മരിച്ചവർ തിരിച്ചുവരുമോ?

രത്യുഷ് തച്ചിമൂച്ചിക്കൽ

രാവണ പുത്രൻ മേഘനാഥനും ശ്രീരാമലക്ഷ്മണന്മാരും തമ്മിൽ ഘോരമായ യുദ്ധം നടന്നു. മേഘനാഥൻ എയ്ത അസ്ത്രമേറ്റ ശ്രീരാമലക്ഷ്മണന്മാർക്കു സാരമായി പരുക്കേറ്റു. അബോധാവസ്ഥയിലായ രാമലക്ഷ്മണന്മാർ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു സാഹചര്യം. ജാംബവാന്റെ നിർദേശപ്രകാരം ഹനുമാൻ മൃതസഞ്ജീവനി തേടി ഋഷഭഗിരി മലകളിലേക്കു പുറപ്പെട്ടു. പക്ഷേ, ഹനുമാന് അതു കണ്ടെത്താനായില്ല. അദ്ദേഹം ആ മലതന്നെ ഏറ്റിക്കൊണ്ടു വരികയും മൃതസ‍ഞ്ജീവനികൊണ്ടു വന്നു രാമലക്ഷ്മണന്മാരുടെ ജീവൻ തിരിച്ചുപിടിക്കുകയും ചെയ്തു. വാനരൻമാരിലും ഇതു പരീക്ഷിച്ചു. മരിച്ചുപോയ പലരും ചിരിച്ചുകൊണ്ടു വരുന്നതുകണ്ട് രാവണൻ യുദ്ധം തന്നെ വെറുക്കുകയാണുണ്ടായത്. പുനർജനിയുടെ സാധ്യതകളുമായി പുത്തൻസാങ്കേതിക വിദ്യകൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. അതാണു ക്രയോണിക്സ്.

ക്രയോണിക്സ് (cryonics)

റോബർട്ട് എറ്റിംഗർ (1918 – 2011) എന്ന അമേരിക്കക്കാരനാണ് ഇത്തരമൊരാശയം മുന്നോട്ടു വച്ചത്. തന്റെ പുസ്തകമായ The Prospect of Immortality യിലൂടെയാണ് അദ്ദേഹം മനുഷ്യന്റെ അനശ്വരമായ ജീവിതത്തെ അനാവരണം ചെയ്യുന്നത്.

ക്രയോ എന്ന വാക്കിന്റെ അർഥം തണുപ്പ് എന്നാണ്. ഭാവിയിൽ പുനരുജ്ജീവിപ്പിക്കാൻ സാധ്യമാകുന്നതുവരെ മനുഷ്യരുടെയും ജന്തുക്കളുടെയും മൃതശരീരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന സാങ്കേതിക മാർഗമാണ് ക്രയോണിക്സ്. മരണം സ്ഥിരീകരിക്കപ്പെട്ട ആളുകളിൽ മാത്രമേ ഇതു ചെയ്യാവൂ എന്നു നിയമം അനുശാസിക്കുന്നുണ്ട്.

മനുഷ്യന്റെ ഓർമ, വ്യക്തിത്വം ഇവ സൂക്ഷിക്കപ്പെട്ടിരിക്കുന്നതു തലച്ചോറിലാണ്. ഹൃദയസ്പന്ദനം നിലച്ചു മിനിറ്റുകൾക്കകം തന്നെ ക്രയോ പ്രിസർവേഷൻ നടപടികൾ ആരംഭിക്കുന്നു. ആദ്യം ശരീരത്തെ ക്രമമായി തണുപ്പിക്കുകയാണു ചെയ്യുന്നത്. പ്രത്യേകം കംപ്രസറുകൾ ഉപയോഗിച്ച് നെഞ്ചിൽ അമർത്തുകയും രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യുന്നു. കോശങ്ങൾ പെട്ടെന്നു നശിച്ചുപോകാതിരിക്കാനാണിത്. പിന്നീട് ക്രയോ പ്രൊട്ടക്റ്റൻഡുകൾ എന്ന പ്രത്യേകതരം രാസലായനികൾ ശരീരത്തിലേക്കു കടത്തുകയും ഇവ താഴ്ന്ന ഊഷ്മാവിലും കോശങ്ങളുടെ നാശത്തെ ചെറുക്കുകയും ചെയ്യുന്നു. ഇത് വിട്രിഫിക്കേഷൻ എന്നാണറിയപ്പെടുന്നത്. പിന്നീട് ഇത്തരം ശരീരങ്ങളെ ദ്രവ നൈട്രജൻ നിറച്ച ടാങ്കുകളിൽ സൂക്ഷിക്കുന്നു. ഇതിലെ താപനില ഏകദേശം -196 ഡിഗ്രിസെന്റിഗ്രേഡ് ആയിരിക്കും.

ഭാവിയിൽ, ചെലപ്പോഴത് അഞ്ഞൂറോ ആയിരം വർഷമോ ആകാം, വൈദ്യ ശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതിയിലൂടെ ഇത്തരം ശരീരങ്ങളിൽ ജീവൻ തിരിച്ചുകൊണ്ടുവരാനാകും എന്നാണ് വിശ്വാസം. അന്ന് അയാൾക്കു പഴയ ഓർമകൾ ഉണ്ടായിരിക്കും എന്നും വിശ്വസിക്കുന്നു. അതായത് ഒരാൾ ക്യാൻസർ രോഗംമൂലമാണു മരിച്ചതെങ്കിൽ നാളെ ഒരുകാലത്ത് ക്യാൻസറിനുള്ള മരുന്നു കണ്ടുപിടിച്ചാൽ സൂക്ഷിച്ചുവച്ച ശരീരത്തിൽനിന്ന് ആ രോഗം മാറ്റുകയും വൈദ്യരംഗത്തെ നൂതന സങ്കേതങ്ങളുടെ സഹായത്തോടെ അയാളെ പുനരുജ്ജീവിപ്പിക്കാൻ കഴിയും എന്നു വിശ്വസിക്കുന്നു.

ഇതുമായി ബന്ധപ്പെട്ടു നിരവധി വാദപ്രതിവാദങ്ങൾ ഇന്നു നടക്കുന്നുണ്ട്. എങ്കിലും ഇരുനൂറോളം ആളുകളുടെ ശരീരം ഇന്നു സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും റഷ്യയിലുമാണ് ഇതിനുള്ള സൗകര്യം ലഭ്യമായിട്ടുള്ളത്. അമേരിക്കയിൽ ഇതിനുവേണ്ടി റോബർട്ട് എറ്റിംഗർ ക്രയോണിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തഞ്ഞൂറോളം ആളുകൾ തങ്ങളുടെ മരണശേഷം ശരീരം സൂക്ഷിക്കാനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 1967 ൽ ഡോ. ജയിംസ് ബെഡ്ഫോഡിന്റെ മൃതശരീരമാണ് ഇത്തരത്തിൽ ആദ്യമായി സൂക്ഷിക്കപ്പെട്ടത്. ഇതിന്റെ ചെലവ് ഒരുവർഷം ഏകദേശം 28000 ഡോളർ വേണ്ടിവരും.

ക്രയോജനിക്സ് (Cryogenics)

വളരെ താഴ്ന്ന ഊഷ്മാവിൽ ഒരു പദാർഥത്തിന്റെ സ്വഭാവം, നിർമാണം ഇവയെക്കുറിച്ചു പഠിക്കുന്ന ഭൗതിക ശാഖയാണ് ക്രയോജനിക്സ്. ഇവിടെ ഊഷ്മാവ് 150ഡിഗ്രി സെന്റിഗ്രേഡിലും താഴെയായിരിക്കും. ഒരു വാതകം ക്രയോജനിക് ആകണമെങ്കിൽ അതിനെ വളരെ താഴ്ന്ന ഊഷ്മാവിൽ ദ്രവീകരിക്കണം. ഹിലിയം, ഹൈഡ്രജൻ, നിയോൺ, നൈട്രജൻ, ഓക്സിജൻ, വായു ഇവയെല്ലാം രൂപീകരിക്കാം.

ക്രയോജനിക്സ്, ക്രയോബയോളജി, ക്രയോണിക്സ്, ക്രയോ സർജറി, ക്രയോ ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ വളരെ താഴ്ന്ന ഊഷ്മാവിനെ പ്രയോജനപ്പെടുത്തുന്നു. ദ്രവീകരിച്ച നൈട്രജൻ (-196 ഡിഗ്രി സെന്റിഗ്രേഡ്) ദ്രവീകരിച്ച ഹീലിയം (-27 ഡിഗ്രി സെന്റിഗ്രേഡ്) ഇവ വളരെയധികം ഉപയോഗിക്കപ്പെടുന്നു. ദ്രവീകരിച്ച ഹൈഡ്രജനെ റോക്കറ്റ് ഇന്ധനമായും ദ്രവീകരിച്ച ഓക്സിജനെ ഓകിസൈഡറായും ധാരാളം ഉപയോഗിച്ചുവരുന്നു. ഇന്ത്യയ്ക്ക് ഇന്ന് തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യയുണ്ട്.

വളരെ താഴ്ന്ന ഊഷ്മാവ് നിർമിച്ചെടുക്കാൻ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ക്രയോജനിക് ദ്രാവകങ്ങൾ സൂക്ഷിക്കുവാൻ പ്രത്യേക ടാങ്കുകൾ ആവശ്യമാണ്. അതിശീതോഷ്മാവിൽ ടാങ്കുകൾ പൊട്ടാൻ സാധ്യതയുണ്ട്. ശൂന്യമായ വിടവുകൾ ക്രമീകരിച്ചാണ് ഇതൊഴിവാക്കുന്നത്.

LNG (Liguified Natural Gas) യുടെ നിർമാണം, NMR (Nuclear Magnetic Resononce) ആറ്റങ്ങളുടെ ഭൗതിക രാസസ്വഭാവങ്ങൾ കണ്ടെത്താൻ MRI (Magnetic Resononce, Imaging) അണ്ടർഗ്രൗണ്ട് ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ, ഫുഡ് പ്രിസർവേഷൻ, ബ്ലഡ് ബാങ്ക് നിർമാണ പ്രക്രിയകൾ എന്നീ മേഖലകളിൽ ക്രയോജനിക് വിദ്യ പ്രയോജനപ്പെടുത്തുന്നു.

കാമർലിങ് ഓൺസ് (1853 – 1926)

സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഡച്ച് ഭൗതികജ്ഞനാണ് ഓൺസ്. ഹീലിയത്തെ ആദ്യമായി ദ്രവീകരിച്ച അദ്ദേഹം ക്രയോജനിക്സിനു പുതുമാനങ്ങൾ നൽകി. ഹാംസൺ – ലിൻഡെചക്രം പ്രയോജനപ്പെടുത്തി കേവല പൂജ്യത്തിനടുത്തേക്ക് (0K) ഊഷ്മാവ് താഴ്ത്തുമ്പോൾ പദാർഥങ്ങൾ എന്തു സ്വഭാവം കാണിക്കുന്നുവെന്ന് പഠിച്ചു. ലിഡൻ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരിക്കെ 1904–ൽ അദ്ദേഹം ഒരു ക്രയോജനിക്സ് ലബോറട്ടറി സ്ഥാപിച്ചു. 1908–ൽ ഹീലിയത്തിന്റെ ബോയിലിങ് പോയിന്റ് 4.2 k വരെ താഴ്ത്തി ആദ്യമായി ഹീലിയത്തെ ദ്രവീകരിച്ചു. പിന്നീടത് 1.5k വരെ എത്തിച്ചു.

1911–ൽ 4.2k ഊഷ്മാവിൽ ഖര മെർക്കുറി വയറിനെ ദ്രവീകരിച്ച ഹീലിയത്തിൽ മുക്കിയപ്പോൾ മെർക്കുറിയുടെ വൈദ്യുത പ്രതിരോധം ഇല്ലാതാകുന്നതായി കണ്ടെത്തി. തുടർന്നു ടിന്നിലും ലെഡിലും പരീക്ഷണം നടത്തി. ചില പദാർഥങ്ങൾക്കു താഴ്ന്ന ഊഷ്മാവിൽ പ്രതിരോധം പൂജ്യമാവുകയും അവ വൈദ്യുതിയെ അനന്തമായി കടത്തിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതാണു സൂപ്പർ കണ്ടക്ടിവിറ്റി. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തിന് 1913–ൽ അദ്ദേഹത്തിനു നോബേൽ സമ്മാനം ലഭിച്ചു.

തണുപ്പിനു കമ്പിളി

തണുപ്പ് കാലങ്ങളിൽ നാം കമ്പളി പുതപ്പു പുതയ്ക്കുകയോ കമ്പിളി വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുന്നു. കാരണമെന്തായിരിക്കും, തെർമൽ കണ്ടക്ടിവിറ്റി എന്ന തത്വമാണിതിനു പിന്നിൽ. ഓരോ പദാർഥങ്ങൾക്കും താപത്തെ കടത്തിവിടാനുള്ള ശേഷി ഓരോ തരത്തിലായിരിക്കും. കമ്പിളി വസ്ത്രങ്ങളിൽ ധാരാളം സുഷിരങ്ങൾ ഉണ്ടായിരിക്കും. ഇവയിൽ വായു നിറഞ്ഞുനിൽക്കും. മാത്രമല്ല കമ്പിളി വസ്ത്രങ്ങൾക്ക് പൊന്തപ്പുള്ളതിനാൽ ശരീരത്തിൽ ഒട്ടിച്ചേർന്നല്ല അവ നിൽക്കുക. ശരീരത്തിനും കമ്പിളി വസ്ത്രത്തിനുമിടയിൽ വായു ഉണ്ടായിരിക്കും. വായുവിന് തെർമൽ കണ്ടക്ടിവിറ്റി കുറവാണ്. അതുമല്ല കമ്പിളിക്കും ഇപ്രകാരം ശരീരത്തിലെ ചൂട് പുറത്തേക്കു വമിക്കുന്നില്ലയെന്നതിനാൽ ശരീരോഷ്മാവ് നിലനിൽക്കുകയും തണുപ്പനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.