വൈദ്യുത രാസപ്രവർത്തനങ്ങൾ

വൈദ്യുതി ആഗിരണം ചെയ്തുകൊണ്ടോ പുറത്തുവിട്ടുകൊണ്ടോ നടക്കുന്ന രാസപ്രവർത്തനങ്ങളെയാണ്‌ വൈദ്യുത രാസപ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നത്. വൈദ്യുതി ആഗിരണം ചെയ്തുകൊണ്ട് വിഘടനത്തിനു വിധേയമാകുന്ന വൈദ്യുത രാസപ്രവർത്തനങ്ങളെ വൈദ്യുത വിശ്ലേഷണ രാസപ്രവർത്തനങ്ങൾ എന്നു വിളിക്കുന്നു. വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ വെള്ളം ഓക്സിജനും ഹൈഡ്രജനുമായി വിഘടിക്കുന്നത് ഒരുദാഹരണം. രാസപ്രവർത്തനം വഴി വൈദ്യുതി ഉൽപാദിപ്പിക്കുന്നവയാണ് വൈദ്യുത രാസ സെല്ലുകൾ.

പോസിറ്റീവ് ഇലക്ട്രോഡ് ആയ ആനോഡ്, നെഗറ്റീവ് ഇലക്ട്രോഡ് ആയ കാഥോഡ്, ലായനിയായോ ഉരുകിയ അവസ്ഥയിലോ ഉള്ള വൈദ്യുതി കടത്തിവിടുന്ന സംയുക്തങ്ങളായ ഇലക്ട്രോലൈറ്റ് എന്നിവയാണ്‌ ഏതു വൈദ്യുത രാസപ്രവർത്തനത്തിന്റെയും മൂന്ന് അടിസ്ഥാന ഘടകങ്ങൾ. വൈദ്യുത രാസ സെല്ലുകളിൽ ആനോഡ് എന്ന പോസിറ്റീവ് ഇലക്ട്രോഡിന് ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് ഓക്സീകരിക്കപ്പെടുമ്പോൾ (Oxidation) കാഥോഡ് എന്ന നെഗറ്റീവ് ഇലക്ട്രോഡ് ഇലക്ട്രോണുകൾ സ്വീകരിച്ച് നിരോക്സീകരിക്കപ്പെടുന്നു (Reduction).

തുരുമ്പിനെ തുരത്താൻ
ഇരുമ്പിനെ എങ്ങനെ തുരുമ്പിക്കാതെ സംരക്ഷിക്കാം? അതിനായി പല മാർഗങ്ങൾ നമ്മൾ അവലംബിക്കാറുണ്ട്. വീട്ടിലെ ഇരുമ്പുകൊണ്ടുണ്ടാക്കിയ വാതിലുകളും മറ്റ് ഉപകരണങ്ങളും പെയിന്റ് അടിക്കാറില്ലേ‌? അത് ഭംഗിക്കു മാത്രമല്ല. മറിച്ച് മേൽസൂചിപ്പിച്ച വൈദ്യുത രാസപ്രവർത്തനം തടയാൻ കൂടിയാണ്‌. പെയിന്റിന്റെ ഒരു ആവരണം വരുന്നതോടുകൂടി രാസപ്രവർത്തനം നടക്കാൻ ആവശ്യമായ ഇലക്ട്രോലൈറ്റ് ഉണ്ടാകുന്നതിനു വേണ്ട ഈർപ്പം അന്തരീക്ഷത്തിൽനിന്നും ലഭിക്കാതാകും. അങ്ങനെ ഇരുമ്പ് തുരുമ്പിക്കാതെ സംരക്ഷിക്കപ്പെടുന്നു. പെയിന്റ് മാത്രമല്ല കൂടുതൽ നാശന പ്രതിരോധ ശേഷിയുള്ള മറ്റു ലോഹങ്ങളായ സിങ്ക്, ക്രോമിയം തുടങ്ങിയവയൊക്കെ ഇതുപോലെ ഇരുമ്പിനു മുകളിൽ ആവരണം ചെയ്ത് കൂടുതൽ ഫലപ്രദമായി സംരക്ഷിക്കാവുന്നതാണ്‌. ഇത്തരത്തിൽ കുടിവെള്ള വിതരണത്തിനും മറ്റും ഉപയോഗിക്കുന്ന പൈപ്പുകളിൽ സിങ്ക് ആവരണം ചെയ്ത് സംരക്ഷിക്കുന്നതിനെ നമ്മൾ ഗാൽവനൈസിങ് എന്ന് വിളിക്കുന്നു. GI (ഗാൽവനൈസ്ഡ് അയൺ) പൈപ്പുകൾ എന്നും GI ഷീറ്റുകൾ എന്നുമെല്ലാം ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് ഇതുതന്നെ.