മുണ്ടും സാരിയും കേരളത്തിന്റെ സ്വന്തമല്ലേ?, History, Dress, Kerala, Padhippura, Manorama Online

മുണ്ടും സാരിയും കേരളത്തിന്റെ സ്വന്തമല്ലേ?

ഓരോ പ്രദേശത്തിനും തനതായ വേഷങ്ങളുണ്ട്. അതതു നാട്ടിലെ കാലാവസ്ഥയും ജീവിത രീതിയും ഒക്കെ വേഷങ്ങളെ സ്വാധീനിക്കുന്നു. മറ്റുനാടുകളുമായുള്ള ബന്ധവും യാത്രകളും ഒക്കെ പല വേഷങ്ങളെയും പല സ്ഥലങ്ങളിലുമെത്തിക്കുന്നു. വിവരസാങ്കേതിക വിദ്യകൊണ്ടും യാത്രാസൗകര്യങ്ങൾകൊണ്ടും ലോകമാകെ കൈപ്പിടിയിലൊതുങ്ങുന്ന ഇക്കാലത്ത് ഒരു വേഷവും ഒരു പ്രദേശത്തിന്റെയും സ്വന്തമല്ലാതായിരിക്കുന്നു. എങ്കിലും മുണ്ടെന്നു കേൾക്കുമ്പോൾ നമുക്ക് കേരളവും മലയാളവും ഓർമ വരും. സാരിയുടെ കാര്യവും അങ്ങനെ തന്നെ. നമ്മുടെ നാട്ടിൽ ഇന്നു സാധാരണയായി കാണുന്ന ഏതാനും വേഷങ്ങൾ പരിചയപ്പെടാം.

ഷർട്ട്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലാണത്രേ കേരളീയർ ഷർട്ട് ധരിച്ചു തുടങ്ങിയത്. ഉടുപ്പ്, കുപ്പായം എന്നീ പേരുകളിലും അറിയപ്പെടുന്നു. മുറിക്കൈ, മുഴുക്കൈ തുടങ്ങി പല തരത്തിലുണ്ട്. തുണിയെടുത്തു തയ്പിക്കുന്ന രീതി റെഡിമെയ്ഡ് വിപണിയിലേക്ക് മാറി. ഷർട്ടിന്റെ കോളർ രീതി ഫാഷനിൽ പ്രധാനപ്പെട്ടതാണ്. സ്ത്രീകളുടെ ഷർട്ടിൽ വലിയ കോളർ പൊതുവെ വയ്ക്കാറില്ല. ജോലികളെക്കുറിച്ച് വൈറ്റ് കോളർ, ബ്ലൂ കോളർ തുടങ്ങിയ വിശേഷണങ്ങൾ കൂട്ടുകാർ കേട്ടിട്ടുണ്ടല്ലോ ?. പോക്കറ്റാണ് ഷർട്ടിന്റെ മറ്റൊരു പ്രധാനഭാഗം. കോട്ടൺ ഷർട്ടുകൾക്കാണ് പ്രിയം. ചെറുപ്പക്കാർക്ക് കടുംനിറങ്ങളും വരകളുമുള്ള ഷർട്ടുകളാണ് ഇഷ്ടം. പ്രായം കൂടിയവർ ഇളം നിറങ്ങൾ പൊതുവേ ഇഷ്ടപ്പെടുന്നു.

സാരി
ഇന്ത്യയിൽ മിക്കയിടത്തും സാരി ധരിക്കുന്നവരുണ്ടെങ്കിലും കേരള വനിതകളുടെ ദേശീയവേഷമായി സാരിയെ വിശേഷിപ്പിക്കാം. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ പത്നി കല്യാണിക്കുട്ടിയമ്മയാണ് സാരിയുടുത്ത ആദ്യ മലയാളി വനിത എന്ന് കരുതപ്പെടുന്നു – 1868 ൽ. രാജാ രവിവർമയുടെ സാരിയണിഞ്ഞ ദേവീരൂപങ്ങളും പുരാണകഥാപാത്രങ്ങളും 1880കൾ തൊട്ടാണ് ഇന്ത്യയെമ്പാടും പ്രചരിച്ചത്. 1930 നു ശേഷമാണ് കേരളത്തിൽ സ്ത്രീകൾ സാരി ധരിച്ചു തുടങ്ങിയത്. മുണ്ട്, കച്ച, ചട്ടയും മുണ്ടും തുടങ്ങിയവയായിരുന്നു അതിനു മുൻപു സ്ത്രീവേഷങ്ങൾ. കോട്ടൺ, സിൽക്ക്, ഷിഫോൺ തുടങ്ങിയ തുണികളിൽ നെയ്ത സാരികളുണ്ട്. കാഞ്ചീപുരം, ബനാറസ് പട്ടുസാരികൾ പ്രശസ്തമാണ്. വർണവൈവിധ്യമുള്ള സാരികൾ വിപണിയിലെത്തിയത് 80കളിലാണ്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന കേരളസാരിക്ക് (സെറ്റുസാരി) പൊൻനിറമാണ്. വർണകരയോ കസവോ ഉണ്ടാകും.

മുണ്ട്
മലയാളി പുരുഷന്മാരുടെ ദേശീയവേഷമെന്ന സ്ഥാനം മുണ്ടിനും ഷർട്ടിനുമാണ്. പഴയകാലത്ത് സാധാരണക്കാർ തോർത്തുമാത്രമേ ഉടുക്കുമായിരുന്നുള്ളൂ. തയ്യലില്ലാത്ത ഒറ്റവസ്ത്രമാണ് മുണ്ട്. അരികുകളിൽ വർണക്കരയോ കസവോ ചേർത്ത് മനോഹരമാക്കാറുണ്ട്. മുണ്ടുകളിൽ ഒറ്റയും ഇരട്ടയുമുണ്ട്. രണ്ടുപാളികൾ ചേർന്ന് കട്ടിയുള്ള തരമാണ് ഡബിൾമുണ്ട്. കേരളത്തിൽ തൊണ്ണൂറു ശതമാനം പേരും ഡബിൾ മുണ്ടേ ഉടുക്കാറുള്ളൂ. പക്ഷേ, തമിഴ്‌നാട്ടിൽ ഒറ്റമുണ്ടിനോടാണ് പ്രിയം. ബാലരാമപുരം, കുത്താമ്പുള്ളി, കണ്ണൂർ തുടങ്ങിയ പരമ്പരാഗത കൈത്തറി മുണ്ടുകൾ പ്രശസ്തം. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലും മുണ്ട് പ്രചാരത്തിലുണ്ട്. ദ്രാവിഡ പൈതൃകത്തിൽനിന്നാണു മുണ്ട് പ്രചരിക്കപ്പെട്ടതെന്ന് ഇതുവഴി അനുമാനിക്കാം. പണ്ടു മുണ്ടിനൊപ്പം രണ്ടാം മുണ്ടുകൂടി ധരിക്കുന്ന രീതിയുണ്ടായിരുന്നു. കേരളത്തിൽ പരുത്തിയുടെ ലഭ്യതക്കൂടുതലും മുണ്ടു വ്യാപിക്കാൻ കാരണമായിരുന്നിരിക്കാം. നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ആദ്യകാല രീതിക്കു ചേർന്ന വേഷമായിരുന്നു മുണ്ട്

ബ്ലൗസ്
പണ്ട് ഒരു വിഭാഗം സ്ത്രീകൾക്ക് ഒന്നരയും മുണ്ടുമായിരുന്നു വേഷം. മറ്റൊരു വിഭാഗം മുട്ടിനു മുകളിൽ നിൽക്കുന്ന മുണ്ട് ധരിക്കും. അരയ്ക്കുമുകൾ ഭാഗത്തേക്കു വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് ഒട്ടേറെ പ്രക്ഷോഭങ്ങൾക്കും പരിഷ്കരണങ്ങൾക്കും ശേഷമാണ് എല്ലാ സ്ത്രീകളും പൂർണമായും ശരീരം മറയ്ക്കുന്ന വേഷങ്ങളിലേക്കെത്തിയത്. ബ്ലൗസ് കേരളത്തിൽ സർവസാധാരണമായിട്ട് അധികദശകങ്ങളായിട്ടില്ല. അളവെടുത്തു തയ്പിച്ചെടുക്കുകയാണ് പതിവ്. സാരി, സെറ്റ് മുണ്ട്, കൈലി തുടങ്ങിയവയോടൊപ്പം പ്രധാനമായും ധരിച്ചുവരുന്നു, വട്ടക്കഴുത്ത്, ചതുരക്കഴുത്ത്, കൈയുള്ളത്, കൈയില്ലാത്തത് തുടങ്ങി പലയിനം ബ്ലൗസുകളുണ്ട്. സാരിയുടെയും ബ്ലൗസിന്റെയും നിറപ്പൊരുത്തത്തിനു വലിയ പ്രാധാന്യമുണ്ട്. റെഡിമെയ്ഡ് വിപ്ലവം വളരെയേറെ ബാധിക്കാത്ത വസ്ത്രമാണിത്.

ചുരിദാർ
പേർഷ്യക്കാർക്കും അറബികൾക്കുമൊപ്പം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വന്നതാണ് ചുരിദാർ. അന്നു ചുരിദാർ എന്നല്ല പേര്. സൽവാർ കമ്മീസ് എന്ന പേരിലേക്കും എത്തിയിട്ടില്ല. ഷർട്ട് എന്നർഥം വരുന്ന ‘ഖമീസ്’ എന്ന അറബിക് പദം ലാറ്റിൻ വാക്കായ ‘കമീസിയ’യിൽ നിന്നാണു വരുന്നത്. പാന്റ്‌സ് എന്ന അർഥമാണ് ഷാലവാർ (പിന്നീടു സൽവാർ) എന്ന വാക്കിന്. ഇസ്‌ലാമിക കാലഘട്ടത്തിലാണു പൈജാമകളുടെയും കുർത്തകളുടെയും കൂട്ടുകെട്ട്. ഇന്ത്യയുടെ ദുപ്പട്ടയും അതിനൊപ്പം സ്‌ഥാനം പിടിച്ചപ്പോൾ ഇപ്പോഴത്തെ ചുരിദാറായി. ഇപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സർവസാധാരണമായ വസ്ത്രം ചുരിദാറാണ്. 1980 കളിലാണ് ചുരിദാർ കേരളത്തിൽ വേരുറപ്പിച്ചത്.

പാവാട
ലോകത്തെ ഏറ്റവും പഴയ വസ്ത്രമാണ് പാവാട. ബിസി 1500 ൽ ഈജിപ്തുകാരാണ് ആദ്യമായി പാവാട ധരിച്ചത്. ആദ്യകാലത്ത് സ്ത്രീകളും പുരുഷന്മാരും പാവാട ധരിച്ചിരുന്നു. രണ്ട് മൂന്ന് ദശകം മുൻപു വരെ കേരളത്തിലെ പെൺകുട്ടികളുടെ മുഖ്യവേഷമായിരുന്നു പാവാടയും ബ്ലൗസും. പെൺകുട്ടികൾ കൗമാരമെത്തുന്നതോടെ പാവാടയിലേക്ക് മാറുന്നതായിരുന്നു പഴയ നാട്ടുനടപ്പ്. ഫുൾപാവാട, അരപ്പാവാട, മിനിപ്പാവാട എന്നിങ്ങനെ പലവലുപ്പത്തിലുണ്ട്. പാവാടയുടെ നീളം പല കാലത്തും കൂടുകയും കുറയുകയും ചെയ്തു. 19‌60കളിൽ നീളം കുറഞ്ഞ മിനിസ്കർട്ടായിരുന്നു ഫാഷൻ. പിന്നീട് നീളം കൂടി. ആകർഷകമായ നിറങ്ങളിലും ഒട്ടേറെ ഞൊറികളോടെയുമാണ് പാവാട തുന്നുക. പട്ടുപാവാടയും ബ്ലൗസും ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷവേളകളിലാണ് ഇപ്പോൾ ധരിച്ചുകാണുന്നത്.

പാന്റ്സ്
പാന്റ് എന്ന് തെറ്റായി പറയുന്ന പാന്റ്സാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാരുടെയും ഇഷ്ടവേഷം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കേരളത്തിൽ പുരുഷന്മാർ പാന്റ്സ് ധരിച്ചു തുടങ്ങിയത്. ഇറ്റലിയിലെ നാടോടി കഥാപാത്രമായ പാന്റാലിയോൺ എന്ന വാക്ക് പരിണമിച്ചാണ് പാന്റ്സ് എന്ന വാക്കുണ്ടായത്. ജീൻസാണ് യുവാക്കളിലെ ട്രെൻഡ്. പണ്ട് യൂറോപ്പിലും അമേരിക്കയിലും ആട്ടിടയൻമാരുടെയും ഖനിത്തൊഴിലാളികളുടെയും വേഷമായിരുന്ന ഇത് പിന്നീട് എല്ലാവരുടെയും സാധാരണവേഷമായി അംഗീകരിക്കപ്പെട്ടു.