ഈ പെണ്‍കുട്ടി മുങ്ങിപ്പൊങ്ങിയപ്പോള്‍ കയ്യില്‍ അമൂല്യനിധി!

2018 ജൂലൈ 15. സ്വീഡനിലെ ടന്നോയിലുള്ള വൈഡോസ്റ്റേൺ തടാകത്തിലേക്കു നോക്കിയിരിക്കുകയാണ് ആൻഡ്രൂ. ഇനി ഏതാനും മിനിറ്റു കൂടിയേയുള്ളൂ ലോകകപ്പ് ഫുട്ബോൾ ഫൈനൽ തുടങ്ങാൻ. ക്രൊയേഷ്യയും ഫ്രാൻസും തമ്മിലുള്ള മത്സരം കാണാൻ വെമ്പി നിൽക്കുകയാണ് ആൻഡ്രൂവിന്റെ മനസ്സ്. അതിനുപക്ഷേ ഒരാൾ മാത്രം സമ്മതിക്കുന്നില്ല. മകൾ സാഗ നെവിസെക്ക്. പുള്ളിക്കാരിയെ നോക്കിയാണ് ആൻഡ്രൂ ആ തടാകക്കരയിൽ ഇരിക്കുന്നതും. തടാകത്തിന് അടിയിലെ ചെറുകല്ലുകളോട് കിന്നാരം പറഞ്ഞ് നീന്തിത്തുടിക്കുകയായിരുന്നു ആ എട്ടു വയസ്സുകാരി അപ്പോഴും.

നീന്തൽ നിർത്തി കയറി വരാന്‍ അവസാനത്തെ മുന്നറിയിപ്പും കൊടുത്തു ആൻഡ്രൂ. എന്നാൽപ്പിന്നെ ഒന്നു മുങ്ങാംകുഴിയിട്ടു വരാമെന്നു കരുതി തടാകത്തിന്റെ അടിത്തട്ടിലേക്കു പോയി സാഗ. അവിടെ ചെന്നു തൊട്ടപ്പോഴാണ് എന്തോ കയ്യിൽ തട്ടിയത്. നീളനൊരു വടിയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ പരതി നോക്കിയപ്പോൾ അതിനൊരു പിടിയൊക്കെയുണ്ട്. കയ്യോടെ സംഗതി പൊക്കിയെടുത്തു മുകളിലേക്കെത്തി സാഗ. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു– ‘ഡാഡീ, ഇതു കണ്ടോ.. ഒരു വാൾ...’ ആൻഡ്രൂ നോക്കുമ്പോഴുണ്ട് ഒരു നീളൻ വാളുമായി സാഗ നിൽക്കുന്നു.

കാഴ്ചയിൽ കിടിലൻ വാളായിരുന്നെങ്കിലും ആൻഡ്രൂ പെട്ടെന്നു തന്നെ അതുമായി വീട്ടിലേക്കു വന്നു ഫുട്ബോൾ കണ്ടു. അതിനിടയ്ക്ക് അയൽക്കാരാണു പറഞ്ഞത് ആ വാളിനു ചരിത്രപരമായിത്തന്നെ ഏറെ പ്രധാന്യം കാണുമെന്ന്. കാരണം ആ മേഖലകളിൽ അത്തരം വാളുകളൊന്നും ആരും ഇന്നേവരെ കണ്ടിട്ടേയില്ല. അങ്ങനെയാണ് സമീപത്തെ മ്യൂസിയത്തിലെ ആർക്കിയോളജിസ്റ്റായ ആനി റോസെന് അതിന്റെ ചിത്രങ്ങൾ ആൻഡ്രൂ അയച്ചു കൊടുക്കുന്നത്. കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലായിരുന്നു ആനി. ഫോണിലെത്തിയ പടങ്ങൾ കണ്ടതും പുള്ളിക്കാരി ആൻഡ്രൂവിന്റെ വീട്ടിലേക്കോടി. അത്രയേറെ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഒരു സ്വീഡിഷ് വാൾ അവർ ആദ്യമായി കാണുകയായിരുന്നു.

എന്തായാലും വിവരം അധികൃതർ പുറത്തുവിട്ടില്ല. വാളിന്റെ പഴക്കം പരിശോധിച്ചു മാത്രം വാർത്ത പുറത്തുവിടാനും തീരുമാനിച്ചു. മാത്രവുമല്ല വാർത്ത ഇപ്പോൾ പുറത്തുവിട്ടാൽ വേനലവധിക്ക് വൈഡോസ്റ്റേൺ തടാകം പൂരപ്പറമ്പാകുമെന്നത് ഉറപ്പ്. എന്തായാലും മ്യൂസിയത്തിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് വന്നതോടെ ഇപ്പോൾ രാജ്ഞിയുടെ പരിവേഷമാണ് സാഗയ്ക്ക്. കാരണം, ഏകദേശം 1500 വർഷം പഴക്കമുള്ള വാളാണ് ആ പെൺകുട്ടി തടാകത്തിൽ നിന്നു പൊക്കിയെടുത്തത്. ഏകദേശം 85 സെന്റിമീറ്റർ നീളമുള്ള വാൾ എഡി അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ഉപയോഗിച്ചിരുന്നതാണ്. വാളിന്റെ തുകലുറയുടെയും മരപ്പിടിയുടെയും അവശിഷ്ടങ്ങൾ വരെ കാര്യമായ കേടുപറ്റാതെ അതിനൊപ്പമുണ്ടായിരുന്നതായിരുന്നു ഏറെ അദ്ഭുതകരം.

യുഎസിൽ നിന്നു കഴിഞ്ഞ വർഷമാണ് ആൻഡ്രൂവിന്റെ കുടുംബം സ്വീഡനിലേക്കു മാറുന്നത്. എന്തായാലും വാൾ ‘മിനുക്കി’യെടുക്കുന്ന തിരക്കിലാണ് മ്യൂസിയം അധികൃതർ. അതിന് ഏകദേശം ഒരു വർഷമെടുക്കും. എന്നിട്ടു മാത്രമേ സാഗാ ‘രാജ്ഞി’യുടെ വാൾ പൊതുജനത്തിനു കാണാനാകൂ. സാഗയാകട്ടെ ഇതിനോടകം ഒരു കൊച്ചു സെലിബ്രിറ്റിയായിക്കഴിഞ്ഞു. ഇന്റർനെറ്റ് അവൾക്കു ചാർത്തിക്കൊടുത്ത പേരും ‘സ്വീഡനിലെ വാളേന്തിയ രാജ്ഞി’ എന്നായിരുന്നു. ബിബിസി ഉൾപ്പെടെ രാജ്യാന്തര മാധ്യമങ്ങളും ഇത് വാർത്തയാക്കി. സംഭവത്തെത്തുടർന്ന് ആർക്കിയോളജി വിഭാഗം പിന്നെയും തടാകത്തിൽ പരിശോധന നടത്തിയിരുന്നു. പഴയകാലത്തെ ഒരു സൂചി ലഭിച്ചതല്ലാതെ നിരാശയായിരുന്നു ഫലം. അതോടെ സാഗ പിന്നെയും സ്റ്റാറായി. തടാകത്തെക്കുറിച്ചു കൂടുതലൽ പഠനത്തിനൊരുങ്ങുകയാണ് ഗവേഷക സംഘം.