ഭൂമിയിലേതു പോലെ ചൊവ്വയിലും തടാകങ്ങൾ; ഗവേഷകർക്കു മുന്നിൽ ‘മരുപ്പച്ച’, Curiosity, Ancient Oasis, Mars, Padhippura, Manorama Online

ഭൂമിയിലേതു പോലെ ചൊവ്വയിലും തടാകങ്ങൾ; ഗവേഷകർക്കു മുന്നിൽ ‘മരുപ്പച്ച’

പോയിക്കഴിഞ്ഞാൽ തിരികെ വരുമോയെന്നു പോലും ഉറപ്പില്ലാതെയാണ് നാസയിലെ ഗവേഷകർ മനുഷ്യരെ ചൊവ്വാഗ്രഹത്തിലേക്ക് അയയ്ക്കാനൊരുങ്ങുന്നത്. അത്രയേറെ പ്രശ്നങ്ങൾ നിറഞ്ഞതാണ് ചൊവ്വയുടെ അന്തരീക്ഷം. അവിടെ ഇപ്പോൾ തണുപ്പാണെങ്കിൽ തൊട്ടടുത്ത സെക്കൻഡിൽ പൊടിക്കാറ്റ് വീശും, അതുമല്ലെങ്കിൽ കൊടും ചൂട് വരും... നിലവിൽ ‘തണുത്തുറഞ്ഞ മരുഭൂമി’ എന്നാണു ചൊവ്വയ്ക്ക് ഗവേഷകർ നല്‍കിയിരിക്കുന്നു വിശേഷണം. ജീവൻ നിലനിൽക്കാൻ ഏറെ പാടുപെടേണ്ടി വരുന്ന കാലാവസ്ഥയെന്നു ചുരുക്കം.

പക്ഷേ ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം കണ്ടോ? ഒരുകാലത്ത് ചൊവ്വ ഇങ്ങനെയായിരുന്നുവെന്നാണു ഗവേഷകർ പറയുന്നത്. അതും ഒന്നും രണ്ടുമല്ല കോടിക്കണക്കിനു വർഷം മുൻപ്. ചൊവ്വയിലേക്ക് നാസ അയച്ച ക്യൂരിയോസിറ്റി എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഒരുകാലത്തു ചൊവ്വയിലും തടാകങ്ങളുണ്ടായിരുന്നുവെന്നു പിടികിട്ടിയത്. പക്ഷേ ഉപ്പുനിറഞ്ഞ തടാകങ്ങളായിരുന്നുവെന്നു മാത്രം. ചൊവ്വയിലെ ‘മരുപ്പച്ച’ എന്നാണു ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഉപ്പുതടാകങ്ങളുണ്ടായിരുന്നെങ്കിൽ ജീവനും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

2011 നവംബർ 26നാണ് ക്യൂരിയോസിറ്റി യുഎസിലെ കേപ് കാനവറലില്‍ നിന്നു പറന്നുയരുന്നത്. 2012 ഓഗസ്റ്റ് അഞ്ചിന് ചൊവ്വയിലെ പ്രശസ്തമായ ഗെയ്ൽ വിള്ളലിനു സമീപം ലാൻഡും ചെയ്തു. അന്നുതൊട്ടിന്നു വരെ ക്യൂരിയോസിറ്റി അയച്ച ഡേറ്റയിൽ നിന്ന് ഏറെക്കുറെ ചൊവ്വയുടെ ‘സ്വാഭവം’ മൊത്തമായി ഗവേഷകർ മനസ്സിലാക്കിയെടുത്തിട്ടുണ്ട്. ഏകദേശം 150 കിലോമീറ്റർ വീതിയിലുള്ള ഗെയ്ൽ വിള്ളലിൽ നിന്നായിരുന്നു വിവരങ്ങളെല്ലാം ഒരു ചെറുകാറിന്റെ വലുപ്പമുള്ള ഈ പേടകം ശേഖരിച്ചത്. 350 കോടി വർഷം മുൻപ് ഈ വിള്ളൽ നിറയെ വെള്ളമായിരുന്നുവെന്നാണ് ഇപ്പോൾ നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്.