മാറിൽ താലി, കരണംമറിഞ്ഞ് ഇണയെ വശീകരിക്കൽ; ഇങ്ങനെയും ഒരു കുരുവി,  Voyages, Christopher Columbus, Padhippura, Manorama Online

മാറിൽ താലി, കരണംമറിഞ്ഞ് ഇണയെ വശീകരിക്കൽ; ഇങ്ങനെയും ഒരു കുരുവി

ഡോ. അബ്ദുല്ല പാലേരി


ഇംഗ്ലീഷ് പേര്: Grey-breasted Prinia/Franklin’s Prinia
ശാസ്ത്രനാമം : Prinia hodgsonii
കുടുംബം : Cisticolidae

അങ്ങാടിക്കുരുവിയെ അറിയാമല്ലോ? അവയെക്കാൾ അൽപംകൂടി ചെറിയ പക്ഷിയാണ് താലിക്കുരുവി(Grey-breasted Prinia). സ്വീച്ച്...സ്വീച്ച് എന്നു കരഞ്ഞുകൊണ്ട് ഇലകളിലും ചില്ലകളിലും സദാ ചാഞ്ചാടിയും തുള്ളിക്കളിച്ചും വിഹരിക്കുന്ന, അടങ്ങിയിരിക്കാൻ ഇഷ്ടമില്ലാത്ത ഒരു കൊച്ചു പക്ഷി. അഞ്ചും ആറും എണ്ണമുള്ള കൂട്ടമായാണു മിക്കവാറും ഇവയെ കാണാനാവുക. ചില കൂട്ടങ്ങളിൽ ഇരുപതും മുപ്പതുംവരെ പക്ഷികളുണ്ടാകും. ചിലപ്പോഴൊക്കെ ഒറ്റയ്ക്കും രണ്ടെണ്ണത്തെ ഒരുമിച്ചും കാണാം.

താലിക്കുരുവികൾ കേരളത്തിൽ മിക്കയിടത്തുമുണ്ട്. പൊന്തകളിലും കുറ്റിക്കാടുകളിലും മുളങ്കൂട്ടങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടൽകാടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവയെ കാണാം. ഇന്ത്യയിൽ മിക്കയിടങ്ങളിലും ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും താലിക്കുരുവികളും അവയുടെ വ്യത്യസ്ത ഉപവിഭാഗങ്ങളും(Sub-species) കാണപ്പെടുന്നുണ്ട്. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഉപവിഭാഗത്തിന്റെ (Prinia hodgsonii albogularis) മാറിൽ സന്താനോൽപാദന കാലത്തു വീതികൂടിയ ചാരത്താലി പ്രത്യക്ഷപ്പെടും.

തേനുണ്ടും പ്രാണിയെപ്പിടിച്ചും..
വണ്ടുകൾ, ഉറുമ്പുകൾ, തുമ്പികൾ തുടങ്ങിയ പ്രാണികളും പുഴുക്കളുമാണു താലിക്കുരുവിയുടെ മുഖ്യാഹാരം. മുരിക്ക്, ചമത തുടങ്ങിയ വൃക്ഷങ്ങളുടെ പൂക്കളിൽനിന്ന് തേൻ ഉണ്ണുന്ന ശീലമുണ്ട്. തേൻ നുകരുമ്പോൾ കൊക്കിലും മുഖത്തും പൂമ്പൊടി പറ്റിപ്പിടിക്കും. ചിലപ്പോൾ പൂമ്പൊടി പറ്റിപ്പിടിച്ചു നെറ്റിത്തടത്തിനു നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഇതു പക്ഷിയെ തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ചില പൂമരങ്ങളിൽ പരാഗണം നടത്താൻ താലിക്കുരുവി സാഹായിക്കാറുണ്ട്. പ്രജനന കാലമായാൽ ആൺപക്ഷി പെണ്ണിനെ ആകർഷിക്കാനായി ഉച്ചത്തിൽ നിർത്താതെ പാടിക്കൊണ്ടിരിക്കും. വായുവിൽ കരണംമറിഞ്ഞു പറന്നും പൂവൻ പിടയെ വശീകരിക്കാറുണ്ട്.

കൂടൊന്ന്, കുഞ്ഞുങ്ങൾ മൂന്ന്
സാധാരണയായി ഒരു കൂട്ടിൽ മൂന്ന് മുട്ടയിടും. ഇളം വെളുപ്പോ ഇളം നീലയോ നിറത്തിലുള്ള മുട്ടയുടെ പുറംതോടിൽ ധാരാളം തവിട്ടു പുള്ളികളും അടയാളങ്ങളും കാണാം. വിരളമായി പുള്ളികളില്ലാത്ത മുട്ടയും കാണാറുണ്ട്. കൂടു നിർമാണം പൂർത്തിയാകുംമുൻപേ മുട്ടയിട്ടുതുടങ്ങും. പൂവനും പിടയും അടയിരിക്കാറുണ്ട്. 10 - 11 ദിവസമാണ് അടയിരിപ്പുകാലം. കുഞ്ഞുങ്ങൾ പറക്കാറായാലും അച്ഛനമ്മമാർ കുറേക്കാലത്തേക്ക് അവയെ ഒപ്പം കൊണ്ടുനടന്നു തീറ്റിപ്പോറ്റും. പക്ഷിയുടെ പുറത്തിന് ഇളംതവിട്ടു കലർന്ന ചാരനിറമാണ്. അടിഭാഗം വെളുത്തിട്ടും. വെളുത്ത പുരിക അടയാളം കാണാം. വാലിൽ വെളുപ്പും കറുപ്പും നിറത്തിലുള്ള പട്ടകളുണ്ട്. വാലറ്റത്തിന് വെളുപ്പുനിറമാണ്. കൂടുകൂട്ടുന്ന കാലത്തു മാറിൽ ചാരത്താലി പ്രത്യക്ഷപ്പെടും. പുരികവര അവ്യക്തമാകും.

ഇലക്കൂടും പുൽക്കൂടും
പലപ്പോഴും വർഷത്തിൽ രണ്ടു തവണ കൂട്ടുകൂട്ടാറുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും ആണ് മുഖ്യമായും കൂട്ടുകൂട്ടുന്നതെങ്കിലും വർഷത്തിൽ എല്ലാ മാസത്തിലും കൂട് കാണാറുണ്ട്. രണ്ടു തരം കൂടുകൾ ഇവ നിർമിച്ചുകാണപ്പെടുന്നു. നാരുകളും പുല്ലുകളുമുപയോഗിച്ച് സസ്യങ്ങളിൽ കോപ്പയുടെ ആകൃതിയിൽ ഉണ്ടാക്കുന്നതാണ് ഒരിനം കൂട്. തുന്നാരനെപ്പോലെ ഇലകൾ കൂട്ടിത്തുന്നിയും കൂടുണ്ടാക്കാറുണ്ട്. തേക്കില, വട്ടയില തുടങ്ങിയവയാണ് ഇങ്ങനെ കൂടൊരുക്കാൻ ഉപയോഗിക്കുന്നത്. ഇലയുടെ വക്കുകൾ നാരുകോർത്തു കൂട്ടിത്തുന്നും. വക്കുകൾക്കിടയിലെ വിടവ് ചിലന്തിവല ഉപയോഗിച്ചു ബലപ്പെടുത്തും. ഇങ്ങനെ നിർമിക്കുന്ന ഇലസഞ്ചിക്കകത്താണ് യഥാർഥ കൂട്. അതു നാരും ഇലകളും ചേർത്തു നിർമിക്കും. കൂട്ടിനുള്ളിൽ ഇലയും പുല്ലും വിരിക്കും. ആറു മുതൽ എട്ടു ദിവസംവരെയെടുത്താണു കൂടുനിർമാണം. കൂട് നിർമാണത്തിൽ തുന്നാരനുള്ളത്ര വൈദഗ്ധ്യം താലിക്കുരുവിക്കില്ല. തുന്നാരൻ കൂടുകളുടെ ഭംഗിയോ പൂർണതയോ ഇവയുടെ കൂടൂകൾക്കു കാണാറില്ല.