തിരയിറങ്ങിയപ്പോൾ തീരത്ത് ‘വമ്പൻ’ കാഴ്ച; പഴക്കം ആറരക്കോടി, കണ്ടെത്തിയത് നായ്ക്കുട്ടികൾ, Dog walker, discovers, 65 million year old fossil, Padhippura, Manorama Online

തിരയിറങ്ങിയപ്പോൾ തീരത്ത് ‘വമ്പൻ’ കാഴ്ച; പഴക്കം ആറരക്കോടി, കണ്ടെത്തിയത് നായ്ക്കുട്ടികൾ

പോപ്പി എന്നും സാം എന്നും പേരുള്ള തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളുമായി നടക്കാനിറങ്ങിയതായിരുന്നു ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സ്. സ്റ്റോഫോഡിലെ സോമർസെറ്റിലുള്ള ബീച്ചുകളിലൊന്നിലൂടെയായിരുന്നു യാത്ര. വേലിയിറക്ക സമയമായിരുന്നു. തിരയിറങ്ങുമ്പോൾ പോപ്പിയും സാമും ഓടിക്കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബീച്ചിലെ ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു. അവിടെ നില്‍ക്കുകയായിരുന്നു ജോൺ. അപ്പോഴാണ് നായ്ക്കുട്ടികൾ ഒരിടത്തു മണപ്പിച്ചും മണ്ണിൽ മാന്തിയും നിൽക്കുന്നതു കണ്ടത്. അടുത്തേക്കു ചെന്ന അദ്ദേഹം അദ്ഭുതപ്പെട്ടു പോയി. കണ്മുന്നിൽ ഒരു അസാധാരണ കാഴ്ച. ഏകദേശം 6.5 കോടി വർഷം പഴക്കമുള്ള ജീവിയുടെ ഫോസിലായിരുന്നു അവിടെ. ഏകദേശം അഞ്ചരയടി നീളം വരുന്ന ആ ഫോസിലിൽ നിറയെ എല്ലുകളുടെ അടയാളങ്ങൾ തെളിഞ്ഞു കാണാമായിരുന്നു. അടുത്തിടെ ശക്തമായി കൊടുങ്കാറ്റ് വീശിയിരുന്നു സോമർസെറ്റിൽ. അന്ന് ഫോസിലിനെ മൂടിയിരുന്ന മണ്ണും ചെളിയുമെല്ലാം പറന്നു പോയതു കൊണ്ടാണ് ഇത്തവണ വ്യക്തമായി കാണാനായത്. തിരയടിയിലൂടെ ആ ഫോസിൽ കാഴ്ച കൂടുതൽ വ്യക്തമാവുകയും ചെയ്തു.


പലതരം കടൽജീവികളുടെ ഫോസിലും കക്കയും ശംഖുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതിൽ താൽപര്യക്കാരനായിരുന്നു ജോൺ. അതിനാൽത്തന്നെ കണ്ടെത്തിയത് ഏറെ പ്രാധാന്യമുള്ള ഫോസിലാണെന്ന് അദ്ദേഹത്തിന് ഉറപ്പുമായിരുന്നു. ലണ്ടൻ നേച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വിവരമറിയിച്ചു. പരിശോധനയ്ക്കൊടുവിൽ അവരും പറഞ്ഞു–ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇക്തിയോസോർ വിഭാഗത്തിൽപ്പെട്ട ജീവിയുടേതാണ് ഫോസിൽ. ഇക്തിയോസോറിൽത്തന്നെ ഏതിനം ജീവിയാണെന്നു കണ്ടെത്താനുള്ള വിവരങ്ങൾ ഫോസിലിൽ ഉണ്ടായിരുന്നില്ല. എങ്കിലും ഗവേഷകരെ സംബന്ധിച്ചിടത്തോളം വിലയേറിയ കണ്ടെത്തലായിരുന്നു സമുദ്രതീരത്ത് കാത്തിരുന്നത്.


പടിഞ്ഞാറൻ സോമർസെറ്റിലെ പല തീരങ്ങളിലും ജുറാസിക്–ട്രയാസിക് കാലഘട്ടത്തിലെ ഒട്ടേറെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കണ്ടെത്തിയ ഒരു ഇക്തിയോസോർ ഫോസിലിന് ഏകദേശം 20 കോടി വർഷത്തെ പഴക്കമുണ്ടായിരുന്നു. പേരിൽ ‘സോർ’ ഉണ്ടെങ്കിലും ഇക്തിയോസോർ ദിനോസർ വിഭാഗത്തിൽപ്പെട്ടതല്ല. ഇന്നത്തെ കാലത്തെ ഡോൾഫിനുകളോടാണ് ഇവയ്ക്കു കൂടുതൽ ബന്ധം. കടലിൽ കാണപ്പെടുന്ന ഈ ജീവികൾക്കു 6–13 അടി വരെയുണ്ടായിരുന്നു നീളം. ട്രയാസിക് കാലഘട്ടത്തിൽ രൂപപ്പെട്ട ഇവ ജുറാസിക് കാലഘട്ടത്തിൽ വൻതോതിൽ കടലിലുണ്ടായിരുന്നു. പിന്നീട് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ പതിയെ ഇല്ലാതായി. അതായത്, ഏകദേശം 14.5–6.6 കോടി വർഷം മുൻപ്.

Summary : Dog walker discovers 65 million year old fossil