നാലാം വയസ്സിൽ ദാലിയ വായിച്ചുതീർത്തത് 1000 പുസ്തകങ്ങൾ !,  Four year old, Thousand books, Daliyah Marie Arana, Padhippura, Manorama Online

നാലാം വയസ്സിൽ ദാലിയ വായിച്ചുതീർത്തത് 1000 പുസ്തകങ്ങൾ!

ശ്രീപ്രസാദ്

അമേരിക്കയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ വാഷിങ്ടണിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഒരിക്കൽ നാലു വയസ്സുള്ള ദാലിയ മാരി അരാന എന്ന പെൺകുട്ടിയെ ഒറ്റ ദിവസത്തെ ലൈബ്രേറിയൻ പദവി നൽകി ആദരിച്ചു. എന്തിനായിരുന്നു അതെന്നല്ലേ കൂട്ടുകാർ ആലോചിക്കുന്നത്. നഴ്‌സറിയിൽ പോകുന്നതിനു മുൻപു തന്നെ ആയിരം പുസ്തകങ്ങൾ വായിച്ചുതീർത്തതിനു ജോർജിയക്കാരിയായ ഈ കൊച്ചുമിടുക്കിക്കുള്ള അംഗീകാരമായിരുന്നു അത്. 2 വയസ്സും 11 മാസവും ഉള്ളപ്പോഴാണു ദാലിയ ആദ്യ പുസ്തകം വായിക്കുന്നത്.

തുടർന്നുള്ള ഒരു വർഷംകൊണ്ട് ആയിരം പുസ്തകം വായിച്ചെന്ന റെക്കോർഡും അവൾ സ്വന്തമാക്കി. നഴ്‌സറിയിൽ പോകുന്നതിനു മുൻപ് ദാലിയയെക്കൊണ്ട് ആയിരം പുസ്തകങ്ങൾ വായിപ്പിക്കണമെന്ന പദ്ധതി ഇട്ടത് അവളുടെ അമ്മയായിരുന്നു. പുസ്തകങ്ങളോടുള്ള ദാലിയയുടെ ഇഷ്ടം കണ്ടറിഞ്ഞായിരുന്നു അത്. അങ്ങനെ അമ്മ, ദാലിയ വായിക്കുന്ന പുസ്തകങ്ങൾ എണ്ണാൻ തുടങ്ങി. എവിടെയെങ്കിലും വായന കഠിനമായ വാക്കുകളിൽ തടഞ്ഞാൽ അമ്മ സഹായത്തിനെത്തും.

അങ്ങനെയാണു നാലാം വയസിൽ കോളജ് പാഠപുസ്തകങ്ങൾ ഉൾപ്പെടെ ദാലിയ വായിച്ചുതീർത്തത്. വായിച്ചതിൽ ഗ്രീക്ക് പുരാണകഥകളാണു ദാലിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. ചരിത്രവും ഏറെയിഷ്ടം. വെളുത്ത വർഗക്കാർ പഠിക്കുന്ന സ്‌കൂളിൽ പ്രവേശനം നേടിയ ആദ്യ കറുത്ത വംശജയായ റൂബി ബ്രിഡ്ജസിന്റെ എഴുത്തുകളോടു ദാലിയയ്ക്കു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ കുഞ്ഞനുജനെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണു ദാലിയ. വലുതാകുമ്പോൾ ദിനോസറുകളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധയാകണമെന്നാണു ദാലിയയുടെ ആഗ്രഹം.