അയണ്‍ മാനെപ്പോലെ പറക്കണോ?

നവീൻ മോഹൻ

സ്കൂളിലേക്കു പോകുമ്പോൾ, അല്ലെങ്കിൽ ട്യൂഷനു പോകുമ്പോൾ ബാക്കിയെല്ലാവരും സൈക്കിളിൽ വരുന്നു. ചിലർ നടന്നു വരുന്നു. ഒരാൾ മാത്രം അതാ ആകാശത്തു കൂടെ പറന്നിങ്ങനെ വന്നിറങ്ങുന്നു. എന്നിട്ട് ക്ലാസിലേക്ക് കൂളായി കയറിപ്പോകുന്നു! ഇങ്ങനെ ഒന്നു പറന്നിറങ്ങാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? മുതിർന്നവർക്കു പോലും കൊതിയാണു പറന്നു നടക്കാൻ. ‘അയൺ മാൻ’ സിനിമയിലൊക്കെ കണ്ടിട്ടുണ്ടാകും ഇത്തരത്തിലൊരു കാഴ്ച. കാലുകൾക്കടിയിൽ നിന്ന് ജെറ്റു പോലെ പുകപറത്തി ആകാശത്തേക്കുയർന്നു പായുന്ന നായകൻ. ആ കാഴ്ച കണ്ടാണ് ഫ്രാങ്കി സപ്പാറ്റ എന്ന ഫ്രഞ്ചുകാരനും ആഗ്രഹിച്ചു പോയത്. അയൺ മാനെപ്പോലെ പറന്നുയരണം. പുള്ളിക്കാരൻ ചുമ്മാ ആഗ്രഹിക്കുക മാത്രമല്ല അതിനൊരു സംവിധാനം കണ്ടെത്തുകയും ചെയ്തു. ഫ്ലൈബോർഡ് എയർ എന്നായിരുന്നു പേര്. ഒരു പറക്കുംതളിക പോലിരിക്കുന്ന സംഗതി. അതിൽ കാലുകളും ഉറപ്പിച്ച് കയറിയിരുന്ന് പറക്കാം.

ജെറ്റ് പ്രൊപ്പൽഷൻ ഉപയോഗിച്ചാണു പറക്കൽ. അതിന്റെ ലോകറെക്കോർഡും സപ്പാറ്റയുടെ പേരിലാണ്. 2016ൽ 2252 മീറ്റർ മുകളിലേക്ക് ഫ്ലൈബോർഡിൽ കയറി പറന്നാണ് സപ്പാറ്റ റെക്കോർഡിട്ടത്. എന്നിട്ടും തീർന്നില്ല. പറക്കാൻ കഴിയുന്ന തരം ഹവർബോർഡ് ആണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം.

രണ്ടു ചക്രങ്ങളുള്ള സ്റ്റാൻഡിൽ ഹാൻഡ്‌ൽ ഘടിപ്പിച്ചാണ് ഹവർബോർഡിന്റെ പ്രവർത്തനം. സ്റ്റാൻഡിൽ കയറി നിന്നാൽ മതി മുന്നോട്ടു പോകാം. റോഡിലൂടെയും വീടിനകത്തുമൊക്കെ ഇതിലേറി സഞ്ചരിക്കാം.

എന്നാൽ ഹവർബോർഡിൽ കയറി പറക്കുകയാണിപ്പോൾ സപ്പാറ്റ ചെയ്തിരിക്കുന്നത്. ടെക്സസിലെ ഒരു നദിക്കു മുകളിലൂടെയായിരുന്നു ആ പറക്കൽ. ഒരാളല്ല ഒരുകൂട്ടം പട്ടാളക്കാരാണ് ഇതിനു വേണ്ടി സപ്പാറ്റയെ സഹായിക്കാനെത്തിയത്. ചക്രത്തിനു പകരം ഹവര്‍ബോർഡിൽ ഉപയോഗിച്ചത് ജെറ്റിൽ ഉപയോഗിക്കുന്ന തരം സംവിധാനമായിരുന്നു.

അതുപയോഗിച്ച ആകാശത്തുകൂടെ സഞ്ചരിക്കാനാകുന്നതോ മണിക്കൂറിൽ 80 മൈൽ വേഗത്തിലും. നദിക്കു മുകളിലൂടെ തലങ്ങും വിലങ്ങും ഈ പറക്കും ഹവർബോർഡിൽ പറന്നു നടക്കുന്ന വിഡിയോ യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. 12 പേരാണ് ‘എസ്ഫ്ലൈ’ എന്നു പേരിട്ട ഈ ഹവർബോർഡിൽ പറന്നു നടന്നത്. എല്ലാവരും ഒരു പോറലു പോലും പറ്റാതെ നിലത്തിറങ്ങുകയും ചെയ്തു.

വെള്ളത്തിലൂടെ അതിവേഗം ഓടിക്കാവുന്ന ‘ജെറ്റ്സ്കി’യുടെ പൈലറ്റായിരുന്നു നേരത്തെ സപ്പാറ്റ. അതിനിടെ ഒരിക്കൽ ‘അയൺ മാൻ’ സിനിമ കണ്ടപ്പോഴാണ് പറക്കാനുള്ള ആഗ്രഹം തലയിൽ കയറിയത്. കുറേയേറെ പരീക്ഷണങ്ങളൊക്കെ നടത്തി ഫ്ലൈബോർഡും പിന്നാലെ എസ്ഫ്ലൈയും കണ്ടെത്തി. ഇപ്പോൾ ശരിക്കുമൊരു സൂപ്പർഹീറോയെപ്പോലെയാണ് സപ്പാറ്റ. മാത്രവുമല്ല ഗായകൻ ജസ്റ്റിൻ ബീബർ ഉൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികളും ഇദ്ദേഹത്തിന്റെ പറക്കുംയന്ത്രങ്ങളുടെ ആരാധകരാണ്.