ഗാലക്സികളെ ‘വലിച്ചെടുത്തു’ കൊല്ലുന്ന അദൃശ്യ ശക്തി ബഹിരാകാശത്ത്!, Galaxies, Mysterious Forces, Virgo galaxy cluster, PadhippuraPadhippura, Manorama Online

ഗാലക്സികളെ ‘വലിച്ചെടുത്തു’ കൊല്ലുന്ന അദൃശ്യ ശക്തി ബഹിരാകാശത്ത്!

ഒരു ദിവസം ആകാശത്തേക്കു നോക്കുമ്പോഴുണ്ട് നക്ഷത്രങ്ങളെയൊന്നും കാണാനില്ല. ആരോ പിടിച്ചു വിഴുങ്ങിയതു പോലെ എല്ലാ നക്ഷത്രങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഹൊ, കൂട്ടുകാർക്ക് ആലോചിക്കാന്‍ കൂടി വയ്യല്ലേ? പക്ഷേ കോടിക്കണക്കിനു നക്ഷത്രങ്ങളുടെ കൂട്ടമായ ഗാലക്സികളെ ഏതോ അദൃശ്യ ശക്തി ‘കൊന്നു’ തിന്നുകയാണെന്നാണു ഗവേഷകർ പറയുന്നത്. എന്താണു സംഭവിക്കുന്നതെന്ന് അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാതെ കൈമലർത്തുകയാണു ഗവേഷകർ. ഭൂമിയിൽ നിന്നു നോക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങളെല്ലാം അപ്രത്യക്ഷമാകുന്നത് സിനിമയിൽ മാത്രമേയുള്ളൂ കേട്ടോ. പക്ഷേ ഭൂമിയിൽ നിന്ന് ഏകദേശം ആറരക്കോടി പ്രകാശ വർഷം അകലെയുള്ള ഒരു നക്ഷത്രക്കൂട്ടത്തിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു ഗവേഷകർ പറയുന്നത്. വിർഗോ ക്ലസ്റ്റര്‍ എന്നറിയപ്പെടുന്ന ഗാലക്സി ക്ലസ്റ്ററിലാണ് ഈ പ്രശ്നം. അവിടെ ഏതോ ഒരു അദൃശ്യശക്തി നക്ഷത്രക്കൂട്ടങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഗാലക്സികൾ ചേർന്ന കൂട്ടമാണ് വിർഗോ ക്ലസ്റ്റർ. ചിലപ്പോൾ നൂറ് അല്ലെങ്കിൽ ആയിരക്കണക്കിനു ഗാലക്സികൾ ചേർന്നതാണ് ഇത്തരം ക്ലസ്റ്ററുകൾ.

ഈ ഗാലക്സികളെല്ലാം പരസ്പരം ഭ്രമണം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ ഇവ തമ്മിൽ ശക്തമായ ‘ബന്ധവും’ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്ലസ്റ്ററുകളിൽ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതും പതിവാണ്. അതിനു സഹായകരങ്ങളായ എല്ലാം ഇവയ്ക്കു ലഭിക്കുന്നുമുണ്ട്. എന്നാല്‍ വിർഗോയിലെ നക്ഷത്രക്കൂട്ടങ്ങളിൽ ചിലതിൽ പുതിയ നക്ഷത്രങ്ങളൊന്നും രൂപപ്പെടുന്നില്ലെന്നതാണ് ഗവേഷകരെ കുഴക്കുന്നത്. ആയിരക്കണക്കിനു ഗാലക്സികളുള്ളതിനാൽത്തന്നെ വിർഗോ പോലുള്ള ക്ലസ്റ്ററുകളിൽ നടക്കുന്ന കാര്യങ്ങളും പലപ്പോഴും ആർക്കും പിടികിട്ടാത്ത വിധം സങ്കീർണമാകാറുണ്ട്. അതിലൊന്നായാണ് പുതിയ പ്രതിഭാസത്തെയും കണക്കാക്കിയിരിക്കുന്നത്.

ഭൂമിയിൽ നിന്നു കോടിക്കണക്കിനു പ്രകാശ വർഷം അകലെയുള്ള ഒരു പ്രതിഭാസത്തെ എന്തിനാണു നമ്മൾ ഭയക്കുന്നതെന്ന സംശയവും സ്വാഭാവികം. പക്ഷേ നമ്മുടെ ഭൂമി ഉൾപ്പെടെ സൗരയൂഥം ഒരു ഗാലക്സിയുടെ ഭാഗമാണെന്നോർക്കണം. ക്ഷീരപഥം എന്ന ഗാലക്സിയിലാണു നാമുള്ളത്. ഭാവിയിൽ ഭൂമിക്കും ഇത്തരമൊരു പ്രശ്നം നേരിടേണ്ടി വന്നാലോ? പുതിയ നക്ഷത്രങ്ങൾ പിറന്നുവീണാലേ ഒരു ഗാലക്സിക്ക് ആയുസ്സുള്ളൂവെന്നതാണു സത്യം. നക്ഷത്രങ്ങൾ രൂപപ്പെടുന്നത് കുറയുന്നു എന്നു പറഞ്ഞാൽ അതിനർഥം ആ ഗാലക്സി ഇല്ലാതാകുന്നു എന്നാണ്. ഭൂമിയിലെ ഭാഷയിൽ പറഞ്ഞാൽ അതിനെ കൊലപാതകം എന്നു തന്നെ വിളിക്കേണ്ടി വരും. പക്ഷേ വിർഗോയുടെ കാര്യത്തിൽ ആ കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മാത്രം. പക്ഷേ എന്തുവില കൊടുത്തും അതു കണ്ടെത്തിയേ മതിയാകൂ. കാരണം, ഭാവിയിൽ ആ ഭീകരന്‍ ക്ഷീരപഥത്തിലേക്കും ‘വരില്ലെന്ന്’ ആരുകണ്ടു!

അതിനാൽത്തന്നെ വിർഗോയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ വേണ്ടി ഒരു പ്രോജക്ട് തന്നെ തയാറായിക്കഴിഞ്ഞു– വിർഗോ എൻവയോണ്മെന്റ് ട്രേസ്ഡ് ഇൻ കാർബൺ മോണോക്സൈഡ് സർവേ (വെർട്ടിക്കോ) എന്നാണു പേര്. അറ്റാക്കാമ മരുഭൂമിയിലെ ലാർജ് മില്ലിമീറ്റർ അറേ (അൽമ) എന്ന റേഡിയോ ടെലിസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണമാണു ലക്ഷ്യം. പുതിയ നക്ഷത്രങ്ങളുണ്ടാകാൻ കാരണമായ ഹൈഡ്രജൻ വാതകത്തിന്റെ പ്രവർത്തനമായിരിക്കും അൽമ നിരീക്ഷിക്കുക. അതുവഴി വൈകാതെ തന്നെ ശാസ്ത്രലോകം കാത്തിരിക്കുന്ന ഉത്തരവും കിട്ടുമെന്നാണു പ്രതീക്ഷ.