ഇരട്ടകളിൽ ഒരാൾ രാജ്യത്തിന്റെ പ്രസിഡന്റ്, മറ്റേയാൾ പ്രധാനമന്ത്രി !,  Mobile phone use, in children, Padhippura, Manorama Online

ഇരട്ടകളിൽ ഒരാൾ രാജ്യത്തിന്റെ പ്രസിഡന്റ്, മറ്റേയാൾ പ്രധാനമന്ത്രി !

തയാറാക്കിയത്: അനിൽ ഫിലിപ്പ്

ഇരട്ടകളിൽ ഒരാൾ രാജ്യത്തിന്റെ പ്രസിഡന്റ്, മറ്റേയാൾ പ്രധാനമന്ത്രി; ഭർത്താവ് പ്രസിഡന്റ്, ഭാര്യ വൈസ് പ്രസിഡന്റ്. ഒരു കുടുംബത്തിൽ നിന്ന് ഒരേ കാലത്തു തന്നെ ഇങ്ങനെ രാജ്യാധികാരം പങ്കുവച്ചവരെ അറിയാം

ഒരേ കുടുംബത്തിൽനിന്നുള്ളവർ രാഷ്ട്രത്തലവൻമാരായത് ലോകം പലകുറി കണ്ടതാണ്. എന്നാൽ ഒരു കുടുംബത്തിൽനിന്നുതന്നെയുള്ളവർ ഒരേ സമയം രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ അപൂർവസംഭവങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അത്തരമൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചു, നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. ഇക്കഴിഞ്ഞ ആഴ്ച ഗോട്ടബയ രാജപക്സെ അവിടെ പ്രസിഡന്റായപ്പോൾ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിച്ചത് സ്വന്തം ജ്യേഷ്ഠസഹോദരൻ മഹിന്ദ രാജപക്സെയെയാണ്. നേരത്തേ മഹിന്ദ അവിടെ രണ്ടു തവണ പ്രസിഡന്റായിരുന്നു (2005–15). അനിയൻ പ്രസിഡന്റായി അധികാരമേറ്റതിന്റെ നാലാം നാൾ ചേട്ടൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചേട്ടൻ അധികാരമേറ്റെടുത്തത് അനിയന്‍ പറഞ്ഞുകൊടുത്ത സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം. ഇവരുടെ മറ്റൊരു സഹോദരനും മുൻ സ്പീക്കറുമായ ചമൽ രാജപക്സെയെ ഇതേ മന്ത്രിസഭയിൽ അംഗമാക്കി കുടുംബാധിപത്യം ഉറപ്പിച്ചു.

അച്ഛനും മോനും
അച്‌ഛൻ പ്രസിഡന്റും മകൻ പ്രധാനമന്ത്രിയുമായി ഒരേ സമയം അധികാരം പങ്കിട്ട ഒരു രാജ്യമുണ്ട്– മുൻ സോവിയറ്റ് റിപ്പബ്ലിക്കായ അസർബൈജാൻ. 2003ൽ ഇൽഹാം അലിയേവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഹൈദർ അലിയേവ് ആയിരുന്നു അവിടെ പ്രസിഡന്റ്. 2003 ഒക്ടോബർ 31ന് അച്ഛൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ ഇൽഹാം അലിയേവ് പുതിയ പ്രസിഡന്റുമായി. 16 വർഷമായി അദ്ദേഹം ഭരണത്തിൽ തുടരുന്നു. ഇൽഹാമിന്റെ ഭാര്യ മെഹ്റിബാൻ ആണ് നിലവിലെ വൈസ് പ്രസിഡന്റ്.

ഇരട്ട ഭരണം
ഇരട്ടകളായ സഹോദരൻമാർ പോളണ്ടിൽ ചരിത്രം തന്നെ രചിച്ചു. ഒരേസമയം ഒരു രാജ്യത്തെ ഇരട്ടകളിൽ ഒരാൾ പ്രസിഡന്റും മറ്റേയാൾ പ്രധാനമന്ത്രിയും. ലോകചരിത്രത്തിലെ ആദ്യ സംഭവം. ഇരട്ടകൾ ഒരുമിച്ച് ഭരിക്കുന്നതും അന്നാദ്യം. 2006ലായിരുന്നു ഈ അദ്ഭുതം. ഇരട്ടകളിലെ ഒരാൾ, ലെ കസിൻസ്‌കി പ്രസിഡന്റ്. രണ്ടാമൻ യറോസ്‌ലോ കസിൻസ്‌കി പ്രധാനമന്ത്രി. പോളണ്ടിലെ ജനപ്രിയ പ്രധാനമന്ത്രി കസിമിയെർസ് മാർകിങ്കീവിസ് രാജി വച്ചതോടെയാണ് അന്നു പ്രസിഡന്റായ ലെ കസിൻസ്‌കി സഹോദരനെ പ്രധാനമന്ത്രിയായി നിയോഗിച്ചത്. ‘ചന്ദ്രനെ മോഷ്‌ടിച്ച ഇരട്ടകൾ’ (1962) എന്ന കുട്ടികളുടെ ചിത്രത്തിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രസിഡന്റായിരിക്കെ ലെ കസിൻസ്കി 2010 ഏപ്രിലിൽ റഷ്യയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.

കുടുംബ വാഴ്ച
കുടുംബനേതൃത്വം മുൻപും ശ്രീലങ്ക കണ്ടിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ചന്ദ്രിക കുമാരതുംഗെ 1994ൽ പ്രസിഡന്റായി അധികാരമേറ്റെടുത്തപ്പോൾ ആ സ്ഥാനം കൈമാറിയത് സ്വന്തം അമ്മ സിരിമാവോ ബന്ദാര നായകെയ്ക്കാണ്. അങ്ങനെ അമ്മയും മകളും ഒരേ സമയത്ത് (1994–2000) ലങ്കയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായി. 1960–65, 1970– 77, 1994–2000 കാലത്ത് അവിടെ പ്രധാനമന്ത്രിയായിരുന്ന സിരിമാവോയുടെ പേരിൽ മറ്റൊരു റെക്കോർഡുമുണ്ട് – തിരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത. സിരിമാവോയുടെ ഭർത്താവ് എസ്. ഡബ്ല്യു. ആർ. ഡി. ബന്ദാരനായകെയും അവിടെ പ്രധാനമന്ത്രിയായിരുന്നു (1956–59). ചന്ദ്രികയുടെ പേരിലും ഒരു റെക്കോർഡുണ്ട്: ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റ്.

ഭാര്യയും ഭർത്താവും
ഒരേ സമയത്ത് ഭർത്താവ് പ്രസിഡന്റും ഭാര്യ വൈസ്പ്രസിഡന്റും. അർജന്റീനയിലായിരുന്നു ഈ രാഷ്ട്രീയ കൗതുകം. 1946–55, 1973–74 കാലത്ത് അർജന്റീനയുടെ പ്രസിഡന്റായിരുന്നു ജൂവാൻ ഡൊമിൻഗേ പെറോൺ. സൈനിക അട്ടിമറിയെ തുടർന്നു സ്‌പെയിനിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലാണ് നർത്തകിയായ മറിയാ എസ്‌തലാ എന്ന ഇസബെല്ലിനെ ജൂവാൻ പെറോൺ കണ്ടുമുട്ടുന്നതും വിവാഹംചെയ്യുന്നതും. 1973ൽ അർജന്റീനയിൽ തിരിച്ചെത്തി പ്രസിഡന്റായ ജൂവാൻ പെറോൺ തന്റെ വൈസ് പ്രസിഡന്റാക്കിയത് സ്വന്തം ഭാര്യ ഇസബെല്ലിനെയാണ്. മറിയാ എസ്‌തലാ പെറോൺ പിന്നീട് അർജന്റീനയുടെ പ്രസിഡന്റുമായി (1974 ജൂലൈ മുതൽ 1976 മാർച്ച് വരെ). ലോകചരിത്രത്തിൽ ഏതെങ്കിലും രാഷ്‌ട്രത്തിന്റെ പ്രസിഡന്റായ ആദ്യ വനിത എന്ന ബഹുമതിയും അവർക്ക് അവകാശപ്പെട്ടതാണ്. Summary: Family members who ruled countries