ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് സുരക്ഷിതമോ ?, Facts about, Solar eclipses, Padhippura, Manorama Online

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് സുരക്ഷിതമോ ?

എൻ.സാനു

ജ്യോതിശാസ്ത്രം ശ്രദ്ധിക്കുന്നവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണത്തിന് ഒരുമാസം കൂടി.. എന്താണ് സൂര്യഗ്രഹണം? വലയഗ്രഹണം എങ്ങനെ..? നമുക്ക് എങ്ങനെ ഇത്തവണത്തെ വലയഗ്രഹണം കാണാം..? ഡിസംബർ 26നു രാവിലെ അരങ്ങേറാൻ പോകുന്ന ആകാശവിസ്മയത്തിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. അന്നു സംഭവിക്കുന്ന വലയഗ്രഹണത്തിന്റെ പൂർണത ദൃശ്യമാകുന്ന പാത കടന്നുപോകുന്നത് വടക്കൻ കേരളത്തിലൂടെയാണ്.

സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും പരിക്രമണം ചെയ്യുന്നുണ്ടല്ലോ. ഈ കറക്കങ്ങൾക്കിടയിൽ ഇവ മൂന്നും ഒരു നേ‍ർരേഖയിൽ വന്നാൽ ഭൂമിയിൽ നിന്നു നോക്കുന്ന നമുക്ക് സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരികയും, ചന്ദ്രൻ സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്യുന്നതുമൂലം ചന്ദ്രഗ്രഹണം സംഭവിക്കുന്നു.

വലയ സൂര്യഗ്രഹണം
സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുമ്പോഴാണല്ലോ സൂര്യഗ്രഹണം നടക്കുന്നത്. നമ്മുടെ കാഴ്ചയിൽ ഒരു വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർത്ഥ വലുപ്പത്തെയും ആ വസ്തുവിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കും. അകലം കൂടുന്തോറും വസ്തുക്കളുടെ ആപേക്ഷിക വലുപ്പം കുറഞ്ഞുവരും. മാനത്തുകൂടി പറക്കുന്ന വിമാനത്തെ ഒരു പക്ഷിയുടെയത്ര വലുപ്പത്തിലാണല്ലോ നാം കാണുന്നത്.

ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റർ ആണ്. ഭൂമിയിൽ നിന്നുള്ള ചന്ദ്രന്റെ ശരാശരി ദൂരം 3,84,400 കിലോമീറ്ററും. ഇത്രവലിയ ദൂരം മൂലം ചന്ദ്രനെ നമ്മൾ തീരെ ചെറിയ ഒരു വസ്തുവായാണ് കാണുന്നത്. ഭക്ഷണം കഴിക്കുന്ന ഒരു പാത്രത്തിന്റെയത്ര ചെറുത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചന്ദ്രബിംബത്തെ നാം കാണുന്നത് ഏതാണ്ട് അര ഡിഗ്രി കോണീയ വലുപ്പത്തിലാണ്. സൂര്യന്റെ കാര്യവും ഇതുപോലെ തന്നെ. ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ് സൂര്യൻ. എന്നാൽ സൂര്യൻ ഭൂമിയിൽ നിന്നും ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ്. ഈ ദൂരക്കൂടുതൽ കാരണം ചെറിയ ഒരു വസ്തുവായാണ് സൂര്യനെയും നമുക്ക് കാണാനാകുക, അതായത് ഏകദേശം അര ഡിഗ്രി കോണീയ വലുപ്പം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൂര്യനേയും ചന്ദ്രനേയും ഒരേ കോണീയ വലുപ്പത്തിലാണ് നാം കാണുന്നത്. നേർക്കുനേരെ വന്നാൽ, ഭീമാകാരനായ സൂര്യനെ ചന്ദ്രന് മറയ്ക്കാനാകും.

ഭൂമിയും ചന്ദ്രനുമൊക്കെ പരിക്രമണം ചെയ്യുന്നത് ദീ‍‍ർഘവൃത്താകാര പാതയിൽ ആണെന്നറിയാമല്ലോ. അതിനാൽ ചിലസമയങ്ങളിൽ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കുകയും, ചന്ദ്രന്റെ ആപേക്ഷിക വലുപ്പം കുറയുകയും ചെയ്യും. അത്തരം ഒരവസരത്തിലാണ് ഗ്രഹണം നടക്കുന്നതെങ്കിൽ സൂര്യനെ പൂർണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ചന്ദ്രനാൽ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്റെ പുറംഭാഗം ഒരു വലയം കണക്കെ നമുക്ക് കാണാനാകും. ഇതാണ് വലയ സൂര്യഗ്രഹണം.

ഗ്രഹണം കാണുന്നത് സുരക്ഷിതമോ
സൂര്യനെ നേരിട്ടുനോക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല. ഗ്രഹണ സമയത്തായാലും സൂര്യനെ നേരിട്ടു നോക്കുന്നത് കണ്ണിനു ഹാനികരമാണ്. സൗരക്കണ്ണടകൾ ഉപയോഗിച്ചോ, പ്രൊജക്ടറുകൾ ഉപയോഗിച്ച് ഭിത്തിയിൽ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം. ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. ഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നതോ, ഭക്ഷണം കഴിക്കുന്നതോ, യാത്രചെയ്യുന്നതോ ഒന്നും അപകടകരമല്ല. മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഉത്സവമായാണ് ഗ്രഹണങ്ങളെ ആഘോഷിക്കുന്നത്. ഗ്രഹണം ഒരു നിഴൽനാടകമാണ്. ഗ്രഹണസമയത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാർഥങ്ങളോ മാരകരശ്മികളോ സൃഷ്ടിക്കപ്പെടുന്നില്ല.

സമയം
രാവിലെ എട്ടുമണിയോടെ കേരളത്തിൽ ഗ്രഹണം ആരംഭിക്കും. 9.25ന് ഉത്തരകേരളത്തിലും 9.30ന് ദക്ഷിണ കേരളത്തിലും പരമാവധി ഗ്രഹണം ദൃശ്യമാകും. 11 മണിയോടെ ഗ്രഹണം അവസാനിക്കും.

എവിടെയെല്ലാം കാണാം
2019 ഡിസംബർ 26ലെ വലയ ഗ്രഹണത്തിന്റെ പൂർണമായ കാഴ്ചകാണാവുന്ന പാത സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റർ വീതിയിൽ ഇതേ സമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും നിരീക്ഷിക്കാനാകും. ഇന്ത്യയിൽ തെക്കൻ കർണാടക, വടക്കൻ കേരളം, കോയമ്പത്തൂ‍ർ ഉൾപ്പെടുന്ന മധ്യ തമിഴ്‍നാട് എന്നിവിടങ്ങളിലാണു പൂർണ വലയസൂര്യഗ്രഹണം കാണാൻ കഴിയുക. സൂര്യൻ കിഴക്കുനിന്നു പടിഞ്ഞാറേക്കു സഞ്ചരിക്കുന്നതായി നമുക്ക് കാണാമെങ്കിലും ഗ്രഹണത്തിന്റെ പാത പടിഞ്ഞാറുനിന്നു കിഴക്കോട്ടാണ്. കേരളത്തിൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ വലയഗ്രഹണം പൂർണതയോടെ കാണാനാകും. മറ്റുള്ള ജില്ലകളിൽ വലയത്തിനുപകരം ചെറിയ ചന്ദ്രക്കല പോലെയാകും ഗ്രഹണ സമയത്ത് സൂര്യൻ ദൃശ്യമാകുക.

ഗ്രഹണോത്സവം നടത്തിയാലോ..
ഗ്രഹണത്തോടനുബന്ധിച്ച് സ്കൂളുകളിലും കോളേജുകളിലും ഒട്ടേറെ പഠനപ്രവർത്തനങ്ങൾ നടത്താം. ഉദാ–സൗരയൂഥത്തിന്റെ മാതൃക പരിചയപ്പെടുത്തൽ, ഗ്രഹണത്തിന്റെ പ്രവർത്ത‍ന മാതൃക തയ്യാറാക്കൽ, സൗര പ്രൊജക്ടർ നിർമ്മാണം, സൗരയൂഥ ക്വിസ്. തെക്കൻ ജില്ലയിലുള്ള കുട്ടികൾക്ക്, സയൻസ് ക്ലബ്ബിന്റെയും ശാസ്ത്രസംഘടനകളുടെയും സഹായത്താൽ പൂർണ്ണഗ്രഹണം നടക്കുന്ന വടക്കൻ ജില്ലകളിലേക്ക് പഠനയാത്ര സംഘടിപ്പിക്കാം. ഗ്രഹണം നിരീക്ഷിച്ച്, സൂര്യബിംബത്തിന്റെയും വലയഭാഗത്തിന്റെയും അളവുകൾ താരതമ്യം ചെയ്ത് സൂര്യചന്ദ്രന്മാരുടെ ദൂരങ്ങളുടെ അനുപാതം കണ്ടെത്താം. സ്കൂളുകളിൽ ഗ്രഹണോത്സവങ്ങൾ സംഘടിപ്പിക്കാം.

സൗര പ്രൊജക്ടർ നിർമിക്കാൻ ആവശ്യമായ വസ്തുക്കൾ - ഏകദേശം 10 സെന്റിമീറ്റർ വ്യാസമുള്ള പന്ത്, ഒരു ചെറിയ കണ്ണാടിക്കഷണം, പശ, പന്ത് വയ്ക്കാൻ പാകത്തിലുള്ള തിരിക (സെലോ ടേപ്പ് ചുറ്റിവരുന്ന വളയം മതിയാകും) അല്ലെങ്കിൽ പാത്രം എന്നിവ. പന്തിന്റെ മുകൾ ഭാഗത്ത് പശ ഉപയോഗിച്ച് കണ്ണാടിക്കഷണം ഒട്ടിക്കുക. ഈ പന്ത് ഒരു തിരികയുടെ മുകളിലായി വെയിലത്ത് വയ്ക്കുക. നിഴൽ വീഴുന്ന ഒരു ഭിത്തിയിലേക്ക് കണ്ണാടിയിൽ നിന്നുള്ള സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക. ഭിത്തിയിൽ സൂര്യന്റെ പ്രതിബിംബം കാണാൻ കഴിയും. ഗ്രഹണസമയത്ത് ഈ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാനും സാധിക്കും.

Summary : Facts about solar eclipses