ഈ വാക്കുകൾ തലതിരിച്ചു പിടിച്ച് വായിക്കാമോ?

ജിബിൻ ജോർജ്

കൗതുകവും രസവും സമാസമം ചേർന്ന ഭാഷയാണ് ഇംഗ്ലിഷ്. ശക്തമായ വ്യാകരണവും മനോഹരമായ ഉച്ചാരണവുമടക്കം ഇംഗ്ലിഷ് ഭാഷ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രിയങ്കരമാവുമ്പോഴും ഒരൽപം കുസൃതിയും ഈ ഭാഷയ്ക്കുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അക്ഷരങ്ങളിലും വാക്കുകളിലും വാക്യങ്ങളിലും തുടങ്ങി അർഥങ്ങളിൽ വരെ ഇത്തരം കുസൃതികൾ കാണാം. ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ഭാഷയുടെ കുസൃതിത്തരങ്ങൾ ഭാഷാപണ്ഡിതൻമാർ കണ്ടെത്തുകയും ഇവയെ വിവിധ വിഭാഗങ്ങളിലായി ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലിഷ് ഭാഷയുടെ ഭാഷശാസ്ത്രപരമായുള്ള ഇത്തരം ചില വിശേഷണങ്ങൾ പരിശോധിക്കാം.

ഐസോഗ്രാം (ISOGRAM)
ഒരക്ഷരം ഒന്നിൽ കൂടുതൽ തവണ ആവർത്തിക്കാത്ത വാക്കുകൾ.
ഉദാ: DERMATOGLYPHICS, TRAMPOLINE

പാൻഗ്രാം (PANGRAM)
ഇംഗ്ലിഷിലെ 26 അക്ഷരങ്ങൾ പൂർണമായും ഉൾക്കൊള്ളിച്ച ഹ്രസ്വമായ വാചകങ്ങളോ വാക്യങ്ങളോ ആണ് പാൻഗ്രാം. ഇത്തരം വാക്കുകളിൽ ഉപയോഗിച്ച അക്ഷരങ്ങൾ ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും.
ഉദാ:THE QUICK BROWN FOX JUMPS OVER A LAZY DOG (33 letter).
ഈ വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളുമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പുതുതായി രൂപപ്പെടുത്തുന്ന ഫോണ്ടുകളിലെ അക്ഷരങ്ങൾ പരിശോധിക്കാൻ ഈ വാചകം ടൈപ്പ് ചെയ്ത് നോക്കിയാൽ മതി.

ആംബിഗ്രാം ( AMBIGRAM)
തലതിരിച്ചു പിടിച്ചു വായിച്ചാലും ഒരേ രീതിയിൽ വായിക്കപ്പെടുന്നതായ വാക്കുകൾ.
ഉദാ: NOON, SWIMS
മേൽപറഞ്ഞ വാക്കുകൾ ഒന്നു തിരിച്ചുപിടിച്ചു വായിച്ചു നോക്കു...

പാലിൻഡ്രോം (PALINDROME)
ഇടത്തുനിന്നും വലത്തുനിന്നും വായിക്കുമ്പോൾ ഒരേ വാക്കുതന്നെ വായിക്കാൻ പറ്റുന്ന വാക്യങ്ങളോ വാചകങ്ങളോ ആണ് പാലിൻഡ്രോം. ഒട്ടേറെ സംഖ്യകളും ഇത്തരത്തിലുണ്ട്.
ഉദാ: MALAYALAM
SIT ON A POTATO PAN OTIS

സെമോർഡ്നിലാപ് (SEMORDNILAP)
PALINDROMES എന്ന വാക്ക് തിരിച്ചെഴുതുന്നതു തന്നെയാണ് SEMORDNILAP.
അവസാന അക്ഷരത്തിൽ നിന്നു തിരിച്ചു വായിക്കുമ്പോൾ മറ്റൊരു വാക്കോ വാക്യമോ വായിക്കാനും രൂപപ്പെടുത്താനും സാധിക്കുന്ന വാക്കോ വാക്യമോ ആണ് സെമോർഡ്നിലാപ്.
ഉദാ:STRESSED എന്ന വാക്യം പിന്നിൽ നിന്നു മുന്നിലേക്കു വായിച്ചാൽ DESSERTS എന്ന വാക്ക് ലഭിക്കും

പോർട്മാൻറ്റ്യു (PORTMANTEAU)
നിലവിലുള്ള വിവിധ വാക്കുകൾ കൂടിച്ചർന്ന് അർഥവത്തായ പുതിയൊരു വാക്കുണ്ടാകുക. ഉദാ:SMOKE + FOG = SMOG,
MOTOR+HOTEL= MOTEL
BREAKFAST+LUNCH= BRUNCH

ഹോമോഗ്രാഫ് (HOMOGRAPH)
രണ്ടു വാക്കുകൾ ഹോമോഗ്രാഫ് ആകുന്നത് അവയുടെ സ്പെലിങ് ഒരുപോലെയാണെങ്കിലും അവയുടെ അർഥം വ്യത്യസ്തമായിരിക്കും. ഇവിടെ ഉച്ചാരണം ഒരുപോലെയാകണം എന്നു നിർബന്ധം ഇല്ല.
ഉദാ:TEAR- എന്ന വാക്കിന്റെ അർത്ഥം എന്താകാം? കീറുക എന്നും കണ്ണീർ എന്നും രണ്ട് അർത്ഥം വരുന്ന വാക്കിന്റെ സ്പെലിങ് നോക്കൂ. ഇനിയുമുണ്ട്
ഉദാഹരണങ്ങൾ: BEAR, FAST

ആനെഗ്രാം (ANAGRAM)
ഒരു വാക്കിലെ അക്ഷരങ്ങൾ തമ്മിൽ പുനഃക്രമീകരിക്കുമ്പോൾ പുതിയൊരു വാക്ക് രൂപപ്പെടുന്നതാണ് ആനെഗ്രാം.
ഉദാ: CLOUD--------- COULD
OVERCAST-----OVERACTS
SNOW--------OWNS

ഹോമൊഫോൺ (HOMOPHONE)
രണ്ടു വാക്കുകൾ ഹോമൊഫോൺ ആകുന്നത് അവയ്ക്ക് രണ്ടിനും ഒരേ ഉച്ചാരണവും എന്നാൽ വ്യത്യസ്ത അർഥങ്ങളുമുണ്ടാകുമ്പോഴാണ്.
ഉദാ:SON,SUN
SON എന്ന വാക്ക് മകൻ എന്ന് അർത്ഥമാക്കുമ്പോൾ SUN എന്ന വാക്ക് സൂര്യനെ സൂചിപ്പിക്കുന്നു.
ഇനിയും ഉണ്ട് ഉദാഹരണങ്ങൾ: (DEAR, DEER), (SOME, SUM), (STEAL, STEEL)