കുട്ടി ഷെഫ് ഹയാൻ

ആറു വയസ്സുകാരൻ ആദം മുഹമ്മദ് അമീറിനെ ഓർമയില്ലേ? അറുപതു വയസ്സുകാരൻ പൈലറ്റിന്റെ പരിചയത്തോടെ ഇത്തിഹാദ് വിമാനത്തിന്റെ എയർബസ് എ 380 ട്രെയിനിങ് അക്കാദമിയിൽ വിമാനത്തിന്റെ ക്യാപ്റ്റനായി ഒരു ദിവസം വിലസിയ ആദം മുഹമ്മദിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായത് അടുത്തിടെയാണ്.

അങ്ങ് ദുബായിൽ വിമാനത്തിന്റെ ക്യാപ്റ്റനായി വിലസിയ ആദത്തിന്റെ അതേ പ്രായത്തിൽ ഇങ്ങ് ചെന്നൈയിലും ഒരു ആറു വയസ്സുകാരൻ വിലസുകയാണ്. അടുക്കളയിൽ രുചിയുടെ പെരുന്നാളൊരുക്കാൻ ആറു വയസ്സ് തന്നെ ധാരാളമാണെന്നു ഹയാൻ അബ്ദുല്ലയെന്ന കൊച്ചുമിടുക്കൻ പറയുന്നു. രുചിപ്പെരുമയുടെ നാടായ കോഴിക്കോട് സ്വദേശിയാണു ഹയാൻ അബ്ദുല്ല. ഹയാന്റെ പിതാവ് ഹഷ്നാസ് അബ്ദുല്ല പയ്യോളിക്കാരനാണ്. മലപ്പുറം മാറഞ്ചേരി സ്വദേശിനിയായ റഷയാണ് ഹയാന്റെ മാതാവ്.

കുഞ്ഞായിരിക്കുമ്പോൾ ഉമ്മയോടൊപ്പം അടുക്കളയിൽ കയറിയ ഹയാൻ ഇപ്പോൾ പലതരം വിഭവങ്ങൾ എങ്ങനെയുണ്ടാക്കാമെന്നു മറ്റുള്ളവർക്കു പഠിപ്പിക്കുന്ന പാചക വിദഗ്ധനായി മാറിയിരിക്കുന്നു. ഒരു കുട്ടി ഷെഫ് ആയി ഹയാൻ യൂടുബിലും ഫെയ്സ്ബുക്കിലും തിളങ്ങുകയാണ്. ‘കുഞ്ഞായിരിക്കുമ്പോൾ മുതൽ ഹയാൻ എന്റെകൂടെ അടുക്കളയിൽ കയറുമായിരുന്നു. വെള്ളത്തിൽ കളിക്കാനുള്ള താൽപര്യം കൊണ്ടായിരിക്കണം, പാത്രം കഴുകാനാണ് ആദ്യം താൽപര്യം കാണിച്ചിരുന്നത്. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിലും കുഴച്ച മാവുകൊണ്ടു രൂപങ്ങൾ ഉണ്ടാക്കി കളിക്കുന്നതിലേക്കും പിന്നീടു ശ്രദ്ധ തിരിഞ്ഞു. കാർട്ടൂൺ കാണാനൊന്നും താൽപര്യമില്ല. വഴക്കില്ലാതെ അടുക്കളയിൽ ഇരുന്നു ഞാൻചെയ്യുന്ന പാചകമൊക്കെ കണ്ടുപഠിച്ചു. ഇനി ഞാൻ ചെയ്യാമെന്നു പറഞ്ഞ് എന്റെ കയ്യിൽനിന്നും സാധനങ്ങൾ വാങ്ങി തനിയെ കാര്യങ്ങൾ നിയന്ത്രിച്ചു. ഇപ്പോൾ അവൻ തനിയെ പാചകം ചെയ്യും’. ഹയാന്റെ അമ്മ റഷ പറയുന്നു.

ചോക്ലേറ്റ് ഏറെ ഇഷ്ടമുള്ള ഹയാൻ തനിയെ ആദ്യമായി ഉണ്ടാക്കിയതു ചോക്കോ ബോൾ എന്ന വിഭവമാണ്. ഇളനീർ പായസം, ചിക്കൻ മന്തി, ചുരക്ക പായസം, മാംഗോ ഐസ്ക്രീം, ഫ്രൂട്ട് സലാഡ് തുടങ്ങി ഹൈദരാബാദ് ചിക്കൻ ബിരിയാണി വരെ എത്തിനിൽക്കുന്നു ഹയാന്റെ പാചകം. ഇക്കഴിഞ്ഞ വേനൽ അവധിക്കു ദുബായിൽ പോയ ഹയാൻ ഏറ്റവും ആസ്വദിച്ചു കഴിച്ച വിഭവം ‘കുനാഫ’യാണ്. കുനാഫയ്ക്ക് ആവശ്യമായ സാധനങ്ങൾ ദുബായിൽനിന്നു കൊണ്ടുവന്നു സ്വന്തമായി ഉണ്ടാക്കിയും ഹയാൻ പാചക നൈപുണ്യം തെളിയിച്ചിട്ടുണ്ട്.

പാചകം യൂട്യൂബിലും ഫെയ്സ്ബുക്കിലും
ഓൺലൈൻ സൈറ്റിൽ കണ്ട ഷെഫിന്റെ ചെറിയ കുപ്പായം അമ്മ റഷ ഹയാനായി വാങ്ങി നൽകി. ഷെഫിന്റെ കുപ്പായവും തൊപ്പിയുമൊക്കെ ഇട്ടതോടെ ടിവിയിൽ കാണുന്നപോലെ കുക്കറി ഷോ തന്നെ നടത്തണമെന്നായി ഹയാൻ. ഹയാന്റെ താൽപര്യത്തിനു വഴങ്ങി റഷ തന്റെ മൊബൈലിൽ ചില പാചകങ്ങളുടെ വിഡിയോ വെറുതെ ചിത്രീകരിച്ചു. ഹയാൻ ഡെലിക്കസി (Hayan Delicacy) എന്ന പേരിൽ യൂടൂബിൽ ചാനൽ തുടങ്ങി അതിൽ വിഡിയോകൾ അപ്‌ലോഡ് ചെയ്തു. ഏഴു മാസങ്ങൾക്കു മുൻപാണു യൂടൂബിൽ വിഡിയോകൾ നൽകി തുടങ്ങിയത്.

ഹയാന്റെ പേരിലുള്ള യൂടൂബ് ചാനലിൽ ചെന്നാൽ മലയാളത്തിലും ഇംഗ്ലിഷിലും തമിഴിലും പാചക കാര്യങ്ങൾ പഠിപ്പിക്കുന്ന ഹയാനെ കാണാം. വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്ന ഹയാന്റെ 35 വിഡിയോകൾ ഇതുവരെ യൂടൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫെയ്സ് ബുക്കിലും ഹയാൻ ഡെലിക്കസി എന്ന പേരിൽ പേജുണ്ട്. ഹയാന്റെ പാചക കുറിപ്പും ചിത്രങ്ങളും അമ്മ ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്.

തിളങ്ങണം ഫുട്ബോളിലും പാചകത്തിലും
ചെന്നൈ പെരമ്പൂർ വൈറ്റ് ഗോൾഡ് സ്കൂളിൽ ഒന്നാം ക്ലാസിലാണ് ഹയാൻ പഠിക്കുന്നത്. വലുതാകുമ്പോൾ പിതാവിന്റെ നേതൃത്വത്തിലുള്ള ചെന്നൈയിലെ പ്രശസ്തമായ ബിരിയാണി കടകൾ നോക്കി നടത്തുമോയെന്നു ചോദിക്കുന്നവരോടുള്ള ഹയാന്റെ മറുപടി ഇതാണ്. ‘പാചകക്കാരൻ മാത്രമായാൽ പോരാ. ഒരു ഫുട്ബോളർ കൂടിയാകണം. അതും എന്റെ ഇഷ്ടതാരം മെസ്സിയെ പോലെ ലോകം അറിയുന്ന ഒരു ഫുട്ബോളർ’.

ഫുട്ബോൾ കളിക്കാനും പാചകം ചെയ്യാനുമുള്ള താൽപര്യം ഹയാൻ പഠനത്തിലും കാണിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ഹയാന് ഏറ്റവും ഇഷ്ടമുള്ള വിഭവം പാസ്തയാണ്. സ്വന്തമായി വലിയ പാസ്താ ബാർ തുടങ്ങണമെന്നതു വലിയൊരു ആഗ്രഹമാണ്. പാസ്താ ബാർ തുടങ്ങാനുള്ള പണം എത്രയും പെട്ടെന്നു സംഘടിപ്പിച്ചു നൽകണമെന്ന് മാതാപിതാക്കളോടു പറഞ്ഞിട്ടുണ്ട്. കുഞ്ഞു മനസ്സിലെ രുചിയുള്ള ആഗ്രഹങ്ങൾ..