പോരാളി ഡ്രോണുകൾ, പക്ഷിയെപ്പോലെ പറന്നെത്തി നാശം വിതയ്ക്കുന്നവർ!

സമുദ്രം പോർക്കളമാക്കുന്ന യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ കരയുദ്ധത്തിലെ ഭീമൻമാരായ ടാങ്കുകൾ, കവചിത വാഹനങ്ങൾ‌ യുദ്ധക്കളത്തിലേക്ക് ദാ, പഠിപ്പുര പോകുന്നു

ഡ്രോൺ സ്ട്രൈക്ക്
പറന്നു നടന്നു ഫോട്ടോയെടുക്കുന്ന ഡ്രോണുകളെ നമ്മൾ പലസ്ഥലത്തും കണ്ടിട്ടുണ്ടാകും. എന്നാൽ ഇവരുടെയൊക്കെ വല്യേട്ടൻ അങ്ങ് പട്ടാളത്തിലാണെന്ന് എത്രപേർക്കറിയാം? അവയാണ് അൺമാൻഡ് ഏരിയൽ കോംബാറ്റ് വെഹിക്കിൾ അഥവാ യുസിഎവി. ശത്രുപ്രദേശങ്ങളിൽ ഒരു പക്ഷിയെപ്പോലെ പറന്നെത്തി നാശം വിതച്ച മടങ്ങുന്ന പോരാളി ഡ്രോണുകൾ

പൈലറ്റില്ല, കോക്പിറ്റില്ല
ഇത്തരം ഡ്രോണുകളെ നിയന്ത്രിക്കുന്നത്, പൈലറ്റില്ലാത്തതിനാൽ കോക്പിറ്റും മറ്റു സംവിധാനങ്ങളുമൊന്നും ആവശ്യമില്ല, ഇതിനാൽ വലുപ്പവും ഭാരവുമൊക്കെ കുറവാണ്.ശത്രുക്കൾ വെടിവച്ചിട്ടാലും ആളില്ലാത്തതിനാൽ ജീവഹാനി ഉണ്ടാകില്ലെന്നതു മറ്റൊരു ഗുണം.

ദൂരെ നിന്ന് നിയന്ത്രിക്കാം
പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പറക്കുന്ന അമേരിക്കയുടെ ഡ്രോണുകളെ നിയന്ത്രിക്കുന്നത് നെവാഡയിലുള്ള എയർഫോഴ്സ് കേന്ദ്രത്തിലിരുന്നാണ്. ഉപഗ്രഹങ്ങൾ വഴിയാണ് ഇതു സാധ്യമാകുന്നത്. എന്നാൽ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമായി മേഖലയ്ക്കടുത്തുതന്നെ ഒരു ഗ്രൗണ്ട് സ്റ്റേഷനുണ്ടാകും.

എയർ സ്ട്രൈക്ക്
കരുത്തന്മാരായ യുദ്ധവിമാനങ്ങളാണ് ആകാശശക്തിയിൽ നിർണായകം. റഡാറുകളുടെ കണ്ണിൽപെടാതെ അതിവേഗം ശത്രുരാജ്യങ്ങളിൽ പറന്നെത്തി സംഹാരം നടത്തി മടങ്ങാൻ യുദ്ധവിമാനങ്ങൾക്കാവും. കരവഴിയോ കടൽവഴിയോ ഏതുമാകട്ടെ, ആക്രമണത്തിനു തുടക്കമിടുന്നത് യുദ്ധവിമാനങ്ങളാണ്. ശത്രുവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ, കര–നാവിക സേനാ മുന്നേറ്റത്തിനു വഴിയൊരുക്കുക തുടങ്ങി എന്തും യുദ്ധവിമാനങ്ങളുടെ പണിയാണ്. ഇതിനായി ഫൈറ്റർ ജെറ്റുകൾ മുതൽ ട്രാൻസ്പോർട് വിമാനങ്ങൾ വരെ നീളുന്ന വിവിധോദ്ദേശ്യ വിമാനങ്ങളുണ്ട്.

ഫൈറ്റർ ജെറ്റുകൾ
ആകാശത്തെ ശത്രുവിമാനങ്ങൾ,കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ എന്നിവ തകർക്കുന്ന പോരാളിവിമാനം. വേഗം, ദൗത്യം നടപ്പാക്കാനുള്ള ശേഷി, വലുപ്പക്കുറവ്, ആയുധശേഷി തുടങ്ങിയവയാണു ഫൈറ്റർ ജെറ്റുകളുടെ മികവ് അളക്കുക. ഒറ്റ എൻജിനോ ഇരട്ട എൻജിനോ ഉള്ള യുദ്ധവിമാനങ്ങളിൽ ചിലത് ശബ്ദത്തേക്കാൾ മൂന്നു മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ്.

എഫ്–22 റാപ്റ്റർ
അഞ്ചാംതലമുറ ഫൈറ്റർ ജെറ്റ്. നിർമാണം: യുഎസിലെ ലോക്ഹീഡ് മാർട്ടിൻ. പ്രത്യേകതകൾ: ഇരട്ട എൻജിൻ, ഒറ്റ സീറ്റ്. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഫൈറ്റർ ജെറ്റ് (മണിക്കൂറിൽ 2410 കിലോമീറ്റർ) വില: 15 കോടി ഡോളർ (ഏകദേശം 990 കോടി രൂപ) കൈവശമുള്ളത്: യുഎസ് സേന (റഡാറിൽനിന്ന് ഒളിക്കാനുള്ള നൂതന സ്റ്റെൽത്ത് സാങ്കേതിക വിദ്യ പുറത്താകാതിരിക്കാൻ മറ്റു രാജ്യങ്ങൾക്കു വിൽക്കുന്നതിനു നിയന്ത്രണമുണ്ട്) ആയുധങ്ങൾ: താഴെയും ഇരുവശങ്ങളിലുമായി ദീർഘ–ഹ്രസ്വദൂര മിസൈലുകൾ, ബോംബുകൾ എന്നിവ സൂക്ഷിക്കാം.

വാട്ടർ സ്ട്രൈക്ക്
കപ്പലുകളും അന്തർവാഹിനികളുമാണ് കടലിലെ പോരാളികൾ. വിമാനവാഹിനിക്കപ്പലുകൾ, പടക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവ ചേരുന്നതാണ് ഓരോ രാജ്യത്തിന്റെയും കടൽക്കരുത്ത്. ഡിസ്ട്രോയർ, ഫ്രിഗേറ്റ്, പട്രോൾ, ക്രൂസർ, മൈൻ സ്വീപ്പർ തുടങ്ങിയ പടക്കപ്പലുകൾ നാവികസേനയിൽ അണിനിരക്കുന്നു. കടലിലൂടെ സഞ്ചരിക്കുന്ന നാവിക വിമാനത്താവളമാണ് വിമാനവാഹിനിക്കപ്പൽ. പോർവിമാനങ്ങൾക്ക് ഈ കപ്പലിൽനിന്നു പറന്നുയർന്ന് ശത്രുപക്ഷത്ത് ആക്രമണം നടത്താനും തിരികെ ലാൻഡ് ചെയ്യാനും സാധിക്കും. ലോകത്തെ 41 വിമാനവാഹിനിക്കപ്പലുകളിൽ 11 എണ്ണം യുഎസിന്റേതാണ്. ചൈന, ഫ്രാൻസ്, ഇന്ത്യ, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു വിമാനവാഹിനി വീതമുണ്ട്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ ‌കടലിലെ ഏറ്റവും അപകടകാരികളാണു മുങ്ങിക്കപ്പലുകൾ. ആക്രമണവും രഹസ്യവിവരങ്ങൾ ശേഖരിക്കുകയുമൊക്കെയാണ് പ്രധാന ദൗത്യം. അറ്റാക്ക് സബ്മറീൻ, ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ (ബാലിസ്റ്റിക് മിസൈൽ വഹിക്കുന്നവ) എന്നീ രണ്ടുവിഭാഗങ്ങളുണ്ട്. റഡാർ കണ്ണുകൾക്ക് പിടികൊടുക്കാത്ത ഇവയുടെ പ്രധാന ആയുധം ടോർപിഡോ മിസൈലുകളാണ്.‌ ഇന്ത്യൻ നാവികസേനയ്ക്ക് 16 മുങ്ങിക്കപ്പലുകളുണ്ട്. ഇവയിൽ രണ്ടെണ്ണം ആണവ ഇന്ധനം ഉപയോഗിച്ചു പ്രവ‍ർത്തിക്കുന്നഐഎൻഎസ് ചക്രയും ഐഎൻഎസ് അരിഹന്തുമാണ്

ടാങ്ക് സ്ട്രൈക്ക്
യുദ്ധരംഗത്തെ മുന്നണിപ്പോരാളി. കരുത്തുറ്റ കവചിത വാഹനമായ ടാങ്കിൽ ഒന്നിലേറെപ്പേർക്കു കഴിയാം. കാറ്റർപില്ലർ ട്രാക്ക് എന്നറിയപ്പെടുന്ന ചങ്ങലകളുടെ സഹായത്തിലാണ് ഇവ മുന്നേറുന്നത്. ലോകത്തെ പ്രധാന ടാങ്കുകൾ പരിചയപ്പെട്ടാലോ? റഷ്യൻ ആർമിയുടെ നാലാം തലമുറ യുദ്ധ ടാങ്കായ ടി–14 അർമാറ്റ വികസനത്തിലാണ്. ആണവ മിസൈലുകൾ വരെ പ്രയോഗിക്കാൻ ഇതിനു ശേഷിയുണ്ട്. ഇതിനു പാകത്തിനുള്ള 152 മില്ലിമീറ്റർ ഗണ്ണും ടാങ്കിലുണ്ട്. ഏതു യുദ്ധരംഗത്തും ഉപയോഗിക്കാൻ സാധിക്കുന്ന, പൂർണമായും ഓട്ടമേറ്റഡ് ആയ ടാങ്കാണിത്. ബ്രിട്ടിഷ് സേന ഉപയോഗിക്കുന്ന ചലഞ്ചർ 2 എംബിടി ടാങ്കി‌ന്റെ ഭാരം 62.5 ടൺ. 8.3 മീറ്റർ നീളമുള്ള ചലഞ്ചറിൽ എൽ30എ1 എന്ന ഗണ്ണാണ് പ്രധാന ആയുധം. നാലു പേർക്കു സഞ്ചരിക്കാം. യുഎസ് ആർമിയുടെ മൂന്നാം തലമുറ ടാങ്കായ അബ്രാംസ് ഏതു സ്ഥലത്തും ഓടും. 62 മെട്രിക് ടൺ ഭാരമുള്ള ഇവ ലോകത്തിലെ ഏറ്റവും ഭാരമുള്ള ടാങ്കുകളിലൊന്ന്. ഇന്ത്യയുടെ അഭിമാനടാങ്കായ അർജുന്റെ ഭാരം 58.5 ടണ്ണാണ്. മണിക്കൂറിൽ 67 കിലോമീറ്റർ വരെ വേഗം.

ഭീകരവിരുദ്ധ സംഘത്തിന്റെ പ്രധാനവാഹനങ്ങൾ
കവചിത വാഹനങ്ങൾ – വെടിയുണ്ടകളിൽ നിന്നും ഗ്രനേഡുകളിൽ നിന്നുമെല്ലാം സംരക്ഷണം നൽകുന്ന വാഹനങ്ങൾ കെട്ടിടങ്ങളുടെ ഉയരമുള്ള നിലകളിലേക്ക് എത്താനും സഹായിക്കും.

ലോകരാജ്യങ്ങളിലെ കിടിലൻ ഭീകരവിരുദ്ധസംഘങ്ങൾ
എൻഎസ്ജി– ഇന്ത്യ
സയററ്റ് മറ്റ്കാൽ– ഇസ്രയേൽ
ഡെൽറ്റ ഫോഴ്സ്– അമേരിക്ക
മർകോസ്– ഇന്ത്യ
ഗ്രെൻഷൂസ്ഗ്രുപ്പെ 9– ജർമനി
ഗ്രൂപ്പോ ഡി ഇന്റർവീനോ– ഇറ്റലി
ആൽഫാ ഗ്രൂപ്പ് – റഷ്യ

കൗണ്ടർ സ്ട്രൈക്ക് !
തോക്കുകൾ
ചെറിയ റേഞ്ചുകളിൽ ഉപയോഗിക്കുന്ന സബ്മെഷീൻ ഗൺ, എം‌16, എകെ 47 തുടങ്ങിയ അസോൾട്ട് റൈഫിളുകൾ, ദീർഘദൂരത്തിലുള്ള ശത്രുവിനെ നേരിടുന്ന സ്നൈപ്പറുകൾ, ഹാൻഡ് പിസ്റ്റളുകൾ തുടങ്ങിയവ.
ബുള്ളറ്റ്പ്രൂഫ്- വെസ്റ്റുകൾ വെടിയുണ്ടകളെ തടയുന്ന ശരീരകവചം
ഗ്ലോക്ക് നൈഫ് -പ്രത്യേകതരം കത്തി, വെടിവയ്ക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ ഉപയോഗിക്കും
ടേസർ- ഈ ഉപകരണം ശത്രുവിന്റെ ദേഹത്തേക്കു പ്രയോഗിക്കുന്നതോടെ വൈദ്യുതി പ്രവഹിക്കും. ഷോക്കേറ്റ ശത്രു കുറച്ചുനേരത്തേക്കു സ്തംഭിക്കുകയും ചെയ്യും.
നൈറ്റ് വിഷൻ ഗോഗിൾസ് - പ്രകാശം കുറവുള്ള സ്ഥലങ്ങളിൽ വ്യക്തമായി കാണാൻ ഇതുപകരിക്കും.

തീയില്‍ കുരുത്തവർ
സൈന്യത്തിൽ നിന്നും പൊലീസിൽ നിന്നും മികവുറ്റ വ്യക്തികളെ തിരഞ്ഞെടുത്ത് കടുകട്ടി ട്രെയിനിങ് നൽകിയാണ് ഭീകരവിരുദ്ധസംഘംരൂപീകരിക്കുന്നത്. അണുവിട തെറ്റാതെ വെടിയുതിർക്കുക, കിലോമീറ്ററുകളോളം ഒറ്റക്കുതിപ്പിൽ ഓടുക. കരാട്ടെ മുതൽ മേൽക്കൂരകളിലൂടെയുള്ള ‘പാർക്കൗർ ’ ഓട്ടത്തിനുപോലും പരിശീലനം ഇവർക്കു ലഭിക്കും.

ഇൻപുട്സ്: ജിബി മാത്യു, സുനിഷ് തോമസ്, ജോ ജേക്കബ്, അശ്വിൻ നായർ