ഭൂമി എന്തുകൊണ്ട് ആപ്പിളിലേക്ക് വീഴുന്നില്ല ?

വി.കെ. ശശിധരൻ

ശാസ്ത്രപഠനം എങ്ങനെ വേണം..? ഇന്നത്തെ ക്ലാസുകളിൽ ശാസ്ത്രം പഠിക്കുന്നത് ശരിയായ രീതിയിലാണോ..? എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങളിലൂടെയാണ് ശാസ്ത്രം വികാസം പ്രാപിക്കുന്നത്. അതുകൊണ്ടു തന്നെ ക്ലാസ് മുറികളിലും ഇത്തരം ചോദ്യങ്ങളുടെ ഉൽസവം ഉണ്ടായാലേ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഫലപ്രദമാകൂ.

പഠനം ഇന്നൊരു ഏകദിശാ പ്രവർത്തനമല്ല. എങ്കിലും, ഇപ്പോഴും ശാസ്ത്ര ക്ലാസുകളിൽ വളരെ നിർണായകമായ ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോവുന്നുണ്ട്. ന്യൂട്ടൻറെ തലയിൽ ആപ്പിൾ വീണ കഥ കേൾക്കുന്ന കുട്ടി, ഭൂമി എന്തുകൊണ്ട് ആപ്പിളിലേക്ക് വീഴുന്നില്ല എന്നു ചോദിക്കുന്നിടത്താണ് ആ കഥയിൽ ഫിസിക്സ് വിരിയുന്നത്.

കടലാസ് പെട്ടെന്ന് വലിച്ചെടുക്കുമ്പോൾ, അതിനു മുകളിലിരുന്ന പുസ്തകം മേശയിൽത്തന്നെ ഇരിക്കുകയും കടലാസ് മാത്രം കയ്യിൽ പോരുകയും ചെയ്യുന്ന ജഡത്വ(inertia) പരീക്ഷണം കാണുന്ന കുട്ടി, കടലാസ് സാവധാനം വലിച്ചാലും ആ പുസ്തകത്തിൻറെ ജഡത്വം അതിനെ അവിടെത്തന്നെ ഇരുത്തേണ്ടതല്ലേ എന്നു ചോദിക്കുമ്പോഴാണ്, അടുത്ത ചലനനിയമത്തിലേക്കൊരു വാതിൽ തുറക്കുന്നത്. എന്തുകൊണ്ടാണ്, ചോദ്യങ്ങളുണ്ടാവാത്തത് എന്ന ആലോചനയിലൂടെ മാത്രമേ ശാസ്ത്രം പഠിപ്പിക്കുന്നത് ഫലപ്രദമാക്കാൻ പറ്റൂ.

പരീക്ഷണങ്ങൾ പലപ്പോഴും മാജിക്കുകളാവാറുണ്ടോ?
മാജിക് കാണുന്നതുപോലെ കണ്ട് അത്ഭുതപ്പെടാനുള്ളതല്ലല്ലോ, ശാസ്ത്ര പരീക്ഷണങ്ങൾ. ഓരോ പരീക്ഷണവും ഒരന്വേഷണത്തിൻറെ ഭാഗമാണ്. വളരെ ലളിതമായി ചെയ്ത് കാണിക്കാറുള്ള പല ശാസ്ത്ര പരീക്ഷണങ്ങളും സങ്കീർണമായ ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിശദീകരിക്കാൻ കഴിയുന്നവയാണ്.

ഒരു പരീക്ഷണം വിജയകരമായി കാണിക്കുകയും, തെറ്റായി വിശദീകരിക്കുകയും ചെയ്താൽ ഒരു പ്രയോജനവും ഇല്ലാതെ വരും. ചില പരീക്ഷണങ്ങൾ പൂർണമായി വിശദീകരിക്കണമെന്നില്ല. ഉത്തരത്തിനു വേണ്ടി കുട്ടിയെ പ്രേരിപ്പിക്കാനുള്ള അവസരമുണ്ടാക്കിയാൽ മതിയാവും.വിദ്യാർഥികൾ അവരുടേതായ വിശദീകരണങ്ങളുണ്ടാക്കട്ടെ. പിന്നീടത് ക്രോഡീകരിക്കാം.

അബദ്ധ ധാരണകൾ അടിച്ചേൽപിക്കുന്നുണ്ടോ?
ചിലപ്പോഴെങ്കിലും അങ്ങനെ സംഭവിക്കാറുണ്ടെന്നു തോന്നു. മഴവില്ലുണ്ടാവുന്നതിന് പൂർണാന്തര പ്രതിഫലനവും(total internal reflection) ഒരു കാരണമാണ് എന്ന് അടുത്ത കാലംവരെ നാം കുട്ടികളെ പഠിപ്പിച്ചിരുന്നു. താരതമ്യപ്പെടുത്താനാവാത്ത കൂട്ടങ്ങളെ താരതമ്യ ചെയ്യുന്നതും അബദ്ധധാരണകളിലേക്ക് നയിക്കും.

പുസ്തകങ്ങൾ പറയുന്നത് അതേപടി വിഴുങ്ങാമോ?
ഭക്ഷണം പാകം ചെയ്യൽ എന്ന പ്രവൃത്തിക്ക്(work) താപം എന്ന ഊർജം(energy) ഉപയോഗിക്കുന്നു എന്നു പറഞ്ഞാൽ കുട്ടി എന്താണ് മനസ്സിലാക്കുക? ഇതേ പുസ്തകത്തിൽ നേരത്തെ, ട്രാക്റ്റർ ഓടിക്കുന്നത് പ്രവൃത്തിയാണ് എന്ന് ലിസ്റ്റ് ചെയ്ത കുട്ടിയാണ് എന്നോർക്കുക. ആ കുട്ടിയെ സംബന്ധിച്ച് ഭക്ഷണം പാകം ചെയ്യുക എന്ന പ്രവൃത്തി, ഗ്യാസ് ഓൺ ചെയ്യുന്നതും ഇളക്കുന്നതുമൊക്കെയാവില്ലേ? ഇവിടെ താപം എന്ത് പ്രവൃത്തിയാണ് ചെയ്തത് എന്ന് കുട്ടിക്ക് ബോദ്ധ്യപ്പെടുമോ?