കുരുന്നുകളോടും ക്രൂരത

മനുഷ്യനുള്ള കാലം തൊട്ടേയുണ്ട് അധികാരവും അടിച്ചമർത്തലും. അന്തസ്സ്, അഭിമാനം തുടങ്ങിയ സങ്കൽപങ്ങൾക്കും അത്രത്തോളം പഴക്കമുണ്ട്. എന്നാൽ, ഇന്നു വിലയിരുത്തപ്പെടുന്ന രീതിയിൽ മനുഷ്യാവകാശങ്ങൾ എന്ന പദം ഉരുത്തിരിഞ്ഞത് ഇരുപതാം നൂറ്റാണ്ടിലാണ്. 1215ലെ മാഗ്നകാർട്ടയും 1776ലെ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനവും 1789ലെ ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനവുമെല്ലാം മനുഷ്യാവകാശ ചരിത്രത്തിലെ വഴിത്തിരിവുകളായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ നരകാനുഭവങ്ങൾ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രസക്‌തി ബോധ്യപ്പെടുത്തുന്നതായിരുന്നു. 1948 ഡിസംബർ 10നു സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിനു യുഎൻ അസംബ്ലി അംഗീകാരം നൽകി. തുടർന്ന് എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു.

കുരുന്നുകളോടും ക്രൂരത
അവകാശ ലംഘനങ്ങൾക്കു നിരന്തരം ഇരകളാകുന്നവരാണു കുട്ടികൾ. നിയമങ്ങളുണ്ടായിട്ടും ബാലവേല പോലുള്ള ക്രൂരതകൾ തുടരുന്നു. അപായകരമായി കണക്കാക്കുന്ന 16 തൊഴിലുകളിലും 65 പ്രവൃത്തികളിലും കുട്ടികൾ ഏർപ്പെടുന്നതു നിരോധിച്ചുകൊണ്ട് 1986ൽ ബാലവേല നിരോധന നിയമം ഇന്ത്യയിൽ നടപ്പാക്കി. ബാലവേല ഇല്ലാതാക്കാനായി കർശനമായ ദേശീയ നയത്തിന് 1988ൽ രൂപം നൽകി.

അപകടകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ മോചിപ്പിക്കാനും അവർക്കു വിദ്യാഭ്യാസം ഉറപ്പാക്കാനും 1996ൽ സുപ്രീം കോടതി സർക്കാരിനു നിർദേശം നൽകി. കുട്ടികളെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നതും സുപ്രീം കോടതിനിരോധിച്ചു. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയതു ബാലവേലയ്‌ക്കെതിരായ പോരാട്ടത്തിലെ നിർണായക ചുവടുവയ്‌പ്പായിരുന്നു.

ചരിത്രമായ അവകാശരേഖ
മനുഷ്യാവകാശ ചരിത്രത്തിലെ അവിസ്‌മരണീയമായ ഏടാണ് 1215ൽ ഒപ്പുവച്ച മാഗ്ന കാർട്ട. ഇംഗ്ലണ്ടിലെ ജോൺ രാജാവിൽ നിന്നു സമ്മർദത്തിലൂടെ നേടിയെടുത്തതാണ് ഈ അവകാശരേഖ. ആദ്യം പ്രഭുക്കൻമാർക്കും പിന്നീടു സാധാരണക്കാർക്കും അവകാശങ്ങൾ നേടിയെടുക്കാനായി. എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യവും സമത്വവും നീതിയും ഉറപ്പാക്കുക, പൊതുസമ്മതമില്ലാതെ അന്യായമായി തടവിൽ വയ്‌ക്കാതിരിക്കുക എന്നിവയെല്ലാം മാഗ്നകാർട്ടയുടെ ഭാഗമായിരുന്നു.

ശബ്ദമില്ലാത്തവർ, വെളിച്ചം കാണാത്തവർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തടവറകളിലായി ലക്ഷക്കണക്കിനു മനുഷ്യർ പീഡനത്തിനു വിധേയരാകുന്നു. സമഗ്രാധിപത്യം പുലരുന്ന രാജ്യങ്ങളിൽ ഭരണകൂട ഭീകരത എല്ലാത്തരത്തിലുള്ള എതിർസ്വരങ്ങളെയും അടിച്ചമർത്തുകയും തടവറകളിലേക്കു പറഞ്ഞയയ്‌ക്കുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിച്ചതിനാണു ചൈനീസ് സർക്കാർ ലിയു സിയാബോയെപ്പോലുള്ളവരെ തുറുങ്കിലടച്ചത്. അഭയാർഥികളും ഭീകരവാദത്തിന്റെയും യുദ്ധക്കൊതിയുടെയും ഇരകളും മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നവർ തന്നെ. മാരകമായ രോഗങ്ങളുടെ പിടിയിലകപ്പെട്ട മനുഷ്യർ പലപ്പോഴും കടുത്ത വിവേചനത്തിനും തിരസ്‌കാരത്തിനും ഇരയാകേണ്ടി വരാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്‌ത്രീകളും കുട്ടികളും പലപ്പോഴും രണ്ടാംതരം പൗരൻമാരെപ്പോലെ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ്.

ഇടംതേടി അലയുന്നവർ
ലോകത്ത് ഇന്ന് ഏറ്റവുമധികം വേട്ടയാടലുകൾ നേരിടുന്ന ജനതയാണു രോഹിൻഗ്യകൾ. അവർക്ക് ജനിച്ചുവളർന്ന മ്യാൻമർ വിട്ട് ഓടിപ്പോകേണ്ടി വന്നു. അവരുടെ നിലവിളികൾ കേൾക്കാൻ കാതു തുറന്നത് യുഎന്നും മനുഷ്യാവകാശ സംഘടനകളും ഏതാനും രാജ്യങ്ങളും മാത്രം. ലക്ഷക്കണക്കിനു രോഹിൻഗ്യകളാണ് എല്ലാം ഇട്ടെറിഞ്ഞ് ജീവനുംകൊണ്ട് ഓടുന്നത്. ഇവരെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കാൻ മ്യാൻമറിലെ ഭരണകൂടത്തിനും ഭൂരിപക്ഷ ജനതയ്‌ക്കും മനസ്സില്ല. മ്യാൻമറിലെ പട്ടാളഭരണകൂടം രോഹിൻഗ്യകളെ രാഷ്‌ട്രമില്ലാത്ത സമൂഹമായി പ്രഖ്യാപിക്കാൻ നിയമം കൊണ്ടുവന്നു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തും പീഡനമുറകളിലൂടെ മനുഷ്യാന്തസ്സിനു നിരക്കാത്ത ജോലികൾ ചെയ്യിച്ചും ഭരണകൂടം അവരെ ദ്രോഹിച്ചു. മ്യാൻമറിൽ നിന്നു രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ പലപ്പോഴും അവസാനിച്ചതു വൻ ദുരന്തങ്ങളിലായിരുന്നു. ബോട്ടുമാർഗമുള്ള പലായനശ്രമങ്ങൾ അതിസാഹസികമായിരുന്നു.

പ്രധാന മനുഷ്യാവകാശ സംഘടനകൾ


∙ ആംനെസ്‌റ്റി ഇന്റർനാഷനൽ: ലക്ഷക്കണക്കിന് അംഗങ്ങളുള്ള, ലോകത്തിന്റെ എല്ലാ ഭാഗത്തും തന്നെ സാന്നിധ്യമുള്ള ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളിലൊന്നാണ് ആംനെസ്‌റ്റി ഇന്റർനാഷനൽ. ലണ്ടനിൽ 1961ലാണ് ഇതിനു തുടക്കമിട്ടത്. 1977ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചു

∙ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്: ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന അഭയാർഥികളുടെയും കുട്ടികളുടെയും കുടിയേറ്റക്കാരുടെയും രാഷ്‌ട്രീയ തടവുകാരുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 1978ലാണ് ഇതു നിലവിൽ വന്നത്.

∙ യുഎൻഎച്ച്‌ആർസി: 2006 ജൂൺ ആറിനു ജനീവയിൽ പ്രവർത്തനം ആരംഭിച്ച യുഎൻ മനുഷ്യാവകാശ കൗൺസിലിനെ യുഎൻ പൊതുസഭയുടെ ഉപവിഭാഗമെന്നു വിശേഷിപ്പിക്കാം. യുഎൻ കമ്മിഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സിനു പകരമാണ് ഇതു തുടങ്ങിയത്. യുഎൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫിസുമായി ചേർന്നു പ്രവർത്തിക്കുന്നു.