‘ശത്രുവിനെ എങ്ങനെ ഇല്ലായ്മ ചെയ്യാം?’

ജയനാരായണൻ, തൃക്കാക്കര

‘ശത്രുവിനെ എങ്ങനെ ഇല്ലായ്മ ചെയ്യാം?’ ‘പരാജയപ്പെടുത്തലിലൂടെ’. മാഷുടെ ചോദ്യത്തിന് ജോസാണ് ഉത്തരം പറഞ്ഞത്. ‘എങ്ങനെയാണു പരാജയപ്പെടുത്തുക? സത്യത്തിൽ അതൊരു പരാജയപ്പെടുത്തലല്ല. നമ്മുടെ ഓരോ നീക്കങ്ങൾക്കും തടസ്സമാകുന്ന, പകയോടും വിദ്വേഷത്തോടും വെറുപ്പോടും കൂടി മാത്രം നമ്മോട് ഇടപഴകുന്ന ഒരാളെ സ്നേഹത്തിലൂടെയാണു കീഴ്പ്പെടുത്തേണ്ടത്. അതായതു ശത്രുവിനെ മിത്രമാക്കുക; അവനെ കൂടെക്കൂട്ടുക’!

കൊല്ലങ്ങൾക്കു മുൻപു നടന്ന സംഭവം പറയാം. ഒരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു രക്തം വാർന്നു റോഡിൽ കിടക്കുന്നു. കണ്ടവരെല്ലാം കണ്ടില്ലെന്നു നടിച്ചു നടന്നകന്നു. പെട്ടെന്ന് അതുവഴി വന്ന ഒരു ഓട്ടോറിക്ഷ അയാൾക്കരികിൽ നിർത്തി. ഡ്രൈവർ യാത്രക്കാരനെ ഇറക്കിവിട്ടു പരുക്കേറ്റയാളെയുംകൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്കു ശേഷം അയാളുടെ മുഖം ശ്രദ്ധിച്ച ഓട്ടോ ഡ്രൈവർ ഞെട്ടിപ്പോയി. തന്റെ അച്ഛനെ വകവരുത്തിയവൻ! അവനെ കൊല്ലാൻ അരയിൽ കത്തിയുമായി നടന്നവനാണു താൻ! അയാളോർത്തു.

കിട്ടിയ അവസരം പാഴാക്കിയതിൽ അയാൾക്കു വിഷമം തോന്നി. പിന്നീട് ആലോചിച്ചപ്പോൾ താൻ ചെയ്തതാണു ശരി എന്നു മനസിലായി. അച്ഛന്റെ മരണം തനിക്കും കുടുംബത്തിനും വലിയ ആഘാതമായിരുന്നു. അപകടത്തിൽപ്പെട്ടയാൾ അവിടെക്കിടന്നു മരിച്ചിരുന്നെങ്കിൽ അയാളുടെ കുടുംബാംഗങ്ങൾക്ക് അതൊരു തീരാ ദുഃഖമായേനെ! അപകടത്തിൽപ്പെട്ടയാൾ മെല്ലെ മെല്ലെ സുഖംപ്രാപിച്ചു. അവർ മിത്രങ്ങളായി.

കണ്ടോ, കുഞ്ഞുങ്ങളേ, ഇവിടെ എന്താണു സംഭവിച്ചതെന്നു നോക്കൂ. ശത്രു മരിക്കുകയും ആ സ്ഥാനത്തു മിത്രം ജനിക്കുകയുമാണു ചെയ്തത്! ശത്രുവിനെ എങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന് ഇപ്പോൾ മനസിലായില്ലേ?