ്ക്കു വേണ്ട തയാറെടുപ്പുകൾ തുടങ്ങുന്നു. വോസ്റ്റോക്ക് I എന്ന ബഹിരാകാശ വാഹനം വിക്ഷേപണസജ്ജമായി നിൽക്കുന്നു. സ്പേസ് സ്യൂട്ട് അണിഞ്ഞ് ഗഗാറിൻ യാത്രയ്ക്കു തയാർ. തെക്കൻ കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ്‌ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ബഹിരാകാശ സഞ്ചാരം വളരെ വിഷമതകൾ നിറഞ്ഞതാണ്. ഭൂമിക്കു മുകളിൽ നൂറു കിലോമീറ്റർ ദൂരത്തിനപ്പുറമാണ് നാം ബഹിരാകാശമായി കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് അകലം കൂടുന്തോറും അന്തരീക്ഷമർദവും താപനിലയും കുറയും. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ കാര്യവും അങ്ങനെതന്നെ. ബഹിരാകാശത്ത് മനുഷ്യന്റെ തലച്ചോറും ശരീരവും എങ്ങനെ പ്രവർത്തിക്കും എന്ന് അക്കാലത്ത് ആർക്കും തിട്ടമില്ലായിരുന്നു. അതിനാൽ വോസ്റ്റോക്കിന്റെ നിയന്ത്രണം ഓട്ടമാറ്റിക്കായി നടക്കുന്ന രീതിയിലാണു ക്രമീകരിച്ചിരുന്നത്. എങ്കിലും അത്യാവശ്യഘട്ടത്തിൽ യാത്രക്കാരനു വാഹനത്തിന്റെ നിയന്ത്രണം ഒരു രഹസ്യകോഡ് ഉപയോഗിച്ച് ഏറ്റെടുക്കാം. യാത്ര തുടങ്ങുന്നതിനു തൊട്ടുമുൻപ് അധികൃതർ ഈ കോഡ് ഗഗാറിന് കൈമാറി. സമയം രാവിലെ 9.07. ഒരുക്കങ്ങൾ എല്ലാം പൂർണം. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പൂജ്യത്തിലേക്ക് എത്തുന്നു. ഭൗമനിലയത്തിലെ റേഡിയോയിൽ ഗഗാറിന്റെ ശബ്ദം മുഴങ്ങി “poyekhali.”(ഞാൻ പോകട്ടെ).

ഭൂമിക്ക് ചുറ്റും
9.07ന് കുതിച്ചുയർന്ന വിക്ഷേപണ വാഹനത്തിന്റെ ഒന്നാംഘട്ട റോക്കറ്റ് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വേർപെട്ടു. ആറു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാംഘട്ടവും. 9.18 ആയപ്പോൾ ഗഗാറിൻ ബഹിരാകാശത്തെത്തി. വോസ്റ്റോക്ക് ഭൂമിയെ ചുറ്റാൻ തുടങ്ങി. ഇനി കൃത്യമായ ഭ്രമണപഥത്തിലൂടെ അറ്റ്ലാന്റിക്കും പസിഫിക്കും കടന്ന് തിരിച്ചെത്തണം. 9.48 ആയപ്പോഴേക്കും വോസ്റ്റോക്ക് ഭൂമധ്യരേഖ കടന്നു. ഈ ഭാഗത്ത് അപ്പോൾ രാത്രിയാണ്. 10.10 ആയപ്പോൾ വീണ്ടും സൂര്യപ്രകാശം കാണാൻ തുടങ്ങി. തിരിച്ചിറങ്ങാനുള്ള സമയം അടുത്തു. ഇതിനിടെ ഗഗാറിൻ പലതവണ ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങളയച്ചു. വോസ്‌റ്റോക്കിന്റെ ഭ്രമണപഥത്തിന് ഭൂമിയിൽ നിന്നുള്ള പരമാവധി ദൂരം (apogee) 327 കിലോമീറ്ററും കുറഞ്ഞ ദൂരം (Perigee) 169 കിലോമീറ്ററുമായിരുന്നു.

തിരിച്ചുവരവ്
ബഹിരാകാശ വാഹനങ്ങൾ ഭൂമിയിലേക്ക് തിരിച്ചിറക്കുന്നത് അത്യന്തം അപകടംപിടിച്ച ഒരു ജോലിയാണ്. ഭൂമിയോട് അടുക്കുന്തോറും വാഹനത്തിന്റെ വേഗം വല്ലാതെ വർധിക്കും. കൃത്യമായ കണക്കുകൂട്ടലുകളോടെ പുനഃപ്രവേശം നടത്തിയില്ലെങ്കിൽ യാത്രികൻ അപകടത്തിലായേക്കാം. സമയം 10.25. വോസ്റ്റോക്കിന് തിരിച്ചിറങ്ങാനുള്ള സമയമായി. ഇതിനുവേണ്ട റിട്രോ റോക്കറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഈ റോക്കറ്റുകൾ വോസ്റ്റോക്കിന്റെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ വാഹനത്തെ സഹായിക്കും. അതിവേഗത്തോടെ പേടകം ഭൂമിയോട് അടുക്കുകയാണ്. ഭൂമിയിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെവച്ച് 10.42ന് ഗഗാറിനെ പുറത്തെത്തിക്കാനുള്ള പാരഷൂട്ട് വാഹനത്തിൽനിന്ന് വേർപെട്ടു. 10.55ന് സെമേലാവ്ക എന്ന ഗ്രാമത്തിൽ വിജയകരമായി ഗഗാറിൻ നിലത്തിറങ്ങി. താഴെയിറങ്ങിയ ഗഗാറിനെ ഒരു കൃഷിക്കാരിയും മകളുമാണ് ആദ്യം കണ്ടത്. ഒന്നു പേടിച്ചെങ്കിലും ഗഗാറിനെ സ്പേസ് സ്യൂട്ടിൽ നിന്ന് പുറത്തുകടക്കുന്നതിനും തുടർന്ന് വിക്ഷേപണ കേന്ദ്രവുമായി ബന്ധപ്പെടുന്നതിനും അവർ സഹായിച്ചു.

ഒരു ഹീറോ ജനിക്കുന്നു
ബഹിരാകാശത്തു നിന്നു തിരിച്ചെത്തിയ ഗഗാറിന് രാജകീയ വരവേൽപാണ് ലഭിച്ചത്. ഒറ്റദിവസംകൊണ്ട് അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഹീറോ ആയി മാറി. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ഒന്നാം പേജിൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നു. ഗഗാറിനെ സുപ്രീം സോവിയറ്റിൽ ഡെപ്യൂട്ടി ആയി നിയമിച്ചു. സോവിയറ്റ് ബഹിരാകാശ പദ്ധതി കൂടുതൽ നേട്ടങ്ങളോടെ മുന്നേറി. പിന്നീടും ഗഗാറിൻ സൈന്യത്തിൽത്തന്നെ തുടർന്നു. യുദ്ധവിമാനങ്ങളുടെ പരിശീലന പറത്തലായിരുന്നു പ്രധാന ജോലി. 1968ൽ പരിശീലനപ്പറക്കലിനിടെ മിഗ് വിമാനം തകർന്നാണ് ഗഗാറിൻ അന്തരിച്ചത്. ബൈക്കന്നൂറിൽ വോസ്റ്റോക്ക് വിക്ഷേപിച്ച ഇടത്തെ ഇപ്പോൾ ഗഗാറിൻ സ്റ്റാർട്ട് എന്നാണ് വിളിക്കുന്നത്.

ലെയ്ക്ക
ഗഗാറിന്റെ യാത്രയ്ക്കു മുന്നോടിയായി സോവിയറ്റ് യൂണിയൻ 1957ൽ ഒരു നായയെ ബഹിരാകാശത്തേക്ക് അയച്ചു. മോസ്കോ നഗരത്തിൽ അലഞ്ഞുനടന്നിരുന്ന ലെയ്ക്ക എന്ന തെരുവുനായ ആയിരുന്നു അത്. ബഹിരാകാശത്തെത്തി മൂന്നു–നാലു മണിക്കൂറിനുള്ളിൽ അമിതമായ ചൂടുകാരണം ജീവൻ വെടിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. അക്കാലത്ത് ബഹിരാകാശത്തു പോയ വസ്തുക്കള തിരിച്ചുകൊണ്ടുവരാനുള്ള വിദ്യ മനുഷ്യൻ സ്വായത്തമാക്കിയിരുന്നില്ല. ലെയ്ക്കയെ കൊണ്ടുപോയ സ്പുട്നിക് 1958ൽ ഭൗമാന്തരീക്ഷത്തിലേക്ക് സ്വയം തിരിച്ചുകയറി കത്തിയമർന്നു.

അലൻ ഷെപ്പേർഡ്
ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ പൗരനാണ് അലൻ ഷെപ്പേർഡ്. 1961 മേയിൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഫ്രീഡം 1 എന്ന വാഹനത്തിലാണ് ഷെപ്പേർഡ് ബഹിരാകാശത്ത് എത്തിയത്. പത്തു വർഷത്തിനുശേഷം ഇദ്ദേഹം വീണ്ടും ബഹിരാകാശത്ത് സഞ്ചരിക്കുകയും ചന്ദ്രനിൽ ഇറങ്ങുകയും ചെയ്തു.

രാകേഷ് ശർമ്മ
ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ. സോവിയറ്റ് വാഹനമായ സോയൂസ് T- 11 ൽ 1984 ഏപ്രിൽ രണ്ടിനാണ് രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയത്. ഏഴു ദിവസം കഴിഞ്ഞ് ഭൂമിയിൽ മടങ്ങിയെത്തി.

വാലന്റീന തെരഷ്കോവ
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ വനിതയാണ് വാലന്റീന തെരഷ്കോവ. സോവിയറ്റ് യൂണിയൻ 1963 ജൂൺ 16ന് വിക്ഷേപിച്ച വോസ്റ്റോക്ക് 6 എന്ന വാഹനത്തിലാണ് വാലന്റീന ബഹിരാകാശത്ത് എത്തിയത്.