ഹോട്ടലിനുളളിൽ ആനക്കൂട്ടം; മാമ്പഴക്കാലത്ത് നടന്നത് !

ജെഎം

ആനകൾക്കു സഞ്ചരിക്കാൻ കാട്ടിൽ സ്ഥിരമായ ചില വഴികളുണ്ട്. അതിന് ആനത്താര എന്നാണു പറയുക. കാടു വെട്ടിക്കയറി മനുഷ്യൻ ഈ ആനത്താരയിൽ ഹോട്ടൽ പണിതാൽ എന്തു സംഭവിക്കും? ഉത്തരം ലളിതം, ആന ഹോട്ടലിലൂടെ നടക്കും. ഇതൊരു കുസൃതിച്ചോദ്യമോ അതിന്റെ ഉത്തരവുമോ അല്ല. ശരിക്കും സംഭവച്ച കാര്യമാണ്.

സാംബിയയിലെ സൗത്ത് ലുവാങ്‌വാ ദേശീയോദ്യാനത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഫുവി ഹോട്ടൽ ലോബിയിലൂടെ ഇങ്ങനെ ആനകൾ സ്ഥിരം സഞ്ചരിക്കാറുണ്ട്. മാമ്പഴക്കാലത്ത് ആനകൾ മാങ്ങ തിന്നാൻ പൊയ്ക്കൊണ്ടിരുന്ന വഴിയിലാണു ഹോട്ടൽ പണിതത്. 1998 ലാണു ഹോട്ടൽ നിര്‍മിച്ചത്. ആനത്താരയിലാണു തങ്ങൾ ഹോട്ടൽ പണിതതെന്ന് ഇവർക്ക് അറിയില്ലായിരുന്നു. ഹോട്ടൽ പണിതു പ്രവർത്തന‌ം തുടങ്ങി. ഏറെ ആളുകൾ ഇവിടെ താമസിക്കുന്നുമുണ്ട്. മാമ്പഴക്കാലമായപ്പോൾ ഹോട്ടലിനു മുന്നിൽ വലിയൊരാന. ഹോട്ടൽ അധികൃതരും അവിടെ താമസിക്കാനെത്തിയവരും പേടിച്ചുപോയി. നോക്കുമ്പോള്‍ ആ വലിയ ആനയ്ക്കു പിന്നിൽ വീണ്ടും ആനക്കൂട്ടം. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആനകൾ ആരെയും ഉപദ്രവിക്കാതെ കടന്നുപോയി.

ആനകൾ വഴിതെറ്റി വന്നതാകാം എന്നു കരുതിയ ഹോട്ടൽ ജീവനക്കാർക്കു തെറ്റി. ഒരുപാട് ആനകൾ ഹോട്ടൽ ലോബിയിലൂടെ ദിവസവും പോകാനും വരാനും തുടങ്ങി. ആർക്കും ഒരു ഉപദ്രവും ചെയ്യാതെ ആനകൾ മാമ്പഴം തിന്നുകയും തിരിച്ചു പോവുകയും ചെയ്തു. ആദ്യം ഉപദ്രവമാകും എന്നു കരുതിയ ഈ കാര്യമാണു ഹോട്ടലുകാർക്കു പിന്നീട് അനുഗ്രഹമായത്. ഹോട്ടൽ ലോബിയിലൂടെ ആനകൾ നടന്നു പോകുന്നത് കാണാൻ തന്നെ ധാരാളം ആളുകൾ മാമ്പഴക്കാലത്ത് ഈ ഹോട്ടലിൽ വന്നു താമസിക്കാറുണ്ട്. ആരെയും ഉപദ്രവിക്കാതെ കടന്നു പോകുന്ന ആനകൾക്ക് ഒരുപദ്രവവും ഉണ്ടാകാതെ ഹോട്ടൽ ജീവനക്കാരും ശ്രദ്ധിക്കുന്നുണ്ട്.

എല്ലാ വർഷവും നവംബർ മാസത്തിലാണ് ആനകൾ വരിക. നാലു മുതൽ ആറ് ആഴ്ച വരെ ഇതുവഴി ആനകൾ പോകുമെന്നാണു ഹോട്ടൽ ജീവനക്കാർ പറയുന്നത്. ക്രമേണ സ്ഥിരമായി വരുന്ന ആനകൾക്കു ഹോട്ടൽ ജീവനക്കാർ ഓരോ ഓമനപ്പേരുപോലും നൽകി. 2009ൽ ഹോട്ടലിനോടു ചേർന്ന് ഒരാന പ്രസവിക്കുക വരെ ഉണ്ടായി എന്നാണു പറയുന്നത്. ഏതായാലും നവംബർ മാസം ഫുവി ഹോട്ടലിൽ താമസിക്കാൻ ആളുകളുടെ തിരക്കാണ്.