പ്രധാനമന്ത്രിയുടെ സുരക്ഷയും ബ്ലൂബുക്കും തമ്മിൽ?, Indian Prime Minister, Security, Blue Book, Padhippura, Manorama Online

പ്രധാനമന്ത്രിയുടെ സുരക്ഷയും ബ്ലൂ ബുക്കും തമ്മിൽ?

അനിൽ ഫിലിപ്

രാഷ്ട്രത്തലവൻ രാഷ്ട്രപതി ആണെങ്കിലും നമ്മുടെ രാജ്യത്ത് ഏറ്റവും അധികാരമുള്ള പദവിയാണ് പ്രധാനമന്ത്രിയുടേത്...പ്രധാനമന്ത്രിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം

കേന്ദ്ര മന്ത്രിസഭയുടെ തലവൻ
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ രാഷ്‌ട്രപതിയാണെങ്കിൽ കേന്ദ്രമന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ രാജ്യത്തിന്റെ ഭരണത്തലവൻ പ്രധാനമന്ത്രിയാണ്. ഭരണഘടനയുടെ 74 (1) വകുപ്പുപ്രകാരം പ്രധാനമന്ത്രി തലവനായ മന്ത്രിസഭ നിലവിലുണ്ടാകണമെന്നും പ്രസിഡന്റിന്റെ ചുമതലകൾ നിറവേറ്റാൻ ആവശ്യമായ പിന്തുണയും സഹായങ്ങളും ഉപദേശങ്ങളും നൽകണമെന്നും പറയുന്നു. ഇന്ത്യൻ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രധാനമന്ത്രിയാണ്. പാർലമെന്റിന്റെ അധോസഭയായ (Lower House) ലോക്സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയോ മുന്നണിയുടെയോ പ്രതിനിധിയെയാണ് പ്രസിഡന്റ് പ്രധാനമന്ത്രിയായി നിയമിക്കുക. പ്രസിഡന്റിന്റെ മുൻപാകെയാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ നിയമിക്കുന്നത് പ്രസിഡന്റാണെന്ന് ഭരണഘടനയുടെ 75 (1) വകുപ്പിൽ പറയുന്നു.

പ്രധാനമന്ത്രിയാണ് കേന്ദ്രമന്ത്രിസഭയുടെ അധ്യക്ഷൻ. ഏതു സഭയിലെ അംഗമാണോ (ലോക്സഭ/ രാജ്യസഭ) അതിന്റെ നേതാവും (House Leader) പ്രധാനമന്ത്രിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷണർമാർ, മുഖ്യ വിവരാവകാശ കമ്മീഷണർ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ, അറ്റോർണി ജനറൽ തുടങ്ങി വിവിധ പ്രമുഖ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് പ്രസിഡന്റ് നടപ്പാക്കുക.

പ്രധാനമന്ത്രിയുടെ പ്രായം
ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സാണ്. ലോക്സഭാംഗമായ വ്യക്തി പ്രധാനമന്ത്രിയാകുമ്പോഴാണ് ഈ പ്രായം ബാധകമാവുക. പാർലമെന്റിന്റെ ഉപരിസഭയായ (Upper House) രാജ്യസഭാംഗമാണെങ്കിൽ പ്രധാനമന്ത്രിയാകാനുള്ള പ്രായം 30 ആണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. പ്രധാനമന്ത്രിയാകുമ്പോൾ പ്രായം 41 വയസ്സ്. പ്രധാനമന്ത്രിയായപ്പോൾ ഏറ്റവും പ്രായം കൂടിയയാൾ മൊറാർജി ദേശായിയാണ് – 81 വയസ്സ്.

ഓഫിസ്, വസതി
രാഷ്ട്രപതിഭവനു സമീപം സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കിലാണ് പ്രൈംമിനിസ്റ്റേഴ്സ് ഓഫിസ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യാലയം. 20 മുറികളുള്ള ഈ ഓഫിസിനോടു ചേർന്നാണ് ക്യാബിനറ്റ് സെക്രട്ടേറിയറ്റും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമൊക്കെ. ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗ് (മുൻപ് 7, റേസ് കോഴ്സ് റോഡ്) ആണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. 2.8 കിലോമീറ്റർ ചുറ്റളവിലാണ് ഈ വസതി സ്ഥിതിചെയ്യുന്നത്. ഇൻഫ്രാ റെഡ് സുരക്ഷാ വലയംവരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (പിഐഡിഎസ്) എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനം ഇവിടെയുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷ
സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനാണ് (എസ്പിജി) പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും സുരക്ഷാ ചുമതല. സുരക്ഷ ആവശ്യമായ വ്യക്തികളെ അവർ നേരിടുന്ന ഭീഷണി പരിഗണിച്ചു നാലായി തരം തിരിച്ചിട്ടുണ്ട് – എക്സ്, വൈ, സെഡ്, സെഡ് പ്ളസ് എന്നിങ്ങനെ. സെഡ് പ്ളസ് ആണ് ഏറ്റവും മുന്തിയ സുരക്ഷ. പ്രധാനമന്ത്രിയുടെ സുരക്ഷ എങ്ങനെ ആയിരിക്കണം എന്നു വ്യക്തമായി നിഷ്കർഷിക്കുന്ന പുസ്തകമാണ് ബ്ലൂ ബുക്ക്. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹത്തോടൊപ്പം എത്രപേർക്കു വേദി പങ്കിടാം എന്നു കൃത്യമായ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

ശമ്പളം
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലാകാലങ്ങളിൽ നിർണയിക്കുന്നത് പാർലമെന്റാണ്. 19.2 ലക്ഷം രൂപയാണ് നിലവിലെ വാർഷിക ശമ്പളം. (പ്രതിമാസം 1.6 ലക്ഷം രൂപ). 50,000 രൂപയാണ് അടിസ്ഥാന ശമ്പളം. ദിവസേന 2000 രൂപ അലവൻസായി ലഭിക്കും. എംപിമാർക്കു കിട്ടുന്ന 45, 000 രൂപയുടെ മാസഅലവൻസും sumptuary allowance ആയ 3000 രൂപയും ലഭിക്കും. ചികിൽസ സൗജന്യമാണ്.

ഏറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്ന ഭരണത്തലവൻ സിംഗപ്പൂർ പ്രധാനമന്ത്രി ലീൻ സെയ്ൻ ലൂങ്ങാണ് (14 കോടി രൂപ). ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കുമ്പോൾ വാർഷിക ശമ്പളം 3.16 കോടി രൂപയായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് അവിടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ വർഷം ഒരു ഡോളർ ശമ്പളം മതിയെന്ന് പറഞ്ഞു.

വാഹനങ്ങൾ
ബിഎംഡബ്ല്യു സെവൻ സീരീസ് കാറിന്റെ അതീവ സുരക്ഷാ വകഭേദമാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം റേഞ്ച് റോവറിന്റെ അതീവ സുരക്ഷാ വകഭേദം ‘സെന്റിനെലും’ ഔദ്യോഗിക വാഹനമായി. ആകാശയാത്രയ്ക്കായി ബോയിങ് 777 – 400 ഇആർ വിമാനം ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കാണ് ഈ വിമാനത്തിന്റെ ചുമതല. ‘എയർ ഇന്ത്യ വൺ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സെൻസർ പാളികളാണു പ്രധാനമന്ത്രിയുടെ കാറിന്റെ സവിശേഷത. ബോഡിയും ജനാലകളും പൂർണമായി ബുള്ളറ്റ് പ്രൂഫ്. സ്ഫോടനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്. പ്രതിരോധത്തിനായി സായുധ കവചവും ഓക്സിജൻ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ പരുക്കേൽക്കാതെ പുറത്തിറങ്ങാൻ എമർജൻസി വാതിലുണ്ട്. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള സെൻസറുകൾ ടയറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറി അതിജീവിക്കാൻ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഈ വാഹനങ്ങൾക്ക്. നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മികച്ച ഡ്രൈവർമാരാണു വാഹനം നിയന്ത്രിക്കുന്നത്.

ഏതാണ്ട് മുപ്പതോളം വാഹനങ്ങളാണു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവുക. ഇതിൽ ഏതാനും കാറുകൾ ജാമറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ സ്‌ഥാപിച്ചവയാണ്. സുരക്ഷാവിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പുറമെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്‌ഥ സംഘം, വിവിഐപിയെ അനുഗമിക്കുന്ന മാധ്യമസംഘം എന്നിവരും വാഹന വ്യൂഹത്തിലുണ്ടാകും. ഇതുകൂടാതെ ഡോക്ടർമാരടക്കമുള്ള ആംബുലൻസ് സംവിധാനങ്ങളും ഒപ്പമുണ്ടാകും.

മുൻ പ്രധാനമന്ത്രി
നിലവിലെ പ്രോട്ടോക്കോൾ പ്രകാരം മുൻ പ്രധാനമന്ത്രിമാരുടെ സ്ഥാനം ഏഴാമതാണ്. ക്യാബിനറ്റ് മന്ത്രിമാർ, അതത് സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ, രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷനേതാക്കൾ എന്നിവർക്കൊപ്പമാണ് പ്രോട്ടോക്കോൾ പ്രകാരം മുൻപ്രധാനമന്ത്രിമാരുടെ സ്ഥാനം. ആജീവനാന്തം സൗജന്യ താമസം, സൗജന്യ വൈദ്യുതിയും വെള്ളവും, പെൻഷനായി മാസംതോറും 20, 000 രൂപ (ഇവ കാലാകാലങ്ങളിൽ വർധിപ്പിക്കും), സൗജന്യ ചികിൽസ, പരിധിയില്ലാത്ത ട്രെയിൻ യാത്രസൗകര്യം, ആഭ്യന്തര യാത്രകൾക്കായി വർഷംതോറും ആറ് ഉന്നത ക്ലാസ് വിമാന ടിക്കറ്റുകൾ, 14 അംഗങ്ങളുള്ള ഉദ്യോഗസ്ഥവൃന്ദം, (അഞ്ചു വർഷത്തിനുശേഷം രണ്ടുപേരായി ചുരുക്കും) എന്നിവയാണ് മുൻ പ്രധാനമന്ത്രിമാർക്കുള്ള പ്രധാന സൗകര്യങ്ങൾ. എസ്പിജിക്കുതന്നെയാണു മുൻ പ്രധാനമന്ത്രിമാരുടെയും കുടുംബത്തിന്റെയും സുരക്ഷയുടെ ചുമതല. എന്നാ,ൽ സുരക്ഷ മുൻനിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും. അധികാരമൊഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷം ഇവയിൽ പല സൗകര്യങ്ങളും വെട്ടിക്കുറയ്ക്കും.

രാജ്യത്തെ നയിച്ചവർ
ജവാഹർലാൽ നെഹ്‌റു
∙കാലഘട്ടം: 1947–64
∙ ഏറ്റവും കൂടുതൽ കാലവും ഏറ്റവും കൂടുതൽ തവണയും പ്രധാനമന്ത്രി

ലാൽ ബഹദൂർ ശാസ്‌ത്രി

∙കാലഘട്ടം: 1964–66
∙ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന കോൺഗ്രസ് പ്രധാനമന്ത്രി.
∙ വിദേശത്തു മരിച്ച ഏക പ്രധാനമന്ത്രി

ഇന്ദിരാ ഗാന്ധി

∙കാലഘട്ടം:1966–77,1980–84
∙ ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി
∙ അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏക പ്രധാനമന്ത്രി

മൊറാർജി ദേശായി

∙കാലഘട്ടം 1977–79
∙ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി

ചരൺ സിങ്

∙കാലഘട്ടം 1979–80
∙ പാർലമെന്റിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഏക പ്രധാനമന്ത്രി

രാജീവ് ഗാന്ധി

∙കാലഘട്ടം: 1984–89
∙ വോട്ടവകാശത്തിനുള്ള പ്രായം പതിനെട്ടായി കുറച്ച പ്രധാനമന്ത്രി

വി.പി. സിങ്

∙കാലഘട്ടം 1989–90
∙ ലോക്‌സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച് വിജയിച്ച ആദ്യപ്രധാനമന്ത്രി

ചന്ദ്രശേഖർ

∙കാലഘട്ടം: (1990–91)
∙നെഹ്റുവിനും രാജീവിനും ശേഷം ഒരു മന്ത്രി സ്ഥാനവും വഹിക്കാതെ പ്രധാനമന്ത്രിയായ വ്യക്തി

പി. വി. നരസിംഹറാവു

∙കാലഘട്ടം 1991–96
∙ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി

അടൽ ബിഹാരി വാജ്‌പേയി

∙കാലഘട്ടം 1996, 1998–2004
∙ ഏറ്റവും കൂടുതൽ കാലം കാവൽ പ്രധാനമന്ത്രി

എച്ച്. ഡി. ദേവെഗൗഡ

∙കാലഘട്ടം: 1996–97
∙ കർണാടകയിൽ നിന്നുള്ള ഏക പ്രധാനമന്ത്രി

ഐ. കെ. ഗുജ്റാൾ

∙കാലഘട്ടം 1997–98
∙ സോവിയറ്റ് യൂണിയനിൽ അംബാസഡർ ആയിരുന്നു.

മൻമോഹൻ സിങ്

∙കാലഘട്ടം: 2004–14
∙ ഒരിക്കൽപ്പോലും ലോക്‌സഭാംഗമാകാത്ത പ്രധാനമന്ത്രി.

നരേന്ദ്ര മോദി

∙കാലഘട്ടം: 2014–തുടരുന്നു
∙പ്രധാനമന്ത്രിയാകുന്ന 15–ാമത്തെ വ്യക്‌തിയാണ് നരേന്ദ്ര മോദി (ഗുൽസരി ലാൽ നന്ദയെ ഉൾപ്പെടുത്തിയുള്ള കണക്ക്).

ഗുൽസാരിലാൽ നന്ദ

2 തവണ ഇടക്കാല പ്രധാനമന്ത്രി. 1964ൽ നെഹ്‌റുവിന്റെ മരണത്തെ തുടർന്നും 1966ൽ ശാസ്‌ത്രിയുടെ മരണത്തെത്തുടർന്നും ഇടക്കാല പ്രധാനമന്ത്രിയായി.