ഹെലികോപ്റ്റർ ബ്ലേഡുകളുടെ പ്രവർത്തനം നിലച്ചാൽ?

നിഥിൻ സാമുവൽ

ഹെലികോപ്റ്ററും വിമാനവും തമ്മിൽ എന്താണ് വ്യത്യാസം..? അവ എങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധിക്കും..? ദൂരെ ആകാശത്തു മേഘങ്ങളെ വകഞ്ഞുമാറ്റി നിശബ്ദമായി പറക്കുന്ന വിമാനങ്ങളെ കാണാത്തവരുണ്ടാകില്ല. വലിയ ശബ്ദമുണ്ടാക്കി അധികം ദൂരത്തല്ലാതെ ഉയരമുള്ള കെട്ടിടങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പറക്കുന്ന ഹെലികോപ്റ്ററുകളും മിക്കവരും കണ്ടിട്ടുണ്ടാകും. വായുവിൽക്കൂടി സഞ്ചരിക്കുന്ന ഇവ രണ്ടും നമ്മെ വിസ്മയപ്പെടുത്തുമെങ്കിലും എന്തുകൊണ്ടാണ് രണ്ടു പേരുകളിൽ അറിയപ്പെടുന്നത്?. ഹെലികോപ്റ്ററുകളും വിമാനങ്ങളും പറക്കുന്നതിന്റെ അടിസ്ഥാന ശാസ്ത്രം ഒന്നുതന്നെയാണെങ്കിലും രണ്ടിന്റെയും രൂപഘടനയിലും സാങ്കേതിക വിദ്യയിലും വലിയ വ്യത്യാസങ്ങളുണ്ട്.

വ്യത്യസ്തം ചിറകുകൾ
വിമാനത്തിന്റെ ചിറകുകൾ ഇരു വശത്തേക്കും നീണ്ടു കിടക്കും. എന്നാൽ, ഹെലികോപ്റ്ററിന്റേതോ? മുകളിൽ വട്ടം കറങ്ങുന്ന വലിയ ബ്ലേഡുകളാണ് ( Rotory Blades) ഹെലികോപ്റ്ററിന്റെ ചിറകുകൾ. വിമാനവും ഹെലികോപ്റ്ററും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമാണിത്. വിമാനത്തിന്റെ ചിറകുകൾ സ്ഥിരമായതും (Fixed) ഹെലികോപ്റ്ററിന്റേത് കറങ്ങുന്നതുമാണ്. പക്ഷേ, ചിറകുകളുടെ ഘടന ഒരേപോലെയാണ്. വിമാനത്തിന്റെ ചിറകുകളുടെയും ഹെലികോപ്റ്ററിന്റെ ബ്ലേഡുകളുടെയും പരിച്ഛേദം (cross section) എടുത്താൽ എയ്റോഫോയിൽ (Aerofoil) രൂപമായിരിക്കും. ചിറകുകളുടെ ഈ പ്രത്യേകതയാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്.

ഉയരും പലവിധം
ഹെലികോപ്റ്ററിനു നിന്ന നിൽപിൽ ഉയരാൻ സാധിക്കും. മുകളിൽ അതിവേഗം കറങ്ങുന്ന ബ്ലേഡുകൾ ഉയർന്നു പൊങ്ങുന്നതിനുള്ള ശക്തി അഥവാ ലിഫ്റ്റ് (Lift) സൃഷ്ടിക്കുന്നു. എയ്റോഫോയിൽ രൂപം കാരണം, കറങ്ങുന്ന സമയത്തു ബ്ലേഡുകളുടെ മുകളിലെ മർദം താഴത്തേതിനെക്കാൾ കുറയും. ഇതു ഹെലികോപ്റ്റർ മുകളിലേക്ക് ഉയരുന്നതിനു കാരണമാകുന്നു. വിമാനത്തിന് ഉയരണമെങ്കിൽ നീളമുള്ള റൺവേകൾ വേണം (അങ്ങനെയല്ലാത്തവയും കണ്ടുപിടിച്ചിട്ടുണ്ട്). ഒട്ടുമിക്ക വിമാനങ്ങൾക്കും ചിറകുകളുടെ അടിയിലാണ് എൻജിൻ. മുന്നോട്ടു പോകാനുള്ള ശക്തി (Thrust) ഈ എൻജിൻ നൽകും. റൺവേയിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന വിമാനത്തിന്റെ ചിറകുകളുടെ മുകളിലും താഴെയും എയ്റോഫോയിൽ രൂപം കാരണം വായുവിന്റെ മർദവ്യത്യാസം ഉണ്ടാകുന്നു. ഇതു സൃഷ്ടിക്കുന്ന ലിഫ്റ്റ് വിമാനത്തെ മെല്ലെ മുകളിലേക്ക് ഉയർത്തുന്നു.

പിറകോട്ടു പോകും, ഒരിടത്തു നിൽക്കും
പിറകോട്ടു പോകാനും ഒരിടത്തു നിൽക്കാനും(Hover) ഹെലികോപ്റ്ററുകൾക്കു സാധിക്കും. എല്ലാ വശങ്ങളിലേക്കും വേഗത്തിൽ തിരിയാനും കഴിവുണ്ട്. മുകളിൽ കറങ്ങുന്ന ബ്ലേഡുകൾ പല കോണളവുകളിൽ ക്രമീകരിച്ചാണ് ഹെലികോപ്റ്ററുകൾ ഇത്തരത്തിൽ നിയന്ത്രിക്കുന്നത്. വാലറ്റത്തു കറങ്ങുന്ന ബ്ലേഡും ഇതിനു സഹായിക്കുന്നു. വിമാനത്തിന് മുന്നോട്ടു മാത്രമേ പറക്കാൻ സാധിക്കൂ. ചിറകുകളിലെയും വാലറ്റത്തെയും ചില ഭാഗങ്ങൾ വിവിധ രീതിയിൽ ക്രമീകരിച്ചാണ് വിമാനങ്ങൾ വശങ്ങളിലേക്കു ചരിയുന്നതും താഴുന്നതുമൊക്കെ. വിമാനത്തിന്റെ നിയന്ത്രണം താരതമ്യേന എളുപ്പമാണ്. വായുവിൽ എൻജിൻ ഓഫായാൽ പോലും വിമാനങ്ങൾ കുറച്ചുദൂരം കൂടി പറന്നേക്കാം. എന്നാൽ, ഹെലികോപ്റ്ററിന്റെ നിയന്ത്രണം ബുദ്ധിമുട്ടേറിയതാണ്. ബ്ലേഡുകളുടെ പ്രവർത്തനം നിലച്ചാൽ ഉടൻ ഹെലികോപ്റ്റർ താഴെ വീഴും.