അര നൂറ്റാണ്ട് ഗവേഷകർ കാത്തിരുന്നു കണ്ടെത്തി, കടലിൽ മറഞ്ഞിരുന്ന രാക്ഷസ പർവതം!,  Ancient humans India, survived Toba super volcano, eruption, Padhippura, Manorama Online

അര നൂറ്റാണ്ട് ഗവേഷകർ കാത്തിരുന്നു കണ്ടെത്തി, കടലിൽ മറഞ്ഞിരുന്ന രാക്ഷസ പർവതം!

പുഹാഹോനു– കേള്‍ക്കാന്‍ നല്ല രസമുള്ള പേരല്ലേ? ഹവായിയൻ ഭാഷയിൽ ഇതിന്റെ അർഥം എന്താണെന്നറിയാമോ? വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ ആമ തല നീട്ടുന്നതു കണ്ടിട്ടില്ലേ, അതിനെ പ്രാദേശിക ഗോത്രവിഭാഗക്കാർ വിശേഷിപ്പിക്കുന്ന വാക്കാണ് പുഹാഹോനു. കടലിനടിയിൽ ഒളിച്ചിരിക്കുന്ന വമ്പനൊരു അഗ്നിപർവതമാണിത്. ഇപ്പോഴതിന് മറ്റൊരു വിശേഷം കൂടിയുണ്ട്. ലോകത്ത് ഇന്നു കാണപ്പെടുന്ന ഏറ്റവും വലിയ, ഏറ്റവും ചൂടേറിയ അഗ്നിപർവതം.

വടക്കു പടിഞ്ഞാറൻ ഹവായിയൻ ദ്വീപ സമൂഹങ്ങളോടു ചേർന്നുള്ള കടലിലാണ് ഈ വമ്പൻ പർവതം ഒളിച്ചിരിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും കടലിനടിയിലാണ്. വളരെ കുറച്ചു ഭാഗം മാത്രമാണ് വെള്ളത്തിനു മുകളിലേക്കു കാണാനാവുക. അതും വെള്ളത്തിനു മുകളിലേക്കു പർവതം തലനീട്ടി നോക്കുന്നതു പോലെ. അങ്ങിനെയാണ് ആമയുടെ തലയെന്ന വിശേഷണം പ്രദേശവാസികൾ ചാർത്തിക്കൊടുത്തത്. ഗാർഡ്നർ പിന്നക്കിള്‍സ് എന്നാണ് പർവതത്തിന്റെ ഇംഗ്ലിഷിലുള്ള പേര്. പർവതത്തിന്റെ പല ഭാഗങ്ങളിലും ആമകളെ കാണാറുമുണ്ട്. ഇത്രയും കാലത്തിനിടെ പക്ഷേ വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന പുഹാഹോനു പർവതത്തിന്റെ യഥാർഥ രൂപം ആർക്കും കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ഗവേഷകർ അതും കണ്ടെത്തിക്കഴിഞ്ഞു. നേരത്തേ കരുതിയിരുന്നതിനേക്കാളും രണ്ടിരട്ടിയിലേറെയാണ് ഈ അഗ്നിപർവത ഭീമന്റെ വലുപ്പം.

വടക്ക് ശാന്തമഹാ സമുദ്രത്തിൽ ഒട്ടേറെ അഗ്നിപർവതങ്ങൾ ഒരു ചങ്ങല പോലെ കോർത്ത് കിടപ്പുണ്ട്. അതിലേറെയും സമുദ്രത്തിനടിയിലാണ്, ശേഷിക്കുന്നവ മുകളിലും. ഇവയുടെ ഘടനയും മറ്റും പഠിക്കുന്നതിനും പുഹാഹോനുവിനെപ്പറ്റിയുള്ള ഗവേഷണത്തിലൂടെ സാധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇനി ആ കഥ പറയാം, ഏകദേശം 1.48 ലക്ഷം ക്യുബിക് കിലോമീറ്റർ പ്രദേശത്താണ് പുഹാഹോനു അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഇതുവരെ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഹവായിയിലെതന്നെ മൗണ ലോവ ആയിരുന്നെന്നാണ്. അതിനാകട്ടെ 74,000 ക്യുബിക് കിലോമീറ്ററായിരുന്നു വലുപ്പം.
1970കളിൽത്തന്നെ ഗവേഷകർ പലതരം നിരീക്ഷണത്തിലൂടെ പുഹാഹോനുവിന്റെ വലുപ്പം കണ്ടെത്തിയിരുന്നു. അന്നുപക്ഷേ അളന്നുവന്നപ്പോൾ 54,000 ക്യുബിക് കിലോമീറ്ററേ വലുപ്പമുണ്ടായിരുന്നുള്ളൂ. അതിനു പിന്നാലെ മൗണ ലോവയിൽ വിശദമായ സർവേ നടത്തിയപ്പോഴായിരുന്നു പുഹാഹോനുവിനേക്കാൾ വലുതാണെന്ന നിഗമനത്തിലെത്തിത്. എന്നാൽ അപ്പോഴും ഗവേഷകർ സംശയത്തിലായിരുന്നു. അതിനാൽത്തന്നെ അവർ അരനൂറ്റാണ്ടോളം പുഹാഹോനുവിനെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. കടലിനടിയിലേക്ക് സോണാർ തരംഗങ്ങൾ പ്രയോഗിച്ചുള്ള പരീക്ഷണവും പർവതത്തിന്റെ ശിലാഘടനയുമെല്ലാം വിശദമായി പഠിച്ചു. അങ്ങനെയാണ് പർവതത്തിന് ഏകദേശം 1.25 കോടി മുതൽ 1.41 കോടി വരെ വർഷം പഴക്കമുണ്ടെന്നു വ്യക്തമായത്.

പർവതം രൂപപ്പെട്ടതിനു പിന്നിലും ഭൗമശാസ്ത്രപരമായ ചില കൗതുകങ്ങളുണ്ട്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം. അതിനു താഴെയാണ് മാന്റിൽ എന്ന ഭാഗം. പാറകളും മറ്റും ഉരുകിയൊലിച്ച രൂപത്തിലാണിവിടെ കാണപ്പെടുക– മാഗ്മയെന്നാണു പേര്. ഇടയ്ക്ക് ഭൂവൽക്കത്തിലെ ദ്വാരങ്ങളിലൂടെ ഈ മാഗ്മ പുറത്തേക്കൊഴുകും. അപ്പോൾ അതിനെ വിശേഷിപ്പിക്കുന്നതാണ് ലാവയെന്ന്. ലാവ പുറത്തേക്കു ചീറ്റുന്നതാണ് അഗ്നിപർവത സ്ഫോടനം. കൊടുംചൂടിൽ പല ധാതുക്കൾക്കും രൂപമാറ്റം സംഭവിച്ച് അവയെല്ലാം ചേർന്നതാണ് ഈ ലാവ. ഓരോ താപനിലയിലും മർദത്തിലും ഓരോ തരം ധാതുക്കളായിരിക്കും രൂപപ്പെടുക.

പുഹാഹോനുവിന്റെ ശിലാഘടന പഠിച്ച ഗവേഷകർക്ക് ഒരു കാര്യം പിടികിട്ടി– പർവതം രൂപപ്പെട്ടത് ദശലക്ഷക്കണക്കിനു വർഷം മുൻപ് കടലിനടിയിൽ പൊട്ടിത്തെറിച്ച ഒരു അഗ്നിപർവതത്തിന്റെ ലാവ ഉറഞ്ഞു കട്ടിയായാണ്. ആയിരത്തോളം വർഷമെടുത്താണ് ഈ മാഗ്മ പുറത്തെത്തിയത്. അതിനോടകം അതിന്റെ ഉയരം ഏകദേശം 14000 അടിയിലേറെയായിരുന്നു. 275 കിലോമീറ്റർ നീളത്തിൽ 90 കിലോമീറ്റർ വിസ്തൃതിയിൽ അതങ്ങനെ പരന്നുകിടന്നു. ഹവായിയിലെ ഒരു അഗ്നിപർവതത്തിലും കാണാത്ത വിധം ഫോഴ്സ്റ്റെറൈറ്റ് ധാതുവും വൻതോതിൽ പുഹാഹോനുവിൽ കണ്ടെത്തി. മാഗ്മയുടെ കൊടുംചൂടിൽ രൂപപ്പെടുന്നതാണ് ഫോഴ്സ്റ്റെറൈറ്റ്. ഇതിനകത്ത് അടങ്ങിയ കാത്സ്യം ഓക്സൈഡിന്റെ അളവും ഗവേഷകർ പരിശോധിച്ചു. അങ്ങനെയാണ് എത്രയടി ആഴത്തിലാണ് ഇവ രൂപപ്പെട്ടതെന്നു കണ്ടെത്തിയത്. അതോടെ ഇവ ഭൂവൽക്കത്തിനടിയിലെ മാഗ്മയിൽനിന്നാണു രൂപപ്പെട്ടതെന്നും വ്യക്തമായി.

എത്രമാത്രം മർദത്തിലും താപനിലയിലുമാണ് ഫോഴ്സ്റ്റെറൈറ്റ് രൂപപ്പെട്ടതെന്നും തെളിഞ്ഞു. ഏകദേശം 1793 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു അതിനു വേണ്ടിവന്നത്. ഇങ്ങനെയാണ് ഗവേഷകർ പുഹാഹോനുവിന്റെ ഘടനയും പഴക്കവും വലുപ്പവുമൊക്കെ കണ്ടെത്തിയത്. അതോടെ കടലിനടിയിലെ ഈ രാക്ഷസൻ ‘ആമ’ റെക്കോര്‍ഡ് ബുക്കിലേക്ക് നീന്തിക്കയറുകയും ചെയ്തു.