ഉണ്ടക്കണ്ണും വ്യാളിയുടെ വാലും; ചൂണ്ടയിൽ കുരുങ്ങിയ വിചിത്ര ‘ഏലിയന്‍’ മീൻ,  Dinosaur, fish, bulging eyes,norway, Padhippura, Manorama Online

ഉണ്ടക്കണ്ണും വ്യാളിയുടെ വാലും; ചൂണ്ടയിൽ കുരുങ്ങിയ വിചിത്ര ‘ഏലിയന്‍’ മീൻ

കൂട്ടുകാർ ‘പിരാന’ എന്ന സിനിമ കണ്ടിട്ടുണ്ടോ? കടലിനടിയിലെ ഒരു വിള്ളലിനകത്തേക്കു കയറിപ്പോകുന്ന മുങ്ങൽ വിദഗ്ധർക്കു മുന്നിൽ അതിഭീകരന്മാരായ പിരാനകൾ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട് അതിൽ. ഉണ്ടക്കണ്ണുകളും കൂർത്ത പല്ലുകളുമൊക്കെയുള്ള പിരാനകൾ നിമിഷങ്ങൾക്കകം മുങ്ങൽ വിദഗ്ധരെ തിന്നുതീർക്കും. ഓസ്കർ ലുന്‍ഡാലെന്ന പത്തൊൻപതുകാരനും ഏകദേശം അതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം. വടക്കൻ നോർവെയിലെ ആൻഡോയ ദ്വീപിനു സമീപത്തു ചൂണ്ടയിടുകയായിരുന്നു ഓസ്കർ. തീരത്തു നിന്ന് ഏകദേശം അഞ്ചു മൈൽ മാറിയായിരുന്നു ബോട്ടിലിരുന്നുള്ള മീൻപിടിത്തം.

നീലപ്പരവ എന്നറിയപ്പെടുന്ന മത്സ്യമായിരുന്നു ഓസ്കറിന്റെ ലക്ഷ്യം. കടലിൽ ഏകദേശം 200 മുതൽ 1600 മീ. വരെ ആഴത്തിൽ കഴിയുന്നവയാണ് ഇത്തരം മത്സ്യങ്ങൾ. പരന്നു വലുപ്പത്തിലുള്ള ഇവയുടെ മാംസത്തിനും ഏറെ രുചിയാണ്. വടക്കൻ അറ്റ്ലാന്റിക്, വടക്കൻ പസിഫിക് സമുദ്രത്തിന്റെ ആഴങ്ങളിലാണ് ഇവയെ കാണാറുള്ളത്. അടിത്തട്ടിനോടു ചേർന്നു ജീവിക്കുന്നതിനാൽ ഏറ്റവും താഴെ വരെ വലയെത്തുന്ന ട്രോളിങ് രീതിയിലൂടെയാണ് ഇവയെ പിടികൂടുക. ഏകദേശം 800 മീറ്റർ നീളത്തിലുള്ള ചൂണ്ടനൂലുമായിട്ടായിരുന്നു ഓസ്കറിന്റെ മീൻപിടിത്തം. ആകെ നാലു കൊളുത്തുമുണ്ടായിരുന്നു. അയലമീനിനെ ഇരയാക്കിയായിരുന്നു മീൻ പിടിക്കാനിരുന്നത്.

കുറച്ചുകഴിഞ്ഞപ്പോൾ മീൻ ചൂണ്ടയിൽ കുരുങ്ങിയെന്നു മനസ്സിലായി. ആഴമേറിയതിനാൽ ഏകദേശം അര മണിക്കൂറെടുത്തായിരുന്നു ചൂണ്ടനൂൽ ഓസ്കർ വലിച്ചു കയറ്റിയത്. രണ്ടു കൊളുത്തുകളിൽ നീലപ്പരവ മത്സ്യമുണ്ടായിരുന്നു. അതിന്റെ സന്തോഷം തീരും മുന്‍പേ മൂന്നാമത്തെ കൊളുത്തിൽ അതാ ഒരു ഞെട്ടിക്കുന്ന കാഴ്ച. വലിയ തലയും ഉണ്ടക്കണ്ണും നീളന്‍ വാലുമുള്ള വല്ലാത്ത രൂപത്തോടെ ഒരു മത്സ്യം. ബോട്ടിൽ നിന്നു ചാടി രക്ഷപ്പെടാനാണ് അതിനെ കണ്ടപ്പോൾ ആദ്യം തോന്നിയതെന്ന് ഓസ്കർ പറയുന്നു. പക്ഷേ ആ മീൻ ചത്ത നിലയിലായിരുന്നു. താൻ പിടിച്ച വിചിത്രമത്സ്യത്തിന്റെ ചിത്രം ഓസ്കർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോഴാണറിഞ്ഞത്, ചൂണ്ടയിൽ കുരുങ്ങിയത് ഏലിയൻ മത്സ്യമോ ദിനോസർ കാലത്തെ മത്സ്യമോ ഒന്നുമല്ല. കടലിന്റെ ആഴങ്ങളിലെ ഇരുട്ടിൽ കഴിയുന്ന റാറ്റ് ഫിഷാണ്.

തലയും നീളൻ വാലും കാരണം എലിയോടു സാമ്യമുള്ളതിനാലായിരുന്നു അത്തരമൊരു പേര്. കടലിനടിയിലെ ഇരുട്ടിൽ ഇരകളെ പിടികൂടാൻ കാഴ്ചയ്ക്കു സഹായിക്കുന്നതാണു വലിയ കണ്ണ്. ഇരുട്ടിൽ പൂച്ചകളെപ്പോലെ തിളങ്ങുന്ന കണ്ണു കണ്ട് ചെറുജീവികളും മീനുകളുമൊക്കെ വരുമ്പോൾ അവയെ പിടികൂടി തിന്നുന്നതാണു രീതി. സ്രാവുകളുടെ ഒരു അകന്ന ‘ബന്ധു’ കൂടിയാണ് റാറ്റ്ഫിഷ്. ലാറ്റിനിൽ Chimaeras Monstrosa Linnaeus എന്നാണ് ഇതിന്റെ പേര്. ഗ്രീക്ക് ഇതിഹാസങ്ങളിൽ സിംഹത്തിന്റെ തലയും വ്യാളിയുടെ വാലുമുള്ള ഒരു തരം വിചിത്രജീവിയുണ്ട്. അതിന്റെ പേരാണ് ലാറ്റിനിൽ റാറ്റ് ഫിഷിനും നൽകിയിരിക്കുന്നത്. കാഴ്ചയിൽ ഭീകരനാണെങ്കിലും മനുഷ്യരെ യാതൊരു വിധത്തിലും ദ്രോഹിക്കില്ല ഇവ. മാത്രവുമല്ല ചൂണ്ടയിൽ കുരുങ്ങി മുകളിലേക്കു വരുമ്പോൾ ജലത്തിലെ മർദത്തിൽ വരുന്ന മാറ്റം കാരണം മുകളിലെത്തും മുൻപേ ചാവുകയും ചെയ്യും. ഓസ്കറെന്തായാലും ഈ ഏലിയൻ മീനിനെ വീട്ടിലേക്കു കൊണ്ടുപോയി, ഫ്രൈയാക്കി കഴിക്കുകയും ചെയ്തു. കണ്ടാൽ പേടി തോന്നുമെങ്കിലും രുചിയിൽ ഉഗ്രനായിരുന്നെന്നാണ് ഓസ്കറിന്റെ സാക്ഷ്യപ്പെടുത്തൽ.