ലോകത്തിലെ കടുകട്ടിയായ ചില പരീക്ഷകള്‍ !, Five toughest exams in the world, Padhippura, Manorama Online

ലോകത്തിലെ കടുകട്ടിയായ ചില പരീക്ഷകള്‍ !

തയാറാക്കിയത്: അൻസു അന്ന ബേബി

ചില പരീക്ഷകൾ എഴുതിയാൽ പഠിപ്പിസ്റ്റുകൾ പോലും തോറ്റു തൊപ്പിയിടും. വിജയിച്ചു വരുന്നവർ അത്രയും മിടുക്കരായിരിക്കണം എന്നതിനാലാണ് ഈ കഠിന പരീക്ഷണം. ലോകത്തിലെ കടുകട്ടിയായ ചില പരീക്ഷകളെ പരിചയപ്പെടാം.

മാസ്റ്റർ സൊമേലിയെ ഡിപ്ലോമ
ലോകത്തിലെ മികച്ച വീഞ്ഞ് വിദഗ്ധരെ കണ്ടെത്തുന്നതിനുള്ള പരീക്ഷയാണിത്. 1969ൽ ഇംഗ്ലണ്ടിലായിരുന്നു ആദ്യ പരീക്ഷ. 51 വർഷത്തിനിടെ 200 പേർ മാത്രമാണു മാസ്റ്റർ സൊവേലിയെ ബഹുമതി നേടിയത്. ഒരു ചോദ്യം ഇങ്ങനെ: മത്സരാർഥികളുടെ കണ്ണുകൾ മൂടിക്കെട്ടിയശേഷം വിവിധ തരം മുന്തിരികൾ കൊടുക്കും. ഇവ ഓരോന്നും ഏതിനമാണെന്നും ഏതു വർഷം, എവിടെ ആദ്യമായി ഉൽപാദിപ്പിച്ചുവെന്നും കണ്ടെത്തണം.

ഓൾ സോൾസ് പ്രൈസ് ഫെലോഷിപ്
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നടത്തുന്ന ഈ പരീക്ഷയിൽ വർഷത്തിൽ ആകെ 2 പേരെ മാത്രമാണ് തിരഞ്ഞെടുക്കുക. ഇവർക്ക് 7 വർഷം ഓക്സ്ഫഡിൽ ഫെലോഷിപ്പിനുള്ള അവസരം ലഭിക്കും. 3 മണിക്കൂർ വീതവുള്ള 4 പേപ്പറുകൾ ഉൾപ്പെടുന്നതാണ് പരീക്ഷ.

ഇന്ത്യൻ സിവിൽ സർവീസ്
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്, പൊലീസ്, ഫോറിൻ സർവീസുകളിലേക്കു മിടുക്കരെ കണ്ടെത്തുന്നതിനുള്ള പരീക്ഷയാണിത്. 8 ലക്ഷം പേരാണ് കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. പ്രധാന പരീക്ഷയ്ക്കു 18,000 പേർ മാത്രം. അഭിമുഖത്തിന് വിളിച്ചതോ 2304 പേരെയും!

നാഷനൽ കോളജ് എൻ‍ട്രൻസ്
ചൈനയിൽ ഹൈസ്കൂൾ പoനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടണമെങ്കിൽ ഈ പരീക്ഷ പാസാകണം. 9 മണിക്കൂർ വീതം 2 ദിവസമാണ് പരീക്ഷ. ഒരു കോടിയോളം വിദ്യാർഥികൾ ഏറ്റവും കടുകട്ടി പരീക്ഷ എഴുതാറുണ്ട്.

ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് പ്രോഗ്രാം
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കടമ്പയെന്നാണ് വോൾ സ്ട്രീറ്റ് ജേണൽ ഈ പരീക്ഷയെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ സിഎംഎ ഇൻസ്റ്റിറ്റ്യൂട്ടാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. 3 ഘട്ടമായാണ് പരീക്ഷ. പ്രായപരിധിയില്ല.