40 ലക്ഷം മുട്ടകൾ, 70 മണിക്കൂർ; വേഗത ‘പാര’യായ മീൻ!

തയാറാക്കിയത്: നന്ദകുമാർ ചേർത്തല

കൗതുകങ്ങളുടെ കലവറയാണ് കടലും കടൽജീവികളും. ചില മീൻ കൗതുകങ്ങൾ കേട്ടോളൂ.

ലോകത്തിൽ ഏറ്റവും വേഗത്തിൽ നീന്താൻ കഴിയുന്ന ജീവി ഏതാണെന്ന് അറിയാമോ? മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ നീന്തുന്ന സെയ്ൽഫിഷാണ് ഈ റെക്കോർഡിനുടമ.

അറ്റ്ലാന്റിക്, കരീബിയൻ സമുദ്രങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. ഈ വേഗത ഒരുതരത്തിൽ ഇവർക്കു ‘പാര’യുമാണ്. എങ്ങനെയെന്നോ? കുതിച്ചുപായുന്ന സെയ്ൽഫിഷിനെ സാഹസികമായി പിടികൂടുന്നത് വലിയ സമ്മാനത്തുകയുള്ള കടൽവിനോദമാണ്.

കൂർത്തുനീണ്ട അഗ്രമുള്ള ഒരു വാൾപോലെയാണ് ഇവയുടെ മേൽത്താടി. കണ്ടാൽ ഇരപിടിക്കാനുള്ളതാണെന്നു തോന്നും. പക്ഷേ, ശത്രുക്കളിൽനിന്നു രക്ഷയ്ക്കായി മാത്രം തന്റെ ‘വാൾത്താടി’ ഉപയോഗിക്കുന്ന പാവത്താനാണ് സെയ്ൽഫിഷ്.

ചിറകുകളുടെ പ്രത്യേകതയാണ് സെയ്ൽഫിഷിന് ആ പേരു സമ്മാനിച്ചത്. പായ്ക്കപ്പലിലെ പായ് പോലെ വിടർന്നുനിൽക്കുന്ന ചിറകുകൾക്ക് ഇവയുടെ ശരീരത്തിന്റെയത്ര തന്നെ നീളംവരും. (അതത്ര ചെറിയ നീളമല്ല. പൂർണവളർച്ചയെത്തിയ സെയ്ൽഫിഷിന് ഒൻപതടിവരെ നീളവും 90 കിലോയോളം ഭാരവുമുണ്ടാകും).

ഏപ്രിൽ മാസത്തിലാണ് മുട്ടയിടുന്നത്. പെൺമീനുകൾ 40 ലക്ഷം മുട്ടകൾവരെ ഇടും. 70 മണിക്കൂറിനുള്ളിൽ വിരിയും. കുഞ്ഞുമീനുകൾക്ക് ഒരു വർഷത്തിനുള്ളിൽ നാലു മുതൽ അഞ്ചടി വരെ നീളം വയ്ക്കും. ഏഴു വർഷം വരെയാണ് ആയുസ്സ്.