മനുഷ്യന്റെ മുഖമുള്ള ഭീമൻ ആൾക്കുരങ്ങുണ്ടോ?; എഫ്ബിഐ പുറത്തുവിട്ടു വിവരങ്ങൾ, FBI, Bigfoot file, Padhippura, Padhippura, Manorama Online

മനുഷ്യന്റെ മുഖമുള്ള ഭീമൻ ആൾക്കുരങ്ങുണ്ടോ?; എഫ്ബിഐ പുറത്തുവിട്ടു വിവരങ്ങൾ

അടുത്തിടെ കൂട്ടുകാർ പത്രത്തിൽ വായിച്ചില്ലേ ഹിമാലയത്തിൽ ഇന്ത്യൻ സൈന്യം ‘യതി’യുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയെന്ന്. മഞ്ഞുമലകളിലൂടെ അലഞ്ഞു തിരിഞ്ഞ്, ആരുടെയും കണ്ണിൽപ്പെടാതെ ചുറ്റിയടിക്കുന്ന ഭീമൻ ആൾക്കുരങ്ങിനെയാണ് യതിയെന്നു വിളിക്കുന്നത്. 32 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള കാൽപ്പാടുകളാണ് ഇത്തവണ സൈനികർ കണ്ടെത്തിയത്. അതു യതിയുടേതാണെന്ന് സൈന്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഹിമാലയത്തിലെ യതിക്ക് വടക്കേ അമേരിക്കയിലുമുണ്ട് ഒരു ബന്ധു– ബിഗ് ഫൂട് എന്നാണു പേര്.

ദേഹം മുഴുവൻ രോമം മൂടിയ ഈ കൂറ്റൻ ആൾക്കുരങ്ങിനെപ്പറ്റി വടക്കേ അമേരിക്കൻ നാടോടിക്കഥകളിലും പറയുന്നുണ്ട്. മനുഷ്യന്റെ മുഖവും ആൾക്കുരങ്ങിന്റെ ശരീരവുമാണ് ബിഗ് ഫൂട്ടിനെന്നാണു പറയപ്പെടുന്നത്. പലരും ഇതിനെ കണ്ടതായും ഫോട്ടോകളെടുത്തതായും അവകാശപ്പെടുന്നു. എന്നാൽ ബിഗ് ഫൂട് ഉണ്ടെന്നു തെളിയിക്കുന്ന കൃത്യമായ അടയാളങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ മറ്റൊരു രസികൻ വാർത്ത. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയും ബിഗ് ഫൂടിനെ കണ്ടെത്താൻ ഒരിക്കൽ ശ്രമിച്ചിരുന്നുവെന്നതാണ് അത്. തിരച്ചിലിനു വേണ്ടി ആൾക്കാരെ നിയോഗിച്ചുവെന്നല്ല റിപ്പോർട്ട്. മറിച്ച് ബിഗ് ഫൂടിനെപ്പറ്റി പഠിക്കുന്നവർ അയച്ചു കൊടുത്ത സാംപിളുകൾ പരിശോധിച്ചു ഫലം നൽകുകയാണ് എഫ്ബിഐ ചെയ്തത്. അതും 40 വർഷം മുൻപ്. എന്തായിരുന്നു ഫലം? അതറിയുന്നതിനു മുൻപ് ആ സാംപിൾ പരിശോധനയുടെ കഥ പറയാം.

കലിഫോർണിയ മുതൽ കാനഡ വരെയുള്ള അമേരിക്കൻ പസിഫിക് നോർത്ത്‌വെസ്റ്റ് പ്രദേശമാണ് ബിഗ് ഫൂടിന്റെ വാസസ്ഥലം. മരങ്ങൾക്കിടയിലൂടെ ചുറ്റിക്കറങ്ങുന്ന ഇവ പലപ്പോഴും വമ്പൻ കാൽപ്പാടുകൾ ബാക്കിവച്ചാണ് താവളത്തിലേക്കു മടങ്ങുക. വടക്കേ അമേരിക്കൻ മഴക്കാടുകളിൽ ഇത്തരത്തിലുള്ള ഒട്ടേറെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുമുണ്ട്. ബിഗ് ഫൂടിനെപ്പറ്റി പഠിക്കാൻ താൽപര്യമുള്ളവരുടെ കൂട്ടായ്മയാണ് ഒറിഗോണിലെ ബിഗ് ഫൂട് ഇൻഫർമേഷൻ ആൻഡ് എക്സിബിഷൻ സെന്റർ. ഇതിന്റെ തലവൻ പീറ്റർ ബയേൺ 1976ൽ എഫ്ബിഐയ്ക്ക് ഒരു കത്തയച്ചു. കഴിഞ്ഞ ആറു വർഷമായി തങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഒരു സംഗതിയും ഒപ്പമുണ്ടെന്നു പറഞ്ഞായിരുന്നു കത്ത്.

‘ദയവു ചെയ്ത് ഇതിനെ തമാശയായി തള്ളിക്കളയരുത്. ഈ ഭീമൻ മനുഷ്യനു പിന്നിലെ രഹസ്യത്തെപ്പറ്റി അറിയണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനു ഞങ്ങളെ സഹായിക്കണം..’ കത്തിൽ പറയുന്നു. ഏതോ ഒരു ജീവിയുടെ തൊലിയും അതോടൊപ്പമുള്ള നീളൻ രോമങ്ങളുമായിരുന്നു പരിശോധിക്കാനുള്ള സാംപിൾ. ഏതാനും മാസം കഴിഞ്ഞപ്പോൾ പീറ്ററിന് ഒരു കത്തു ലഭിച്ചു. എഫ്ബിഐയുടെ സയന്റിഫിക് ആൻഡ് ടെക്നിക്കൽ സർവീസസ് ഡിവിഷന്‍ വിഭാഗം അസി. ഡയറക്ടർ ജേയ് കോഷ്‌റാന്റെയായിരുന്നു അത്. ‘സാധാരണ കുറ്റാന്വേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എഫ്ബിഐ ലാബറട്ടറിയിൽ പരിശോധിക്കാറുള്ളത്. എന്നാൽ ഗൗരവമെന്നു തോന്നുന്ന, ഉത്തരം നൽകേണ്ടത് അത്യാവശ്യമെന്നു തോന്നുന്ന ചില കാര്യങ്ങളും ഞങ്ങൾ പരിഗണിക്കാറുണ്ട്. അതിനാൽത്തന്നെ താങ്കളുടെ അപേക്ഷയും ഞങ്ങൾ കാര്യമായെടുത്തു...’

എഫ്ബിഐ ലാബിന്റെ പരിശോധന റിപ്പോർട്ടും ആ കത്തിനൊപ്പമുണ്ടായിരുന്നു. പീറ്റർ അയച്ച സാംപിളും എഫ്ബിഐ തിരികെ നൽകി. പരിശോധനാഫലം പക്ഷേ നിരാശപ്പെടുത്തുന്നതായിരുന്നു. മാനിന്റെ തൊലിയും രോമങ്ങളുമാണ് അതെന്നായിരുന്നു കണ്ടെത്തൽ. 1976 നവംബർ 24ന് പീറ്റർ അയച്ച കത്തും അതിന് 1977ൽ നൽകിയ മറുപടിയും ഉൾപ്പെടെ ബിഗ് ഫൂടിനെപ്പറ്റിയുള്ള 22 പേജ് വിവരങ്ങൾ എഫ്ബിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ വിവരങ്ങളും അതിലുണ്ടായിരുന്നു.