പാണ്ടൻനായയുടെ സമ്മാനം

വിൻസി ആലപ്പാട്ട്

ഇരുട്ടിന്റെ പുതപ്പു വലിച്ചുമാറ്റി അമ്പിളിമാമൻ ആകാശമുറ്റത്തേക്കിറങ്ങി.നീലനിലാവ് പരന്നൊഴുകി .ചുവന്നു കത്തുന്ന തെരുവു വിളക്കിനടുത്തു കൂടെ പാണ്ടൻനായ വേച്ചുവേച്ചുനടന്നു.

പാണ്ടൻനായയ്ക്ക് വയസ്സായി. പല്ലുകൾ മിക്കതും കൊഴിഞ്ഞുപോയി. ആരോഗ്യമുള്ള കാലത്ത് അവൻ നഗരത്തിലെ വലിയൊരു പണക്കാരന്റെ വീട്ടിലെ കാവൽനായയായിരുന്നു.

വളരെ ചെറുപ്പത്തിലേ പാണ്ടൻനായ ആ വീട്ടിലെത്തി .മുതലാളി വിദേശത്തുനിന്നാണത്രേ അവനെ വാങ്ങിയത്. മുതലാളിയുടെ മകനായ ഉണ്ണിക്കുട്ടനോടൊപ്പം അവനും ആ വീട്ടിൽ കളിച്ചുവളർന്നു. ഉശിരുള്ള പ്രായമായപ്പോൾ ആത്മാർഥതയോടെ മുതലാളിയുടെ വീടിന് കാവൽനിന്നു. അന്ന് അവൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു. വിരുന്നുകാർ വരുമ്പോൾ മുതലാളി അഭിമാനത്തോടെ അവനെ കാണിച്ചുകൊടുക്കുമായിരുന്നു. കാലം കടന്നുപോയി. മുതലാളി മരിച്ചു. ഉണ്ണിക്കുട്ടൻ വളർന്ന് ഉണ്ണിമേനോൻ എന്ന ബിസിനസ്സുകാരനായി. വിവാഹവും കഴിഞ്ഞു. തിരക്ക് പിടിച്ച ജീവിതം, അതിനിടയ്ക്ക് വയസ്സുചെന്നു രോഗിയായി മാറിയ പാണ്ടൻ നായയെ നോക്കാൻ ആർക്കുനേരം! ഒരു ദിവസം ഉണ്ണിമേനോന്റെ ഭാര്യ പാണ്ടൻനായയെ കാറിൽ കയറ്റി തൊട്ടടുത്ത തെരുവിൽകൊണ്ടുപോയി ഉപേക്ഷിച്ചു. പാവം പാണ്ടൻനായ. ആയകാലത്ത് ആത്മാർഥമായി യജമാനനെ സേവിച്ചതിനു കിട്ടിയ കൂലി. അവൻ നിശ്ശബ്ദമായി കരഞ്ഞു ..

നടന്നു നടന്ന് അവൻ തെരുവിലെ പ്രധാന ഹോട്ടലിനടുത്ത് ഭക്ഷണാവശിഷ്ടങ്ങൾ ഇടാറുള്ള വീപ്പയ്ക്കരികിലെത്തി. വല്ലതും തിന്നാൻ കിട്ടിയിട്ട് ദിവസം രണ്ടായി.'ള്ളേ...ള്ളേ..'പെട്ടെന്നാണ് അവനൊരു മനുഷ്യക്കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..വീപ്പയിലേക്ക് നോക്കിയപ്പോൾ ഉറുമ്പരിച്ചുകിടക്കുന്ന ഒരു മനുഷ്യക്കുഞ്ഞ്! 'ഹോ..ഈ മനുഷ്യർ എന്തു ക്രൂരൻമാരാണ്, ആരായിരിക്കും ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത്.' അവൻ കുഞ്ഞിനെ കടിച്ചെടുത്ത് നിലത്തു കിടത്തി. നക്കിത്തുടച്ച് ഉറുമ്പിനെയെല്ലാം കളഞ്ഞപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി മിഴിച്ചുനോക്കി.

'ഇതിനെ എന്തു ചെയ്യും?' പെട്ടെന്ന് അവന് കുഞ്ഞുങ്ങളില്ലാത്ത തന്റെ മുതലാളിയുടെ ദുഖമാണ് ഓർമ വന്നത്. കുഞ്ഞിനെയും കടിച്ചെടുത്ത് വേച്ചുവേച്ചു നടന്ന് അവൻ വർഷങ്ങളോളം താൻ താമസിച്ചിരുന്ന ആ വീട്ടിലെത്തി. മുറ്റത്ത് കുഞ്ഞിനെ വെച്ച് അവൻ സർവശക്തിയുമെടുത്ത് കുരച്ചു ." ഹോ ഈ നശിച്ച നായ പിന്നെയും വന്നോ.." മുതലാളിയുടെ ഭാര്യ വാതിൽ തുറന്ന് പുറത്തിറങ്ങി. മുറ്റത്ത് കോമളനായ ഒരു കുഞ്ഞ്. അവർ ഓടിച്ചെന്ന് അതിനെയെടുത്ത് മാറോട് ചേർത്തു .." അതിനെ തുരുതുരാ ഉമ്മ വെച്ചു .'ആരാണാവോ ഈ കുഞ്ഞിനെ ഇവിടെ കൊണ്ടുവെച്ചത്.. ആരെങ്കിലുമാകട്ടെ..എനിക്ക് ദൈവം തന്ന മുത്താണിവൻ'.അവൾ അവനെ മാറോട് ചേർത്ത് അകത്തേക്കു കൊണ്ടുപോയി. വാതിലടഞ്ഞു. ഇരുട്ടിൽ നിന്ന പാണ്ടൻനായ ഒഴിഞ്ഞുകിടക്കുന്ന തന്റെ കൂട് ഒരുനിമിഷം നോക്കിനിന്നു. പിന്നെ, ഇറങ്ങിനടന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അമ്പിളിമാമൻ നിലാവാകുന്ന കൈകൾകൊണ്ട് അവനെ തലോടിക്കൊണ്ടിരുന്നു!