ഫിംഗർ പ്രിന്റ് സ്കാനറുകളെ പറ്റിക്കാനാകുമോ?

ഫിംഗർ പ്രിന്റ് സ്കാനറുകളെ അവയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകൾ അനുസരിച്ചു കബളിപ്പിക്കാൻ കഴിയും. അതായതു യഥാർഥ വിരലുകൾക്കു പകരം വിരലുകളുടെ ചിത്രങ്ങൾ, 3ഡി പ്രിന്റ് ചെയ്തെടുത്ത വിരലുകൾ, പശയിലും മെഴുകിലും മറ്റും പതിപ്പിച്ചെടുത്ത വിരലടയാളങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ചു ഫിംഗർ പ്രിന്റ് സ്കാനറുകളെ കബളിപ്പിക്കുന്നതു സർവസാധാരണമാണ്.

ഇത്തരത്തിലുള്ള ഭീഷണികളെ മറികടക്കുന്നതിനായി - രക്തചംക്രമണവും നാഡി മിഡിപ്പും ശരീരോഷ്മാവും മറ്റും പരിശോധിച്ച് യഥാർഥത്തിൽ ജീവനുള്ള വിരൽതന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിവുള്ള സെൻസറുകൾകൂടി ഉൾപ്പെടുത്തിയ അത്യാധുനിക ഫിംഗർ പ്രിന്റ് സ്കാനറുകളും ഇപ്പോൾ ലഭ്യമാണ്‌. പക്ഷേ‌ സാധാരണ സ്കാനറുകളെ അപേക്ഷിച്ചു വളരെ ഉയർന്ന വില ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നു.

സ്പർശിക്കുന്ന ഇടങ്ങളിൽനിന്നും മിഴിവുള്ള ഫോട്ടോകളിൽനിന്നുമെല്ലാം ഒരാളുടെ വിരലടയാളം എളുപ്പത്തിൽ പകർത്തിയെടുക്കാൻ കഴിയും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ അധിക സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഫിംഗർ പ്രിന്റ് സ്കാനറുകൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപകടകരമാണ്‌.