ആ തവളയുടെ ചാട്ടം ഞെട്ടിക്കുന്ന രഹസ്യങ്ങളിലേക്ക്

വി.ആർ. വിനയരാജ്

ആ ഒരൊറ്റച്ചാട്ടം ഒരിക്കലും ആരും വിചാരിക്കാത്ത വലിയ ചരിത്രത്തിലേക്കാണെന്ന് ആ കൊച്ചുതവള ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് ഉന്നം വച്ച പ്രാണിയുടെ അടുത്തെത്താൻ സെക്കൻഡിന്റെ ചെറിയൊരംശം വ്യത്യാസമുണ്ടായി. അതേനിമിഷത്തിൽ, അടുത്തൊരു മരക്കൊമ്പിൻ നിന്ന് ഊറിവീണ പശ രണ്ടുപേരെയും അതിൽ കുടുക്കിയിട്ടു. കഴിഞ്ഞനാളുകളിൽ അതു കണ്ടെത്തി പഠനങ്ങൾ നടത്തുമ്പോൾ തവളയെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും ഇന്നോളം ഇല്ലാത്ത അറിവുകളാണ് ശാസ്ത്രത്തിന്റെ മുൻപിൽ തെളിഞ്ഞുവന്നത്.

മ്യാന്മറിൽ നിന്നു കണ്ടെത്തിയ ഈ കുഞ്ഞൻതവള പശയിൽ കുടുങ്ങിയിട്ട് 10 കോടി വർഷങ്ങൾ കഴിഞ്ഞു. ഇന്നു വംശനാശം സംഭവിച്ചുകഴിഞ്ഞ ഈ തവളയ്ക്ക് നൽകിയിരിക്കുന്ന പേര് Electrorana limoae എന്നാണ്. ഇന്നും നമ്മൾ ഇത്തരം തവളകളെക്കാണുന്ന അതേ പരിതസ്ഥിതിയിൽ തന്നെയാണ് അന്നും ഇവ ജീവിച്ചിരുന്നത് എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഇതിനുമുൻപ് സമാനസ്ഥലങ്ങളിൽ തവളകളുടെ ഫോസിലുകൾ ലഭിച്ചിട്ടുള്ളതിന് ഇതിന്റെ പകുതിപോലും പ്രായമില്ല. നനവാർന്ന മഴക്കാടുകളുടെ പ്രകൃതത്തിൽ എളുപ്പം അഴുകിലയിച്ചുപോകുന്ന തവളകൾ ഫോസിലുകൾ ആയി മാറുന്നതു തന്നെ അപൂർവമാണ്. 19 കോടി വർഷങ്ങൾക്കു മുൻപുള്ള ഫോസിലുകളാണ് ഏറ്റവും പഴക്കമേറിയ തവള ഫോസിലുകൾ. എന്നാൽ അവയൊക്കെ വലിപ്പം കൂടിയ തവളകളുടേതും കൂടുതൽ വരണ്ട ചുറ്റുപാടുകളിൽ നിന്നുമുള്ളതുമായിരുന്നു. ഇന്ന് തവളകളുടെ പ്രിയപ്പെട്ട താമസസ്ഥലങ്ങൾ മഴക്കാടുകളാണെങ്കിലും പണ്ടും അവ അങ്ങനെത്തന്നെയായിരുന്നു എന്ന രീതിയിലുള്ള തെളിവുകൾ നമുക്ക് വളരെ വിരളമാണുതാനും.

ഇപ്പോൾ ലഭിച്ച തവളയുടെ സംരക്ഷിത ശരീരത്തിൽ തലയും മുൻകാലുകളും നട്ടെല്ലും പിൻകാലുകളുടെ ഭാഗവും ഉണ്ട്, അതോടൊപ്പം തിരിച്ചറിയാനാവാത്ത പ്രാണിയുടെ ഭാഗങ്ങളും. ഒരു ഇഞ്ചുപോലും നീളമുണ്ടായിരുന്നില്ല ഇതിന്. കാടുകളിൽ ഒറ്റ സ്പീഷിസുകൾ മാത്രമുള്ള തവളക്കൂട്ടങ്ങൾ കാണാറില്ല. അതിനാൽ ഇതിനൊപ്പം മറ്റു ഇനങ്ങളും ഉണ്ടായിരിക്കാനുള്ള സാധ്യതകൾ കൂടുതലാണ് അവയെ കണ്ടെത്താൻ കഴിഞ്ഞാൽ ഭൂമിയിലെ ജീവപരിണാമത്തെപ്പറ്റിയുള്ള മനുഷ്യന്റെ അറിവിന്റെ ആഴം കൂട്ടും.