മനുഷ്യനോളം ഉയരം! പെൻഗ്വിൻ രാജാവ്

നവീൻ മോഹൻ

പെൻഗ്വിനുകളുടെ ലോകത്തെ ചക്രവർത്തി ആരാണെന്നറിയാമോ? ഈ ചോദ്യത്തിൽ തന്നെയുണ്ട് ഉത്തരം. എംപറർ പെൻഗ്വിനുകൾക്കാണ് ആ പദവി. അതിനു കാരണവുമുണ്ട്.

സാധാരണ ഗതിയിൽ കുണുങ്ങിക്കുണുങ്ങി നടക്കുന്ന കുഞ്ഞൻ പെൻഗ്വിനുകൾക്കിടയിൽ ഏറ്റവും തലയെടുപ്പുള്ളത്’ എംപറർ വിഭാഗക്കാർക്കാണ്. ഒന്നു ‘നെഞ്ചുവിരിച്ചു’ നിന്നാൽ ഉയരം മൂന്നരയടിയോളം വരും. ഭാരമാണെങ്കിൽ 22 മുതൽ 45 കിലോഗ്രാം വരെയും. ലിറ്റിൽ പെൻഗ്വിനുകൾക്ക് ശരാശരി 30 മുതൽ 33 സെ.മീ. വരെയേ ഉയരമുള്ളൂ.

ഗാലപ്പഗോസ് പെൻഗ്വിനുകൾക്കാകട്ടെ ശരാശരി 49 സെന്റി മീറ്ററും. എംപറർ പെൻഗ്വിനുകൾക്ക് ‘ചക്രവർത്തിപ്പട്ടം’ കിട്ടുന്നതു തികച്ചും സ്വാഭാവികം. എന്നാൽ ഇനി ആ രാജാക്കന്മാർക്ക് തലയൽപം താഴ്ത്തി നടക്കേണ്ടി വരും. ഒത്ത ഒരു മനുഷ്യന്റെ വലുപ്പമുള്ള പെൻഗ്വിനുകൾ ലോകത്തുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ന്യൂസീലൻഡിലെ ഒരു കടൽത്തീരത്തെ പാറക്കൂട്ടങ്ങളിലൊന്നിൽ നിന്നാണ് ഈ വമ്പൻ പെൻഗ്വിന്റെ ഫോസിൽ ഗവേഷകർക്കു ലഭിച്ചത്. ഏകദേശം 5.5 മുതൽ ആറു കോടി വരെ വർഷം പഴക്കമുണ്ട് ഫോസിലിന്. ഫോസിലായി ലഭിച്ച അവശിഷ്ടങ്ങളെല്ലാം കൂട്ടിച്ചേർത്തു നോക്കിയപ്പോഴാണ് ഗവേഷകർ ശരിക്കും ഞെട്ടിയത്. ഏകദേശം 100 കിലോഗ്രാമെങ്കിലും ഭാരമുണ്ടായിരുന്നു. പൊക്കമാകട്ടെ 1.77മീറ്ററും. അതായത് ഒരു മനുഷ്യനോളം ഉയരം!

ചിറകും നട്ടെല്ലും കാലുകളും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ ഫോസിൽ 10 വർഷങ്ങൾക്കു മുൻപേ കണ്ടെത്തിയിരുന്നു. എന്നാൽ കാഠിന്യമേറിയ പാറയിൽ നിന്നുവേർതിരിച്ചെടുക്കൽ ഏറെ ശ്രമകരമായി. ഇത്രയും കാലത്തെ പരിശ്രമം അതിനുവേണ്ടിയായിരുന്നു. ഒടുവിൽ പരിശോധന പൂർത്തിയാക്കിയപ്പോഴോ, ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു കളഞ്ഞ കണ്ടെത്തലും! ദശലക്ഷക്കിനു വർഷങ്ങൾക്കു മുൻപ് പക്ഷികള്‍ക്കു പരിണാമം സംഭവിച്ചാണ് പെൻഗ്വിനുകളായി മാറിയത്. എന്നാൽ അതോടെ അവയ്ക്ക് പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. മറിച്ച് നീന്താൻ അപാര കഴിവുമായി. ആകാശത്തു പറന്നു നടന്നകാലത്ത് കുഞ്ഞന്മാരായിരുന്ന പെൻഗ്വിനുകൾ ഭൂമിയിൽ കാലുറപ്പിച്ചതോടെ തടിച്ചുകൊഴുത്തു.

ഇപ്പോൾ കണ്ടെത്തിയ പെൻഗ്വിനുകളുടെ ‘രാജ’പൂർവികനു പക്ഷേ, ഇന്നത്തേപ്പോലെ വെള്ളയും കറുപ്പും നിറമായിരുന്നില്ല. തവിട്ടും വെള്ളയും നിറം കലർന്ന ശരീരമായിരുന്ന ഇവയുടെ ചുണ്ടുകൾക്കും നീളം കൂടുതലായിരുന്നു. കാഴ്ചയിൽ മെലിഞ്ഞ പ്രകൃതക്കാരായിരുന്നു ഇവ. കാണാൻ ഇന്നത്തെ പെൻഗ്വിനുകളുടെയത്ര ‘ക്യൂട്ടും’ ആയിരുന്നില്ല. ‘കുമിമാനു ബിസിയെ’ എന്നാണ് ഗവേഷകർ ഈ ഭീമൻ പെൻഗ്വിനു നൽകിയ പേര്.

ഇതിഹാസങ്ങളിലെ ഒരു രാക്ഷസന്റെ പേരാണ് ‘കുമി’. ‘മാനു’ എന്നുപറഞ്ഞാൽ പക്ഷിയെന്നും അർഥം. ‘ബിസിയെ’ എന്ന പേരിനു പിന്നിലുമുണ്ട് കഥ. ഗവേഷക സംഘത്തിലെ മുതിർന്ന അംഗമായ അലന്റെ അമ്മയോടുള്ള ആദരസൂചകമായിട്ടാണ് ആ പേര്. ബിയാട്രിസ് എന്നാണ് അമ്മയുടെ പേര്. അത് വെട്ടിച്ചുരുക്കി ‘ബിസിയെ’ എന്നാക്കി മാറ്റി. പല്ലുള്ള വമ്പൻ തിമിംഗലങ്ങളും സീലുകളും മറ്റ് കടൽജീവികളും വന്നതോടെയാണ് കുമിമാനു പെൻഗ്വിനുകളുടെ വംശമറ്റതെന്നു കരുതുന്നു. രണ്ടു കോടി വർഷങ്ങൾക്കു മുൻപാണ് ഇവ എന്നന്നേക്കുമായി ഭൂമി വിട്ടു പോയത്.