പുതുഹൃദയം

ആരോഗ്യമുള്ള ഹൃദയത്തെ മരിച്ചു മണ്ണാകാൻ അനുവദിക്കുന്നതിലും നല്ലത്, അതിനെ മറ്റൊരാളുടെ ജീവന്റെ തുടിപ്പായി മാറ്റുന്നതാണ്, ലോകത്തെ ആദ്യത്തെ വിജയകരമായ ഹൃദയമാറ്റശസ്ത്രക്രിയ നടത്തിയ ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ വാക്കുകളാണിത്.

ആ ചരിത്ര നേട്ടത്തിന്റെ അൻപതാം വാർഷികമാണു ഞായറാഴ്ച. അദ്ദേഹം ലൂയി വാഷ്കാൻസ്കി (54) എന്ന രോഗിക്കു പുതിയ ഹൃദയം വച്ചുപിടിപ്പിച്ചത് 1967 ഡിസംബർ മൂന്നിന്. കാർ അപകടത്തിൽ മരിച്ച ഇരുപത്തിനാലുകാരി ഡെനിസ് ഡാർവാലിന്റെ ഹൃദയമാണു തുന്നിച്ചേർത്തത്. മെഡിക്കൽ രംഗത്തെ നിർണായക ചുവടുവയ്പിനു ചുക്കാൻ പിടിച്ച ഡോ. ബർണാഡ് ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ്. ആഫ്രിക്കയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ, ആദ്യ ഓപ്പൺ ഹാർട്ട് സർജറി തുടങ്ങിയവ നടത്തിയതും അദ്ദേഹമാണ്.

ഹൃദയം നിലച്ചു ഗുരുതരനിലയിലായിരുന്ന വാഷ്കാൻസിക്കു പുതിയ ഹൃദയം 18 ദിവസത്തെ ആയുസ്സേ കൂട്ടി നൽകിയുള്ളൂ. എങ്കിലും ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ മെഡിക്കൽ ലോകത്തിനു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

പിന്നീട് ഹൃദയചികിൽസാ രംഗം ഏറെ മുന്നേറി. ഹൃദയം മാറ്റിവയ്ക്കൽ കൂടുതൽ സുരക്ഷിതമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർ ഇതിലൂടെ ജീവിതത്തിലേക്കു തിരിച്ചുനടന്നു. 2012ൽ 71ാം വയസ്സിൽ പുതിയ ഹൃദയവുമായി ജീവിക്കാൻ തുടങ്ങിയ യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെയ്നി പറഞ്ഞതുപോലെ, ‘ഇതാണു ജീവിതസമ്മാനം’.

ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് 1994, ഓഗസ്റ്റ് മൂന്നിനു ഡൽഹി ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്); നേതൃത്വം നൽകിയതു ഡോ. പി. വേണുഗോപാൽ. രാജ്യത്ത് അവയവദാന നിയമം പാസാക്കുന്നിനു മുൻപായിരുന്നു ഇത്. മസ്തിഷ്കമരണവും അവയവദാനവും സംബന്ധിച്ചുള്ള നിയമം 1996ൽ പാസാക്കിയതിനു ശേഷമുള്ള ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതു ഡോ. കെ.എം.ചെറിയാനാണ്. രാജ്യത്തെ ആദ്യ ഹൃദയ– ശ്വാസകോശ മാറ്റ ശസ്ത്രക്രിയ, കുട്ടികളിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ, ആദ്യത്തെ ശ്വാസകോശമാറ്റ ശസ്ത്രക്രിയ തുടങ്ങിയവ നടത്തിയതും ഈ മലയാളിയാണ്.

2003ൽ കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതു ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ്. രാജ്യത്തെ ആദ്യത്തെ ഹൃദയ റി ട്രാൻസ്പ്ലാന്റ് (ഹൃദയം മാറ്റിവച്ച വ്യക്തിക്കു വീണ്ടും ഹൃദയം മാറ്റിവയ്ക്കുന്നത്) ശസ്ത്രക്രിയ നടത്തിയതും അദ്ദേഹമാണ്.