മനസ്സിൽ കണ്ടത് മാനത്ത് കാണും

നമ്മൾ ഗൂഗിളിൽ ‘ജാഗ്വാർ’ എന്നു സേർച്ച് ചെയ്യുന്നു. നിങ്ങൾ യഥാർഥത്തിൽ ഉദ്ദേശിച്ചതു പുള്ളിപ്പുലിയെ ആണോ, അതോ ജാഗ്വാർ എന്ന കാർ ആണോ എന്ന് എങ്ങനെ തിരിച്ചറിയും? അതിനായി നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങളെക്കുറിച്ചു നൽകിയ വിവരങ്ങൾ ഗൂഗിൾ അതിന്റെ മെമ്മറിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരിക്കും. നിങ്ങളുടെ പഴയ തിരച്ചിൽ ഫലങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ, താൽപര്യങ്ങൾ തുടങ്ങി നിങ്ങളെക്കുറിച്ചു പരമാവധി ലഭ്യമായ വിവരങ്ങൾ നിമിഷനേരംകൊണ്ട് അപഗ്രഥിച്ച് ഒരുവിധം കുറ്റമറ്റ രീതിയിൽ തിരച്ചിൽ ഫലങ്ങൾ നൽകാൻ ഗൂഗിൾ ശ്രമിക്കുന്നു.

ഇവിടെ സംഭവിക്കാൻ സാധ്യതയുള്ള പിഴവുകൾ സ്വയമേവ തിരുത്തി പുതിയ കാര്യങ്ങൾ ചേർത്തു വിവരങ്ങൾ എല്ലായ്പോഴും പുതുക്കിക്കൊണ്ടും ഇരിക്കുന്നു. ഗൂഗിൾ മാത്രമല്ല ഫെയ്സ്ബുക്, ആമസോൺ, ആലിബാബ തുടങ്ങിയ ഇന്റർനെറ്റ് ഭീമന്മാരെല്ലാം ഉപയോക്താക്കൾക്കു മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതോടൊപ്പം തങ്ങളുടെ പരസ്യവരുമാനം കൂട്ടാനും നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സാധ്യതകൾ വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.