ഇതെങ്ങനെയാണു മഴ നീളത്തിൽ അളക്കുന്നത്?

ഡോ. വൈശാഖൻ തമ്പി

മഴക്കാര്യം വാർത്തയിൽ വരുമ്പോൾ ശ്രദ്ധിച്ചാൽ, ഇന്നയിടത്ത് അഞ്ചു സെന്റിമീറ്റർ മഴ പെയ്തു, മറ്റേയിടത്തു മൂന്നു സെന്റിമീറ്റർ മഴ പെയ്തു എന്നൊക്കെ കേൾക്കാം. ഇതെങ്ങനെയാണു മഴ നീളത്തിൽ അളക്കുന്നത്? സത്യത്തിൽ, മഴയുടെ അളവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മഴയായി ആകാശത്തുനിന്നു പെയ്തുവീഴുന്ന വെള്ളത്തിന്റെ അളവാണ്.

പ്രശ്നമാണോ പാത്രത്തിന്റെ വലുപ്പം
മഴ പെയ്യുമ്പോൾ എത്ര വെള്ളം താഴെയെത്തി എന്നറിയാനുള്ള മാർഗം, ആ മഴയത്തു തുറന്നുവച്ചിരിക്കുന്ന ഒരു പാത്രത്തിൽ എത്ര വെള്ളം ശേഖരിക്കപ്പെടുന്നു എന്നു പരിശോധിക്കലാണ്. അതുതന്നെയാണു മഴമാപിനിയും ചെയ്യുന്നത്. സാധാരണഗതിയിൽ വെള്ളത്തിന്റെ അളവ് ലീറ്ററിൽ ആണു നമ്മൾ പറയാറുള്ളത്. പക്ഷേ, മഴയുടെ കാര്യത്തിൽ പാത്രത്തിൽ ശേഖരിക്കപ്പെട്ട വെള്ളത്തിന്റെ ഉയരമാണു നമ്മൾ അളക്കുന്നത്. സ്വാഭാവികമായും ഒരു സംശയം വരും. വാവട്ടം കുറഞ്ഞ പാത്രത്തിൽ ജലനിരപ്പ് കൂടുതലും വാവട്ടം കൂടിയ പാത്രത്തിൽ നിരപ്പു കുറവും ആയിരിക്കില്ലേ? ഒരേ അളവിൽ വെള്ളമെടുത്തു രണ്ടു വ്യത്യസ്ത വാവട്ടമുള്ള സിലിണ്ടറാകൃതിയിലുള്ള പാത്രങ്ങളിൽ ഒഴിച്ചാൽ വാവട്ടം കൂടിയതിൽ ജലനിരപ്പ് കുറവായിരിക്കും. പക്ഷേ, മഴയുടെ കാര്യത്തിൽ ഇതേ പാത്രങ്ങൾ ആകാശത്തുനിന്നു പരന്നു വീഴുന്ന വെള്ളമാണു ശേഖരിക്കുന്നത്. അതുകൊണ്ടു വാവട്ടം കൂടിയ പാത്രത്തിൽ കൂടുതൽ വെള്ളം വീഴും. വാവട്ടം കൂടുന്നതിനനുസരിച്ചു പാത്രത്തിനുള്ളിൽ വീഴുന്ന വെള്ളവും കൂടുന്നതിനാൽ രണ്ടു പാത്രങ്ങളിലും ജലനിരപ്പ് ഒരേ നിരക്കിലായിരിക്കും ഉയരുന്നത്. അതായത് ഇവിടെ വാവട്ടം പ്രശ്നമല്ല. അതുകൊണ്ടാണ് സെന്റിമീറ്ററിലോ മില്ലിമീറ്ററിലോ അളക്കാവുന്ന ജലനിരപ്പിന്റെ ഉയരം നമ്മൾ മഴയുടെ അളവായി പറയുന്നത്.

എത്ര നേരം പെയ്തു...?
വെറുതെ ഇത്ര സെന്റിമീറ്റർ മഴപെയ്തു എന്നുപറഞ്ഞാൽ ആ വിവരം പൂർണമാകില്ല. എത്ര സമയംകൊണ്ടാണ് അത്രയും മഴ പെയ്തത് എന്നുകൂടി പറയണം. ഉദാഹരണത്തിന് അര മണിക്കൂർ പെയ്ത മഴകൊണ്ട് 10 സെന്റിമീറ്റർ ഉയർന്ന മഴവെള്ളവും ഒരാഴ്ച പെയ്ത മഴ കൊണ്ട് 15 സെന്റിമീറ്റർ ഉയർന്ന മഴവെള്ളവും നേരിട്ടു സംഖ്യകൾകൊണ്ടു മാത്രം താരതമ്യം ചെയ്യാനാവില്ല. ആദ്യത്തേതാണു കൂടുതൽ ശക്തമായ മഴ. സാമാന്യമായി പറയുമ്പോൾ ഒരു സ്ഥലത്ത് ഒരുവർഷം മുഴുവൻ പെയ്ത മഴയെ വാർഷിക വർഷപാതം എന്നു പറയാറുണ്ട്.

ചതുരശ്ര മീറ്ററിന് ഒരു ലീറ്റർ വീതം
മഴയുടെ അളവുവച്ച് അവിടെ എത്രത്തോളം വെള്ളം ആകാശത്തുനിന്നു വീണിട്ടുണ്ട് എന്നു കണക്കാക്കാൻ സാധിക്കും. തിരുവനന്തപുരത്ത് ഇന്നലെ അഞ്ചു മില്ലിമീറ്റർ മഴ പെയ്തു എന്നു വയ്ക്കുക. അവിടെ ഒരു സിലിണ്ടർ തുറന്നുവച്ചാൽ ഇന്നലെ പെയ്ത മഴവെള്ളം അതിൽ അഞ്ചു മില്ലിമീറ്റർ ഉയരംവരെ നിറയുമായിരുന്നു. ഇവിടെ പാത്രത്തിന്റെ വിസ്താരം പ്രശ്നമല്ലതാനും. അതായത്, ആ സിലിണ്ടറിന് തിരുവനന്തപുരം നഗരത്തിന്റെ അത്രയും വിസ്താരമുണ്ടായാൽ പോലും, അതിൽ അഞ്ചു മില്ലിമീറ്റർ ഉയരം വരെയായിരിക്കും മഴവെള്ളം നിറയുക. ഇനി ഒരു സ്കൂൾ കണക്കു പ്രയോഗിച്ചു നോക്കാം. ഒരു ചതുരശ്ര മീറ്റർ (m2) വിസ്താരമുള്ള പാത്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം നിന്നാൽ അതിന്റെ വ്യാപ്തം ഒരു ഘനമീറ്റർ (m3). ഒരു ഘനമീറ്റർ എന്നാൽ 1000 ലീറ്ററിന് തുല്യമാണ്. അങ്ങനെയെങ്കിൽ ഒരു ലീറ്റർ വെള്ളം ഒരു ചതുരശ്രമീറ്റർ വിസ്താരമുള്ള പാത്രത്തിൽ നിറഞ്ഞാൽ അതിന് എത്ര ഉയരമുണ്ടാകും? ഒരു മീറ്ററിന്റെ ആയിരത്തിലൊന്ന്, അഥവാ ഒരു മില്ലിമീറ്റർ. അതായത്, ഒരിടത്ത് ഒരു മില്ലിമീറ്റർ മഴ പെയ്തു എന്നുപറഞ്ഞാൽ, അവിടത്തെ ഓരോ ചതുരശ്രമീറ്റർ സ്ഥലത്തും ഒരു ലീറ്റർ വെള്ളം മഴയായി വീണിട്ടുണ്ട് എന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു മില്ലിമീറ്റർ മഴ എന്നത് ചതുരശ്രമീറ്ററിന് ഒരു ലീറ്റർ വച്ചു പെയ്യുന്ന വെള്ളമാണ്.