ഫാസ്റ്റാഗ് : വാഹനങ്ങൾക്കും വരുന്നു ഒരു ആധാർ കാർഡ് !,  Fastag for vehicles, Padhippura, Manorama Online

ഫാസ്റ്റാഗ് : വാഹനങ്ങൾക്കും വരുന്നു ഒരു ആധാർ കാർഡ് !

കൂട്ടുകാർക്ക് ആധാർ കാർഡ് ഇല്ലേ... അതുപോലെ നിങ്ങളുടെ സ്കൂൾ വാഹനങ്ങൾക്കും വീട്ടിലെ വാഹനങ്ങൾക്കും ഒക്കെ ഒരു ആധാർ കാർഡ് വരുന്നു... ഫാസ്റ്റാഗ് എന്ന ആ സംവിധാനത്തെ പരിചയപ്പെടാം

∙ ടോൾ തുക മുൻകൂറായി അടച്ച് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ പോകാനുള്ള സംവിധാനം

∙ഇന്ധനം നിറയ്ക്കാനും പാർക്കിങ് ഫീസ് അടയ്ക്കാനും മുൻകൂർ റീ ചാർജ് ചെയ്ത ഫാസ്റ്റാഗ് വഴി സാധിക്കും

∙ മാഗ്നറ്റിക് ചിപ് ഉപയോഗിച്ചു പ്രവർത്തികുന്ന ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

പ്രവർത്തിക്കുന്നതെങ്ങനെ?
വാഹനം ടോൾ ബൂത്ത് വഴി കടന്നു പോകുമ്പോൾ മുന്നിൽ പതിച്ചിരിക്കുന്ന ഫാസ്റ്റാഗ് ബൂത്തിലെ സ്കാനർ സ്കാൻ ചെയ്യുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്നോ ഫാസ്്റ്റാഗ് വാലറ്റിൽ നിന്നോ പണം ഈടാക്കിയ വിവരം ഫോണിൽ എസ്എംഎസ് സന്ദേശം ലഭിക്കുന്നു.ടോൾ ബൂത്തിൽ വാഹനം നിർത്തേണ്ടി വരുന്നില്ല.

ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം
1. ഫാസ്റ്റാഗ് വാങ്ങുക നിലവിൽ ബാങ്കുകൾ, ടോൾ പ്ലാസകൾ, ആമസോൺ വെബ്സൈറ്റ് എന്നിവിടങ്ങളിലാണ് ഫാസ്റ്റാഗുകൾ വിൽക്കുന്നത് (‍ഡിസംബർ 1 വരെ ദേശീയ പാതാ അതോറിറ്റിയുടെ ടോൾ പ്ലാസകളിൽ നിന്ന് ഫാസ്റ്റാഗ് സൗജന്യമായി ലഭിക്കും)

2. ഫാസ്റ്റാഗ് ആക്ടിവേറ്റ് ചെയ്യുക

∙മൈഫാസ്റ്റാഗ് എന്ന മൊബൈൽ ആപ്പ് വഴി (പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം)

∙ഫാസ്റ്റാഗ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ ഫാസ്റ്റാഗ് വാലറ്റിലേക്കു പണം നിക്ഷേപിക്കുകയോ ചെയ്യാം

∙ബാങ്കു വഴി വാങ്ങുന്ന ഫാസ്റ്റാഗുകൾ അവിടെനിന്നു തന്നെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ കഴിയും (ആക്ടിവേറ്റ് ചെയ്യാൻ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വാഹന ഉടമയുടെ ഫോട്ടോ എന്നിവ ആവശ്യമാണ്)

∙ആക്ടിവേഷൻ സമയത്ത് നിശ്ചിതതുക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്

∙ടോൾ ബൂത്തുകൾ വഴി ഓഫ്‌ലൈനായും റീചാർജ് ചെയ്യാം

3. റീചാർജ് ചെയ്യുക യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനായി ഫാസ്റ്റാഗ് റീചാർജ് ചെയ്യാം.

ഫാസ്റ്റാഗ് എവിടെ ഒട്ടിക്കണം?
വാഹനത്തിന്റ‌ വിൻഡ്ഷീൽ‍ഡിൽ (മുൻഭാഗത്തെ ഗ്ലാസിൽ) മാഗ്നറ്റിക് ചിപ് മുന്നോട്ടു കാണുന്ന വിധത്തിലാണ് ഒട്ടിക്കേണ്ടത്

Summary : Fastag for vehicles