ഡിങ്കനല്ല, ഇത് ഓസ്ട്രേലിയയുടെ സ്വന്തം ഡിങ്കോ!, Dingo, dog, Australia, Padhippura, Manorama Online

ഡിങ്കനല്ല, ഇത് ഓസ്ട്രേലിയയുടെ സ്വന്തം ഡിങ്കോ!

ഡിങ്കനെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ഈ പറക്കും ചുണ്ടെലിയുടെ ആരാധകരായ ഡിങ്കോയിസ്റ്റുകളും ഒട്ടേറെ. പക്ഷേ ഡിങ്കോയെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയും ഒരു കൂട്ടരുണ്ട്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു തരം ജീവികളാണ് ഡിങ്കോ. കാഴ്ചയിൽ നായ്ക്കളെപ്പോലെയിരിക്കും. അതിനാൽത്തന്നെ ഇത്രയും നാളും നായ്ക്കൾക്കിടയിലെ ഒരു ഉപവിഭാഗമായിട്ടാണ് ഇവയെ കണക്കാക്കിയിരുന്നത്. എന്നാൽ അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തി, ഡിങ്കോയ്ക്ക് നായ്ക്കളുമായി ബന്ധമേയില്ല. അത് ഓസ്ട്രേലിയയ്ക്കു മാത്രം സ്വന്തമായ ഒരു തദ്ദേശ ജീവിയാണ്.

അതോടെ മറ്റൊരു പ്രശ്നം കൂടിയായി. അതുവരെ നായ്ക്കളെപ്പോലെ ചുറ്റിക്കറങ്ങുകയാണ് ഡിങ്കോ ചെയ്തിരുന്നത്. അവയ്ക്കായി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന പ്രത്യേക ‘സ്പീഷീസ്’ ആയതോടെ അവയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം രാജ്യത്തിനു വന്നിരിക്കുകയാണ്. അതിനായി പ്രത്യേക കേന്ദ്രങ്ങളും ഒരുക്കേണ്ടി വരും. ഒരൊറ്റ ഗവേഷണ റിപ്പോർട്ട് വന്നതോടെ ഡിങ്കോ ശരിക്കും സ്റ്റാറായെന്നു ചുരുക്കം. വിവിധ ഓസ്ട്രേലിയൻ സർവകലാശാലകളിൽ നിന്നുള്ള 20 ഗവേഷകരാണ് ഡിങ്കോയെപ്പറ്റി പഠിച്ചത്.
നാട്ടിലോ കാട്ടിലോ കാണപ്പെടുന്ന നായ്ക്കളുമായി ഇതിന് യാതൊരു ബന്ധവുമില്ല. കുറുക്കന്മാരും ചെന്നായ്ക്കളുമായുമില്ല ബന്ധം. ഇവയെ അധികമാരും വീട്ടിൽ വളർത്താറുമില്ല. വളർത്തുമൃഗങ്ങളെയും പക്ഷികളെയുമെല്ലാം പിടികൂടി തിന്നുന്നതിനാൽ ഓസ്ട്രേലിയക്കാർക്കും ഡിങ്കോയോട് അത്ര സ്നേഹം പോരാ. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഓസ്ട്രേലിയൻ മ്യൂസിയത്തിന്റെ രേഖകളില്‍ പോലും ഡിങ്കോ ഒരു കാട്ടുനായ് ആണെന്നാണുള്ളത്. ഏഷ്യയിൽ നിന്നുള്ള മനുഷ്യർക്കൊപ്പം 4000 വർഷം മുൻപാണ് ഇവ ഓസ്ട്രേലിയയിലെത്തിയതെന്നും രേഖകൾ പറയുന്നു. ഇവയെ ഇണക്കി വളർത്തുന്നതിൽ പലരും മടി കാണിച്ചതോടെയാണ് കാട്ടുനായ്ക്കളുടെ ഗണത്തിലേക്കു പലരും കണക്കാക്കിയത്.

പക്ഷേ പഠനത്തിന്റെ ഭാഗമായി ഡിങ്കോയുടെ സ്വഭാവവും ശരീരത്തിന്റെയും തലയോട്ടിയുടെയും ആകൃതിയും ജനിതകസ്വഭാവവും ശബ്ദം വഴിയുള്ള ആശയവിനിമയവുമെല്ലാം ഗവേഷകർ പരിശോധിച്ചു. എല്ലാ തരം നായ്ക്കളും കുരയ്ക്കുന്നതു പതിവാണ്. എന്നാൽ തങ്ങൾക്കു ഭീഷണിയായ എന്തെങ്കിലും വന്നാൽ മാത്രമേ ഡിങ്കോകൾ കുരയ്ക്കാറുള്ളൂ. അല്ലെങ്കിൽ രാത്രി മറ്റു ഡിങ്കോകൾ കൂട്ടത്തോടെ കുരയ്ക്കുമ്പോൾ ‘കോറസായി’ കൂട്ടത്തിൽ ചേരുമെന്നു മാത്രം. സ്നേഹം പ്രകടിപ്പിക്കുമ്പോഴും ഓടിക്കളിക്കുമ്പോഴൊന്നും കുരയ്ക്കാറുമില്ല. ഒരു കാറ്റടിച്ചാൽ പോലും കുരയ്ക്കുന്ന വളർത്തു നായ്ക്കളിൽ നിന്നു തികച്ചും വ്യത്യസ്തമാണിത്.

ഏകദേശം 5000-10,000 വർഷം മുൻപുണ്ടായിരുന്ന നായ്ക്കളുടെ പരമ്പരയിലെ കണ്ണിയാണ് ഡിങ്കോയെന്നാണു കരുതുന്നത്. മനുഷ്യനൊപ്പം ചേർന്ന് അവരുടെ പ്രിയപ്പെട്ടവരായി നായ്ക്കൾ മാറുന്നതിനും മുന്നേയാണ് ഡിങ്കോയുടെ വംശത്തിന്റെ രൂപപ്പെടൽ. അതിനാൽത്തന്നെ അവ വളർത്തു മൃഗങ്ങളുടെ സ്വഭാവം കാണിക്കില്ല. ജനിതകപരമായി കാട്ടുനായ്ക്കളുടെ സ്വഭാവം ഉണ്ടുതാനും. മനുഷ്യന്റെ സഹായമില്ലാതെ വളരാനും ഇവയ്ക്കറിയാം. സ്വന്തം കാര്യം നോക്കി ജീവിക്കാനറിയാമെന്നു ചുരുക്കം. സൂടാക്സ(Zootaxa) ജേണലിൽ ഡിങ്കോയെപ്പറ്റിയുള്ള സമ്പൂർണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary : Dingo, Dog, Australia,