കടൽത്തീരത്തെ മണൽ അകത്തേക്ക്, പ്ലാസ്റ്റിക് പുറത്തേക്ക്..., Hoola one vacuum cleaner sea sand micro plastic cleaning, Manorama Online

കടൽത്തീരത്തെ മണൽ അകത്തേക്ക്, പ്ലാസ്റ്റിക് പുറത്തേക്ക്...

നവീൻ മോഹൻ

2016ൽ മാത്രം ലോകത്ത് ഉൽപാദിപ്പിക്കപ്പെട്ടത് 24.2 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം. അതിൽത്തന്നെ 80 ലക്ഷം ടൺ മാലിന്യവും കറങ്ങിത്തിരിഞ്ഞ് എത്തുന്നത് കടലിലും. കുറേയൊക്കെ കടൽ പുറന്തള്ളും. അവയങ്ങനെ തീരത്ത് കുന്നുകൂടിക്കിടക്കും. ഇടയ്ക്കിടെ സാമൂഹിക പ്രവർത്തകരെത്തി പെറുക്കിമാറ്റി വൃത്തിയാക്കാറുമുണ്ട്.

പക്ഷേ കടൽത്തീരത്ത് കിടന്നു പൊടിഞ്ഞു പോകുന്ന പ്ലാസ്റ്റിക് എങ്ങനെ എടുത്തു മാറ്റും? ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഈ ‘മൈക്രോപ്ലാസ്റ്റിക്’ പ്രശ്നമാണ്. പൊടിയായി മാറുന്ന പ്ലാസ്റ്റിക് മത്സ്യങ്ങളിലൂടെയും മറ്റും മനുഷ്യശരീരത്തിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. കടൽത്തീരത്തെ മണലിനോടു കൂടിക്കലർന്നു കിടക്കുന്ന പ്ലാസ്റ്റിക് തരികൾ എടുത്തുമാറ്റാനായി ഇപ്പോഴൊരു വഴി തെളിഞ്ഞിരിക്കുകയാണ്. കാനഡയിലെ ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളാണു പുതിയൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഷെർബ്രൂക്ക് സർവകലാശാല വിദ്യാർഥികൾക്കു പഠനത്തിന്റെ ഭാഗമായി ഒരു പ്രോജക്ട് തയാറാക്കേണ്ടതുണ്ടായിരുന്നു. കുറേ കാര്യങ്ങളൊക്കെ ആലോചിച്ചു. അങ്ങനെയാണ് കടൽത്തീരത്തെ മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നത്. അതിനു തിരഞ്ഞെടുത്തതാകട്ടെ യുഎസിലെ ഹവായി ദ്വീപുകളിലെ കമീലോ ബീച്ചും.

ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകളിലൊന്നായിരുന്നു അത്. കൂടാതെ, ലോകത്തിലെ തന്നെ ഏറ്റവും വൃത്തിഹീനമായ ഇടങ്ങളിലൊന്നാണെന്ന കുപ്രസിദ്ധിയും കമീലോയ്ക്കുണ്ടായിരുന്നു. കടൽത്തീരത്ത് എത്തുന്ന മാലിന്യങ്ങളിൽ 90 ശതമാനവും പ്ലാസ്റ്റിക് ആയിരുന്നു. അതിനാൽത്തന്നെ അറിയപ്പെടുന്നതാകട്ടെ ‘ട്രാഷ് ബീച്ച്’ എന്നും. ആ പേര് മാറ്റി ‘ക്ലീൻ ബീച്ച്’ ആക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുട്ടികളുടെ പ്രോജക്ട്. പൊടി പോലുള്ള വസ്തുക്കൾ വലിച്ചെടുത്ത് വൃത്തിയാക്കാൻ ഏറ്റവും എളുപ്പം വാക്വം ക്ലീനറാണ്. പക്ഷേ കടൽത്തീരത്തെ മണൽത്തരികളിൽ വാക്വം ക്ലീനർ കൊണ്ടുവച്ചാൽ എല്ലാം കൂടിയങ്ങു വലിച്ചെടുക്കും. പക്ഷേ വിദ്യാർഥികൾ വിട്ടുകൊടുത്തില്ല. അവർ ‘ഹൂല വൺ’ എന്ന പേരിൽ ഒരു വമ്പൻ വാക്വം ക്ലീനറുണ്ടാക്കി. അതുവഴി മണലും പ്ലാസ്റ്റിക് തരികളും വലിച്ചെടുത്ത് എത്തുക ഒരു വലിയ ടാങ്കിലെ വെള്ളത്തിലേക്കായിരിക്കും. പ്ലാസ്റ്റിക്കിനേക്കാൾ ഭാരക്കൂടുതലാണല്ലോ മണൽത്തരികള്‍ക്ക്. അങ്ങനെ പ്ലാസ്റ്റിക് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കും, മണൽ താഴേക്ക് അടിയുകയും ചെയ്യും. മിനിറ്റിൽ 3 ഗാലൻ മണൽ വരെ ഇത്തരത്തിൽ ‘വൃത്തിയാക്കിയെടുക്കാം’. പ്ലാസ്റ്റിക്കിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട മണൽ തിരികെ ബീച്ചിലേക്കിടുകയും ചെയ്യാം.

ഈ വാക്വം ക്ലീനറുമായി ബീച്ചിലൂടെ നടന്ന് മൈക്രോ പ്ലാസ്റ്റിക്കെല്ലാം വലിച്ചെടുത്തതോടെ പ്രോജക്ട് ഗംഭീര വിജയവുമായി. ആദ്യഘട്ട പരീക്ഷണത്തിനു ശേഷം ഹൂല വൺ സർക്കാരിന് സംഭാവനയായി കുട്ടികൾ നൽകി. ഒറ്റ വാക്വം ക്ലീനർ കൊണ്ട് ബീച്ച് വൃത്തിയാക്കാനാകില്ലല്ലോ. നിലവിൽ കൂടുതൽ ഹൂല യന്ത്രങ്ങൾ നിർമിക്കാനായി സ്പോൺസർമാരെ തേടുകയാണ് വിദ്യാർഥികൾ. ആരെങ്കിലും സഹായവുമായി മുന്നോട്ടു വന്നാൽ ലോകത്തെ മറ്റു ബീച്ചുകളും വൃത്തിയാക്കാൻ ഈ വാക്വം ക്ലീനർ നിർമിച്ചു നൽകാനാണു തീരുമാനം.