മനുഷ്യനും റോബട്ടും തമ്മിൽ ലയിച്ചാൽ !

അശ്വിൻ നായർ, നിഥിൻ സാമുവൽ

റോബട്ടുകളുടെ ലോകം വളരെ വലുതാണ്. വ്യവസായങ്ങളിൽ പണിയെടുക്കുന്ന യന്ത്രക്കൈകൾ, ഉറുമ്പിന്റെയും വണ്ടുകളുടെയും രൂപമുള്ള കുഞ്ഞൻ ബഗ് റോബട്ടുകൾ, പാമ്പിനെപ്പോലെയിരിക്കുന്ന സ്നേക് റോബട്... പട്ടിക നീളുന്നു. എന്നാൽ ഇവയിൽ ഏറ്റവും പ്രശസ്തർ ഒരു കൂട്ടരാണ്..... ഹ്യൂമനോയ്ഡ്.

ഹ്യൂമനോയ്ഡുകൾ
മനുഷ്യശരീരത്തിന്റെ മാതൃകയിൽ രൂപപ്പെടുത്തിയ റോബട്ടുകൾ.. ഇവയിൽ ചിലതിനു തല, രണ്ടു കൈകൾ, ഉടൽ, കാലുകൾ എന്നിവ കാണാം. ചിലതിന് അരയ്ക്കു താഴേക്കു മനുഷ്യരൂപം ഉണ്ടാകില്ല. വികസിച്ച ഹ്യൂമനോയ്ഡ് റോബട്ടുകൾക്കു മനുഷ്യരുടെ ഭാവങ്ങൾ, കണ്ണുകളുടെയും വായുടെയും ചലനങ്ങൾ എന്നിവയൊക്കെ പ്രകടമാക്കാൻ കഴിവുണ്ട്.

ഹ്യൂമനോയ്ഡുകളുടെ കഥ കേട്ടല്ലോ?
‌ഇനി ഇക്കൂട്ടത്തിൽ ചില റോബട്ടുകളുടെ രൂപത്തിനു മനുഷ്യനുമായി യാതൊരു വ്യത്യാസവുമുണ്ടാകില്ല. ഇവയെ ആൻഡ്രോയ്ഡ് എന്നു വിളിക്കും. റോബട്ടുകളിൽ ഇപ്പോഴത്തെ താരമായ സോഫിയ, രജനികാന്ത് ചിത്രമായ യന്തിരനിലെ ചിട്ടി തുടങ്ങിയവയെല്ലാം ആൻ‍ഡ്രോയ്ഡ് ഗണത്തിൽ പെടുന്നവയാണ്.

റോബട് മ്യൂസിക് ബാൻഡ് നമ്മൾ ഊഹിക്കാത്ത മേഖലകളിലും ചില റോബട്ടുകളുണ്ട്
ഗാനമേളകളിൽ പാട്ടു പാടാനുള്ള റോബോക്കൂട്ടമാണ് കംപ്രസർഹെഡ് . മെഗാ വാട്സൺ, ഹെൽഗ ഥാർ, ഫിംഗേഴ്സ്, ബോൺസ്, സ്റ്റിക്ബോയ്, ഷ്മിഡ്റ്റ് എന്നിങ്ങനെ ആറ് റോബട്ടുകളാണു ട്രൂപ്പിലെ അംഗങ്ങൾ. 2017ൽ പാർട്ടി മെഷിൻ എന്ന ആൽബം ഈ റോബട് ബാൻഡ് പുറത്തിറക്കി.

ലണ്ടൻ ആസ്ഥാനമായ മോളി റോബോട്ടിക്സ് എന്ന കമ്പനിയാണ് അടുക്കള റോബട്ടായ മോളിയെ കണ്ടുപിടിച്ചത്. രണ്ടായിരത്തോളം റെസിപ്പികൾ മോളിയുടെ ബ്രെയിനിലുണ്ട്. ആവശ്യമുള്ള ഭക്ഷണം ഏതാണെന്നു മോളിയോടു പറയുക. ഭക്ഷണത്തിന് ഉപ്പ് കൂടി, കുറഞ്ഞു എന്ന തരത്തിലുള്ള പരാതികൾ മനസ്സിൽ വയ്ക്കേണ്ട കാര്യമില്ല. എല്ലാം മോളിയോടു പറയാം. കണ്ടറിഞ്ഞു ചെയ്തോളും.

ഹൻവ ഈഗിൾസ് (Hanwha Eagles) എന്ന ദക്ഷിണ കൊറിയൻ ബേസ്ബോൾ ടീം തുടർച്ചയായി കളികൾ തോൽക്കാനാരംഭിച്ചു. ഇതോടെ ഇവരുടെ കളി കാണാൻ ആളും കുറഞ്ഞു. ഗാലറികൾ നിറയ്ക്കാൻ ടീം ചെയ്തതെന്തെന്നോ? ഗാലറികളിൽ വന്നിരുന്ന് ആർപ്പു വിളിക്കാൻ ഒരു കൂട്ടം ഫാൻബോട്ടുകളെ സൃഷ്ടിച്ചു. ആർപ്പുവിളിയോടൊപ്പം ചെറിയ കൂക്കുവിളിയും നൃത്തവുമുണ്ടെങ്കിലും വലിയ അലമ്പില്ല, കേട്ടോ.

ബഹിരാകാശ യന്തിരൻമാർ
ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്തും ഹ്യൂമനോയ്ഡ് റോബട്ടുകളുണ്ട്. രാജ്യാന്തര ബഹിരാകാശനിലയത്തിൽ റോബട്ടുകൾ താമസിക്കുന്നുണ്ട്. അല്ലറ ചില്ലറ പണികളൊക്കെയെടുത്ത് അവിടത്തെ ഗവേഷകരെ സഹായിക്കുന്ന റോബോനോട്, ജാപ്പനീസ് മാത്രം സംസാരിക്കുന്ന കിരോബോ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്.

റോബട്ടുകൾ എങ്ങനെയാ പ്രവർത്തിക്കുക?
നമുക്ക് കണ്ണും ചെവിയുമൊക്കെയുള്ളതുപോലെ ചുറ്റുമുള്ളവയെക്കുറിച്ച് വിവരങ്ങള്‍ നൽകാൻ റോബട്ടുകൾക്ക് സെൻസറുകളുണ്ട്. ഇവയിൽ നിന്നുള്ള വിവരങ്ങളെല്ലാം റോബട്ടിന്റെ കംപ്യൂട്ടറിലേക്ക് എത്തും. തുടർന്നു വിശകലനം നടത്തിയതിനു ശേഷം ഇവിടെ നിന്നു നിർദേശങ്ങൾ പോകും. റോബട്ടിന്റെ ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ‘ആക്ച്വേറ്ററുകൾ’ എന്ന ഭാഗങ്ങളാണ്.

കൊല്ലുമോ?

മനുഷ്യനും റോബട്ടും തമ്മിൽ ലയിച്ചാൽ ‌‌‌റോബട്ടിക് കഴിവുകള്‍ ഉപയോഗിച്ച് മനുഷ്യശരീരത്തിന്റെ കഴിവ് കൂട്ടുക...ഈ ചിന്തയിൽ നിന്നാണു സൈബോർഗ് എന്ന ആശയം പിറവിയെടുത്തത്. അപകടങ്ങളിലും മറ്റും കൈകാലുകൾ നഷ്ടപ്പെട്ടവർക്കും മറ്റും മനുഷ്യക്കയ്യുടെ അതേ ശേഷിയുള്ള യന്ത്രക്കൈ വച്ചുപിടിപ്പിക്കുക മുതൽ റോബട്ടിക്സിന്റെ കരുത്തിൽ ‘സൂപ്പർഹീറോ’ കരുത്ത് നേടാം എന്നു കരുതുന്നിടത്തു വരെ നീണ്ടുകിടക്കുകയാണ് സൈബോർഗ് ടെക്നോളജി.