കൈവിട്ട കളിയാകുമോ?

മണ്ണു കുഴച്ച് ഉണ്ടാക്കിയ പുലിക്കു ജീവൻ കൊടുത്ത് അവസാനം ആ പുലിയുടെതന്നെ ഭക്ഷണമായിത്തീർന്ന ബുദ്ധിമാനെക്കുറിച്ചു പറയുന്ന നാടോടിക്കഥപോലെ ആകുമോ യന്ത്രങ്ങൾക്കു സ്വന്തമായി ചിന്തിക്കാനുള്ള ശക്തിയും ശേഷിയും നൽകുന്നത് എന്നു പല ശാസ്ത്രജ്ഞരും ചിന്തകരും എഴുത്തുകാരുമെല്ലാം ഭയക്കുന്നു. ഈ ഭയം ആധാരമാക്കി ടെർമിനേറ്റർ, ദ് മെഷീൻ, എക്സ് മെഷീനാ തുടങ്ങി ധാരാളം സിനിമകളും ഇറങ്ങിയിട്ടുണ്ട്. ബാഹ്യ ഇടപെടൽ ഇല്ലാതെതന്നെ ഒരു യന്ത്രത്തിന് അതിന്റെ അതേ സ്വഭാവ സവിശേഷതകളുള്ള മറ്റൊരു യന്ത്രത്തെ സ്വയം നിർമിക്കാൻ കഴിയുന്ന ദിവസം നിർമിതബുദ്ധി അതിന്റെ പൂർണതയിൽ എത്തുമെന്നു കണക്കാക്കാം. ഇത്തരത്തിൽ രൂപകൽപന ചെയ്യപ്പെട്ട ഒരു യന്ത്രം മനുഷ്യ നിയന്ത്രണത്തിൽനിന്നു രക്ഷപ്പെട്ട് സ്വയമേവ പകർപ്പുകൾ നിർമിക്കാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാകും?

അടുത്തകാലത്തു ഫെയ്സ്ബുക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ പ്രോഗ്രാമർമാർ തങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായി രണ്ടു കംപ്യൂട്ടർ ചാറ്റ് ബോട്ടുകളെ പരസ്പരം സംസാരിക്കാൻ അനുവദിച്ചു. തുടക്കം സ്വാഭാവികമായിരുന്നെങ്കിലും അൽപസമയത്തിനുള്ളിൽത്തന്നെ രണ്ടു ചാറ്റ് ബോട്ടുകളും അവരുടേതായ പുതിയ ഭാഷയിൽ സംവദിക്കാൻ തുടങ്ങിയതു ഗവേഷകരെ അമ്പരപ്പിച്ചു. ഇത്തരത്തിൽ, മനുഷ്യൻ ഉദ്ദേശിച്ച വിധത്തിലാകില്ല പലപ്പോഴും നിർമിതബുദ്ധി പ്രവർത്തിക്കുക എന്നത് സ്റ്റീഫൻ ഹോക്കിൻസും എലോൺ മസ്കുമെല്ലാം തങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നു.