ചീഞ്ഞ മാംസത്തിന്റെ രൂപമുള്ള പൂവ്!

വി.ആർ. വിനയരാജ്

സ്പെയിനിലെ ബാലിയാറിക് ദ്വീപുകളിൽ വളരുന്ന ചേനയുടെ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് ഡെഡ് ഹോഴ്സ് ആരം (Dead horse arum– Helicodiceros muscivorus). ഈ കുടുംബത്തിലെ പല ചെടികളെയും പോലെ ഈ ചെടിയുടെ പൂക്കൾക്കും വല്ലാത്ത നാറ്റമാണ്. കാഴ്ചയ്ക്കും ചീഞ്ഞ മാംസത്തിന്റെ രൂപമാണ് ഇതിന്റെ പൂവിന്.

ഈ ദുർഗന്ധത്താൽ ആകർഷിക്കപ്പെടുന്ന ചിലരുണ്ട്. ചീഞ്ഞമാംസമാണെന്നു തെറ്റിദ്ധരിച്ച് ഈച്ചകൾ പൂക്കളിൽ എത്തുന്നു. ആകെ ഒരു അരങ്ങാക്കാൻ വേണ്ടി ചെടിയാവട്ടെ ഈ സമയം പൂക്കളുടെ ചൂട് കൂട്ടുന്നു. കുറച്ചൊന്നുമല്ല, ചുറ്റുപാടിനേക്കാളും ഏതാണ്ട് 24 ഡിഗ്രി വരെ ചൂടുകൂട്ടാൻ ഈ പൂക്കൾക്ക് കഴിയും. ചൂടു കൂടുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് ഉയരുകയും ദുർഗന്ധം അന്തരീക്ഷത്തിൽ നന്നായി വ്യാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചുറ്റുപാടുമുള്ളതിനേക്കാൾ താപം ചെടികൾ കൂട്ടുന്ന പ്രതിഭാസത്തെ തെർമോജെനസിസ് (Thermogenesis) എന്നാണ് വിളിക്കുന്നത്. ഇവിടെ സ്വന്തം പരാഗങ്ങൾ ഉപയോഗിക്കാതെ മറ്റു പൂക്കളിൽനിന്നുമുള്ള പരാഗങ്ങൾ ഉപയോഗിച്ച് പരാഗണം നടക്കാനായി ഈ ചെടി മറ്റൊരു വിദ്യ പുറത്തെടുക്കുന്നുണ്ട് (ഈ പ്രവൃത്തിക്ക് പരപരാഗണം എന്നാണ് പറയുന്നത്). രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ് ഈ ചേനയിലെ പരാഗണപ്രക്രിയ. ആദ്യത്തെ ദിവസം പൂവിന്റെ സ്ത്രീഭാഗങ്ങൾ പരാഗണത്തിനു തയാറാവുമ്പോൾ പുരുഷഭാഗങ്ങൾ പ്രായമെത്തിയിട്ടുണ്ടാവില്ല. അടുത്ത ദിവസം പുരുഷഭാഗങ്ങൾ തയാറാവുമ്പോഴേക്കും പൂവിന്റെ സ്ത്രീഭാഗങ്ങൾക്ക് പരാഗണത്തിനുള്ള കഴിവു നഷ്ടമായിട്ടുമുണ്ടാവും. പരാഗണപ്രക്രിയയുടെ ആദ്യദിനം പൂവിന്റെ ചൂട് വർധിക്കുമ്പോഴേക്കും അതിൽ ആകൃഷ്ടരായ പ്രാണികൾ പൂവിനുള്ളിലേക്ക് കടന്നുചെല്ലുകയും പൂവിലെ മുള്ളുകൾ പോലുള്ള ഭാഗങ്ങളിൽ തടഞ്ഞ് തിരിച്ചിറങ്ങാൻ വയ്യാത്തവിധം അതിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്യുന്നു. മറ്റുള്ള പൂക്കളിൽനിന്നും ഇറങ്ങിവരുന്ന ഇവയുടെ ദേഹമാകെ പുരണ്ട പരാഗങ്ങളാൽ പരാഗണം നടക്കുന്നു.

ഇതേസമയം, ഇതിനുള്ളിൽ ഈച്ച മുട്ടയിടും. രാത്രി മുഴുവൻ പൂവിന്റെയുള്ളിൽ അകപ്പെട്ട ഈച്ച പിറ്റേന്നാവുമ്പോഴേക്കും മുള്ളുകൾ വാടിപ്പോയതിനാൽ തുറന്നുകിട്ടിയ വഴിയിൽക്കൂടി പുറത്തെത്തും. അപ്പോൾ പൂവിന്റെ ആൺഭാഗങ്ങൾ പരാഗരേണുക്കളുമായി തയാറായിരിക്കും. പൂമ്പൊടിയിൽ പുരണ്ട ഈച്ച അടുത്ത പൂവ് തേടി പറക്കുന്നു.

ഉടുമ്പിന്റെ സഹായം
ഇതേ പ്രദേശത്തു ജീവിക്കുന്ന ഉടുമ്പുവർഗത്തിൽപ്പെട്ട ഒരു ജീവിയുണ്ട്, പൊഡാർസിസ് ലിൽഫോർഡി (Podarcis lilfordi). മറ്റ് ഉടുമ്പുകളെപ്പോലെതന്നെ വെയിലത്തുകിടന്ന് പ്രാണികളെപ്പിടിച്ചുതിന്നാണ് ഇവയും കഴിയുന്നത്. ഇതോടൊപ്പം പൂക്കളിലെ തേനും പൂമ്പൊടിയും ഇവയ്ക്ക് ഇഷ്ടമാണ്. അതിനായി വരുന്ന ഈ പല്ലികൾ ദ്വീപിലെ പല ചെടികളെയും പരാഗണത്തിന് സഹായിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ ചേനച്ചെടിയെ പരാഗണത്തിനായല്ല, മറ്റൊരു വിധത്തിൽ ഇവർ സഹായിക്കുന്നുണ്ട്.

ഈച്ചകൾ വന്നു ചെടിയിലും പൂക്കളിലും പറന്നുകളിക്കുന്നതു കാണുന്ന ശീതരക്തമുള്ള നമ്മുടെ പല്ലി പൂക്കളുടെ ചൂടിനാൽ ആകൃഷ്ടരായി പൂക്കളിൽ എത്തുന്നു. ചുറ്റിക്കളിക്കുന്ന ഈച്ചകളെ നാവുനീട്ടി അകത്താക്കി നല്ലൊരു ശാപ്പാട് ഇവർ തരമാക്കുന്നു. പക്ഷേ തനിക്കു പരാഗണത്തിൽ സഹായിക്കാൻ വരുന്ന ഈച്ചകളെ വേട്ടയാടിപ്പിടിക്കാൻ വരുന്ന പല്ലികൾ ചെടിക്ക് ശരിക്കും ശത്രുക്കളല്ലേ? എന്നാൽ ഇവിടെത്തീരുന്നില്ല കഥ. ഈച്ചകളെ മാത്രമല്ല ചെടിയുടെ പഴങ്ങളും ഈ പല്ലികൾ തിന്നുന്നുണ്ട്. പഴം പൊട്ടിച്ച് മാംസളമായ ഭാഗത്തോടൊപ്പം വിത്തുകളും അകത്താക്കുന്നു. ഇവിടെയാണ് ശരിക്കുമുള്ള സഹവർത്തിത്വത്തിന്റെ ഗുണം മനസ്സിലാവുന്നത്. പല്ലിയുടെ ദഹനേന്ദ്രിയങ്ങളിൽക്കൂടി കടന്നു പുറത്തുവരുന്ന വിത്തുകൾക്ക് സാധാരണയുള്ളതിന്റെ ഇരട്ടിയാണ് മുളയ്ക്കൽശേഷി. അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ച് രണ്ടുകൂട്ടർക്കും മെച്ചപ്പെട്ട ജീവിതമുണ്ടാവാനുള്ള ചെടികളുടെയും ജീവികളുടെയും ഇത്തരം സഹകരണത്തെപ്പറ്റി മനുഷ്യർക്ക് ഇനിയും ധാരാളം മനസ്സിലാക്കാനുണ്ട്. ഈ ദ്വീപുകളിൽ മനുഷ്യൻ കൊണ്ടുവന്ന പൂച്ചകളും എലികളും ഈ പല്ലികളുടെ എണ്ണം വളരെയേറെ കുറച്ചിരിക്കുന്നു. ഇന്ന് ഇവ വംശനാശഭീഷണിയിലാണ്.

സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും