1340 പ്രകാശവർഷം ദൂരെ; വെറും കണ്ണിൽ തെളിയും വേട്ടക്കാരൻ!. Fluffy Cat, Us Snow, Padhippura, Manorama Online

യുഎസിനെ മരവിപ്പിച്ച മഞ്ഞിൽ പുതഞ്ഞ് ഒരു പൂച്ചക്കുട്ടി; മരണത്തിൽ നിന്ന് അവൻ രക്ഷപ്പെട്ട അദ്ഭുതകഥ!

നവീൻ മോഹൻ

ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളച്ചാട്ടം വരെ മരവിച്ച് ‘ഐസായിപ്പോകുന്ന’ കാഴ്ച. അതായിരുന്നു അടുത്തിടെ യുഎസിൽ കണ്ടത്. പലയിടത്തും മൈനസ് 49 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. ‘പോളാർ വോർട്ടെക്സ്’ എന്ന പ്രതിഭാസമായിരുന്നു ഈ മരവിപ്പിക്കുന്ന മഞ്ഞിനു കാരണം. ഇരുപതോളം പേർ മരിച്ചു. അതോടെ പലരും വീടുവിട്ടു പോലും പുറത്തിറങ്ങാതായി. എന്നാൽ യുഎസിലെ കാലിസ്പെൽ നഗരത്തിലുള്ള ഫ്ലഫി എന്ന കുഞ്ഞൻ പൂച്ച അറിയാതെ പുറത്തേക്കിറങ്ങിയതാണ്. ചുറ്റിലും മഞ്ഞുവന്നു മൂടി. ആ മഞ്ഞിനകത്ത് ഫ്ലഫി പെടുകയും ചെയ്തു.

മൈനസ് 13 ഡിഗ്രി വരെയായിരുന്നു അവിടത്തെ താപനില. അവിടെക്കിടന്നു ചത്തു പോകുമെന്ന് ഉറപ്പിച്ചതായിരിക്കണം ഫ്ലഫി. പക്ഷേ പ്രിയപ്പെട്ടവർ ആ കുഞ്ഞൻപൂച്ചയെ മരണത്തിനു വിട്ടുകൊടുത്തില്ല. ഫ്ലഫിയെ തേടിയിറങ്ങിയ വീട്ടുകാർ ഏറെ പണിപ്പെട്ടാണ് മഞ്ഞിനടിയിൽ നിന്ന് അവനെ കണ്ടെത്തിയത്. ശരീരത്തിലാകെ മഞ്ഞുകട്ടകൾ പറ്റിപ്പിടിച്ച് മരവിച്ച അവസ്ഥയിലായിരുന്നു ഫ്ലഫി. ജീവനുണ്ടോയെന്നു പോലും സംശയം. വീട്ടുകാർ ഉടൻ തന്നെ പൂച്ചയെ കാലിസ്പെൽ ആനിമൽ ക്ലിനിക്കിലെത്തിച്ചു. ഫോട്ടോയിൽ കാണുന്നതു പോലെ ദേഹം മുഴുവൻ മഞ്ഞുമൂടി കിടക്കുകയായിരുന്നു ഫ്ലഫി.

പ്രത്യേകതരം കൂട്ടിലിട്ട് മഞ്ഞെല്ലാം ഉരുക്കിക്കളഞ്ഞപ്പോഴാണ് ദേഹത്തെ മുറിവുകൾ കണ്ടത്. മുറിവേറ്റു കിടന്നതിനാലാണ് ഫ്ലഫിക്ക് തിരികെ വീട്ടിലേക്ക് ഓടിക്കയറാൻ സാധിക്കാതിരുന്നതും. സാധാരണഗതിയിൽ പൂച്ചകളുടെ ശരീരോഷ്മാവ് 37.5 മുതൽ 39.2 ഡിഗ്രി സെൽഷ്യസ് വരെയാണ്. എന്നാൽ 32.2ഡിഗ്രിക്കും താഴെയായിരുന്നു ഫ്ലഫിയുടെ അവസ്ഥ. അതാകട്ടെ ആശുപത്രിയിലെ തെർമോമീറ്ററില്‍ പോലും അളക്കാൻ സാധിക്കാത്ത വിധം താഴ്ന്ന നിലയിലും‌. എന്തായാലും ആശുപത്രിക്കാർ പ്രതീക്ഷ കൈവിട്ടില്ല. ചൂടുവെള്ളം കൊണ്ടു ശരീരമാകെ തുടർച്ചയായി കഴുകി. അരമണിക്കൂറോളം ഇതു തുടർന്നപ്പോഴാണ് ജീവന്റെ ഒരു നേർത്ത തുടിപ്പ് ഫ്ലഫിയിൽ ഉണ്ടെന്നു മനസ്സിലായത്. അതോടെ ഡ്രിപ്പിട്ടു. ശരീരത്തിനു വേണ്ട പോഷകങ്ങളെല്ലാം എത്തിച്ചു.

എങ്ങനെയെങ്കിലും ശരീരോഷ്മാവ് സാധാരണ നിലയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. അതിന് ഹെയർ ഡ്രയറും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവലുകളുമൊക്കെ ഉപയോഗിച്ചു. ‘ചികിത്സ’ തുടർന്നു കൊണ്ടേയിരിക്കുന്നതിനിടെ ചെറിയ ‘മ്യാവൂ’ ശബ്ദവുമായി ഫ്ലഫി തന്റെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവച്ചു. അതോടെ ആശുപത്രിക്കാർക്കും ആവേശം. മണിക്കൂറുകൾക്കകം കണ്ണു തുറന്ന് ആ പൂച്ചക്കുട്ടി തന്റെ ചുറ്റിലുമുള്ളവരെ കൗതുകത്തോടെ നോക്കി– ‘ഇതെന്താ ഇപ്പോ ഇവിടെ സംഭവിച്ചേ...’ എന്ന മട്ടിൽ. ഒരു ദിവസം ക്ലിനിക്കിന്റെ സംരക്ഷണതയിലായിരുന്നു ഫ്ലഫി. പിന്നീട് ഒരാഴ്ച വീട്ടിലും നിന്നതോടെ കക്ഷി ഉഷാറായി. മഞ്ഞിൽ നിന്നുള്ള ഫ്ലഫിയുടെ രക്ഷപ്പെടൽ ക്ലിനിക്കിലുള്ളവരും ആഘോഷമാക്കി. ജനുവരി 31നായിരുന്നു ഫ്ലഫിയെ ആശുപത്രിയിലെത്തിച്ചത്. ക്ലിനിക്കിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ഫെബ്രുവരി 5ന് ഇക്കാര്യം ഷെയർ ചെയ്തു. സംഗതി വൈകാതെ വൈറലായി. രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ ഫ്ലഫിയുടെ ‘തിരിച്ചുവരവ്’ വാർത്തയാക്കുകയും ചെയ്തു.