‌ഗ്രേറ്റ് ബ്ലൂ ഹോളിന്റെ നിഗൂഢ ആഴങ്ങളിൽ ഗവേഷകർ കണ്ടു ആ ‘ഭീകരനെ’!!

കൊച്ചുകുട്ടികൾ കിണറ്റിലേക്ക് എത്തിനോക്കാൻ പോയാൽ അപ്പോൾത്തന്നെ അമ്മ ചൂരലുമെടുത്തു പിന്നാലെ വരും. അത്രയ്ക്ക് അപകടമാണത്. പക്ഷേ കിണറിനേക്കാളും ഏറെയേറെ ആഴമുള്ള ഒരു സ്ഥലത്ത് ‘എത്തിനോക്കാൻ’ പോയ ഗവേഷകർ കണ്ടത് അതിനേക്കാളും അപകടം പിടിച്ച കാഴ്ചയായിരുന്നു. മധ്യ അമേരിക്കയിൽ ബലീസ് എന്നൊരു സ്ഥലമുണ്ട്. അതിന്റെ തീരത്തു നിന്ന് ഏകദേശം 100 കിലോമീറ്റർ ദൂരേക്കു കടലിൽ സഞ്ചരിച്ചാൽ ഒരിടത്തെത്തും. കൂട്ടുകാർക്കറിയാമോ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ‘കടൽക്കുഴി’യാണത് (മറൈൻ സിങ്ക്ഹോൾ)–പേര് ദ് ഗ്രേറ്റ് ബ്ലൂ ഹോൾ. ഏകദേശം 984 അടി വരും അതിന്റെ വീതി. 410 അടി ആഴവും. ലോകത്തിൽ ഇത്തരത്തിൽ ഏറ്റവും ആഴത്തിലുള്ള സിങ്ക്ഹോൾ തെക്കൻ ചൈന കടലിലാണ്–പേര് ഡ്രാഗൺ ഹോൾ. 987.2 അടിയാണ് ഇതിന്റെ ആഴം. ആഴത്തിലെ ഇരുട്ട് കാരണം ഗ്രേറ്റ് ബ്ലൂഹോളിന്റെ അഗാധ ഗർത്തത്തിൽ എന്താണുള്ളതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവിടേക്കാണ് ബിസിനസുകാരനായ റിച്ചാർഡ് ബ്രാൻസണും ഗവേഷകനും ഡോക്യുമെന്ററി സംവിധായകനുമായ ഫാബിയൻ കുസ്തോയും തങ്ങളുടെ സംഘവുമായി എത്തിയത്. മുങ്ങിക്കപ്പലും കപ്പലുമെല്ലാമായി സർവസന്നാഹങ്ങളോടെയായിരുന്നു വരവ്. സംഘം അടിത്തട്ടിലെത്തുകയും ചെയ്തു. ലോക പ്രശസ്ത സ്കൂബ ഡൈവിങ് കേന്ദ്രമാണിത്. പക്ഷേ പ്രദേശവാസികളിൽ പലർക്കും ബ്ലൂഹോളിലേക്ക് ഇറങ്ങാൻ ഭയമാണ്. അതിന്റെ ആഴങ്ങളിൽ ഭീകരജീവികൾ വസിക്കുന്നുണ്ടെന്നാണു വിശ്വാസം.

ബ്ലൂഹോളിലിറങ്ങിയ ബ്രാൻസണും കണ്ടു ആ ഭീകരനെ, പക്ഷേ അതിനു ജീവനുണ്ടായിരുന്നില്ലെന്നു മാത്രം. പ്ലാസ്റ്റിക്കായിരുന്നു ആ ‘ഭീകരനെന്ന’ വിവരം ബ്രാൻസൺ തന്നെയാണു തന്റെ ബ്ലോഗിൽ വിശദീകരിച്ചത്. നാനൂറടിക്കും താഴെ ബ്ലൂഹോളിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് കുപ്പികളാണു സംഘം കണ്ടെത്തിയത്. തീരത്തു നിന്ന് ഇത്രയേറെ അകലെയായിട്ടും ബ്ലൂഹോളിൽ പ്ലാസ്റ്റിക് എത്തിയതാണു സംഘത്തെ അദ്ഭുതപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് ഇതെന്നും ഗവേഷകർ പറയുന്നു. ലോകമെമ്പാടും ചൂടു കൂടുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റം വരികയാണെന്ന് കൂട്ടുകാർ പലയിടത്തും വായിച്ചിട്ടുണ്ടാകുമല്ലോ! കടലിലെ അടിയൊഴുക്കുകളിലുമുണ്ട് അതിന്റെ മാറ്റങ്ങള്‍. അങ്ങനെയായിരിക്കാം ബ്ലൂഹോളിലും പ്ലാസ്റ്റിക് വന്നതെന്നു കരുതുന്നു. നേരത്തേ ബ്ലൂഹോളിൽ വെള്ളമൊന്നുമുണ്ടായിരുന്നില്ലെന്നു ഗവേഷകർ കണ്ടെത്തിയിരുന്നു. ഏകദേശം 10,000 വർഷം മുൻപ് ഭൂമിയെ പൂർണമായും മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നു. ഹിമയുഗം എന്നറിയപ്പെടുന്ന ആ കാലത്തിന്റെ അവസാനത്തോടെയാണ് ബ്ലൂഹോളിലേക്കു വെള്ളമിറങ്ങിയത്. ഫാബിയൻ കുസ്തോയുടെ മുത്തച്ഛൻ ജാക്കെ കുസ്തോയാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയത്.

പക്ഷേ ബ്ലൂഹോള്‍ എങ്ങനെ രൂപപ്പെട്ടുവെന്നു എന്നതിൽ ഇന്നും വാദം തുടരുകയാണ്. ഈ സാഹചര്യത്തിൽ ബ്ലൂഹോളിന്റെ ത്രീഡി സ്കാനിങ് ഉള്‍പ്പെടെയാണ് ബ്രാൻസണും സംഘവും നടത്തുന്നത്. അതും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളോടെ. പ്ലാസ്റ്റിക് കണ്ടെത്തിയത് വെറുമൊരു തുടക്കം മാത്രമാണ്. ബ്ലൂഹോളിന്റെ ആഴങ്ങളിലെ രഹസ്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും ഗവേഷകർ പറയുന്നു. ഗർത്തത്തിലെ കാഴ്ചകൾ ഡോക്യുമെന്ററിയായി അധികം വൈകാതെ പുറത്തെത്തും.