മണ്ണിൽ മുളച്ചു വന്ന ‘മനുഷ്യർ’ ഇംഗ്ലണ്ടിൽ സംഭവിച്ച ഒരു അദ്ഭുതം !, Human shaped, Mushroom, UK, Padhippura, Manorama Online

മണ്ണിൽ മുളച്ചു വന്ന ‘മനുഷ്യർ’ ഇംഗ്ലണ്ടിൽ സംഭവിച്ച ഒരു അദ്ഭുതം !

നവീൻ മോഹൻ

പെട്ടെന്നൊരാള്‍ മുന്നിലെത്തുമ്പോൾ നമ്മൾ പറയുന്ന ഒരു ഡയലോഗില്ലേ? ‘ശെടാ, ഇവനിപ്പോ ഇതെവിടുന്നു പൊട്ടിമുളച്ചതാ...?’ ആശ്ചര്യം കൊണ്ടു പറയുന്നതാണെങ്കിലും ഇംഗ്ലണ്ടിലൊരിക്കൽ ‘മനുഷ്യൻ’ പൊട്ടിമുളച്ച സംഭവമുണ്ടായിട്ടുണ്ട്, ഇപ്പോഴും സംഭവിക്കുന്നുമുണ്ട്. യഥാർഥത്തിൽ അല്ലെന്നു മാത്രം. മനുഷ്യന്റെ ആകൃതിയിലുള്ള കൂണുകളാണ് ഇംഗ്ലണ്ടിലെ കോക്ക്‌ലി ക്ലേ എന്ന പ്രദേശത്ത് മുളയ്ക്കുന്നത്. മറ്റു പലയിടങ്ങളിലും ഈ കൂണുകളെ കാണാറുണ്ടെങ്കിലും കോക്ക്‌ലി ക്ലേയിലാണു കൂടുതൽ. ജൊനാഥൻ റെവെറ്റ് എന്ന മൈക്കോളജിസ്റ്റാണ് ഈ കൂൺ കണ്ടെത്തിയത്. മൈക്കോളജിസ്റ്റെന്നാൽ ഫംഗസുകളെയും കൂണുകളെയുമൊക്കെപ്പറ്റി പഠിക്കുന്നയാൾ എന്നർഥം. ഫംഗസുകളെപ്പറ്റിയുള്ള പഠനമാണ് മൈക്കോളജി.

ജൊനാഥൻ ഇടയ്ക്കിടെ യാത്രകൾ പോകാറുണ്ട്. അങ്ങനെയൊരു യാത്രയിലാണ് കോക്ക്‌ലി ക്ലേയിലെ റോഡരികിൽ ഈ കൗതുകകൂണുകൾ കാണുന്നത്. മനുഷ്യനെപ്പോലെ തലയും കയ്യും കാലുമുള്ള കൂൺ ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു. തലയിൽ ചെറിയൊരു തൊപ്പിവച്ചതു പോലുള്ള ഭാഗവുമുണ്ട്. മാംസളമായിരുന്നു കൂൺ, പക്ഷേ കഴിക്കാൻ പറ്റില്ല, വിഷമാണ്. ആഴ്ചകളോളം നിലനിൽക്കുമെങ്കിലും ഒടുവിൽ ഉണങ്ങിപ്പോകുന്നതാണ് കൂണിന്റെ രീതി. എന്തായാലും ഇതിനെപ്പറ്റി കൂടുതൽ അന്വേഷിക്കാൻ ജൊനാഥൻ തീരുമാനിച്ചു.

മറ്റു വിദഗ്ധരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞത് Rayed Earthstar എന്ന കൂണിന്റെ കുടുംബത്തിൽപ്പെട്ടതാണെന്നാണ്. രണ്ടിനും ഏകദേശം ഒരേ രൂപവുമായിരുന്നു. എന്നാൽ ജൊനാഥൻ വിട്ടുകൊടുത്തില്ല. ഇതൊരു പുതിയ തരം കൂണാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അങ്ങനെ ആ മനുഷ്യക്കൂണിനെ ഡിഎൻഎ പരിശോധനയ്ക്കയച്ചു. സ്പെയിനിലെ പരിശോധനയിൽ ജൊനാഥന്റെ നിഗമനം ശരിയാണെന്നും തെളിഞ്ഞു. Geastrum britannicum എന്ന ശാസ്ത്രീയ നാമവും ഈ കൂണിനു കൊടുത്തു. 2000ത്തിൽ ആദ്യമായി കണ്ടെത്തിയ ഈ കൂൺ പുതിയൊരു സ്പീഷീസ് ആണെന്നു തിരിച്ചറിഞ്ഞത് 2015ലായിരുന്നു. ഇംഗ്ലണ്ടിൽ മാത്രമേ ഇവയെ കാണാനും കിട്ടുകയുള്ളൂ. അതു കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ജൊനാഥനു സ്വന്തമാവുകയും ചെയ്തു. നാൽപത്തിയൊൻപതുകാരനായ ഇദ്ദേഹം കുട്ടിക്കാലം മുതൽ കൂണുകളെ നിരീക്ഷിച്ചു തുടങ്ങിയതാണ്. ഒടുവിൽ മൈക്കോളജിസ്റ്റായി, പിന്നാലെ സ്വന്തമായൊരു കൂണും കണ്ടെത്തി. താൻ നിരീക്ഷിക്കുന്ന കൂണുകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി www.fenfungi.com എന്നൊരു വെബ്സൈറ്റും സ്വന്തമായുണ്ട് ജൊനാഥന്.

Summary : Human shaped, Mushroom, UK