ഒൻപതാം ക്ലാസിൽ രാജ്യാന്തര ക്രിക്കറ്റ് താരം!

അനിൽ ഫിലിപ്

മുംബൈയിൽനിന്നുള്ള പൃഥ്വി പങ്കജ് ഷാ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കിയതുമൊക്കെ വാർത്തയായിരുന്നല്ലോ. രാജ്കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൽസരത്തിലൂടെ ഷാ തന്റെ ആദ്യ ടെസ്റ്റ് കളിക്കുമ്പോൾ പ്രായം വെറും 18 വർഷവും 329 ദിവസവും. എന്നാൽ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തരക്രിക്കറ്റ് താരം ഷായല്ല. ചെറിയ പ്രായത്തിൽ രാജ്യാന്തരക്രിക്കറ്റിലെത്തിയ വേറെ താരങ്ങളുണ്ട്. ആ നേട്ടത്തിന് ഉടമകളായവരെ പരിചയപ്പെടാം.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന നിങ്ങളുടെ ഒരു കൂട്ടുകാരന്റെ പ്രായം പതിമൂന്നിനും പതിനാലിനും ഇടയ്ക്കു വരും. ആ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റ് കളിച്ചവരുടെ ഭാഗ്യത്തെപ്പറ്റി ഒന്നോർക്കുക. മഹേന്ദ്ര സിങ് ധോണിക്കും വിരാട് കോഹ്‌‍ലിക്കുമൊക്കെ ഒപ്പം ലോകം ചുറ്റി ക്രിക്കറ്റ് കളിക്കുക! അതിശയിക്കേണ്ട. ലോകക്രിക്കറ്റ് ചരിത്രത്തിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ടെസ്‌റ്റും ഏകദിനവും കളിച്ചതിന്റെ റെക്കോർഡ് പാക്കിസ്‌ഥാന്റെ ഹസൻ റാസ്സായുടെ പേരിലാണ്. 1996 ൽ സിംബാബ്‍വെക്ക് എതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ റാസ്സായുടെ പ്രായം 14 വർഷവും 227 ദിവസവും മാത്രം! ഇപ്പോൾ 37 വയസുള്ള റാസ്സാ, പക്ഷേ ഇന്നു രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ല.

റാസ്സാ കഴിഞ്ഞാൽ പ്രായത്തിന്റെ കാര്യത്തിൽ റെക്കോർഡ് പാക്കിസ്ഥാന്റെ തന്നെ മുഷ്താഖ് മുഹമ്മദിന്റെ പേരിലാണ്. 15 വയസും 124 ദിവസവും പ്രായമുള്ളപ്പോഴാണു മുഷ്താഖ് 1959ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റിലെ ബേബി എന്ന വിശേഷണം ഏതാണ്ട് 36 വർഷക്കാലം മുഷ്താഖിന്റെ പേരിലായിരുന്നു. 1996ൽ റാസ്സാ തിരുത്തിക്കുറിക്കുന്നതുവരെ മുഷ്താഖായിരുന്നു ക്രിക്കറ്റിലെ ‘പയ്യൻസ്’. പ്രായത്തിന്റെ കാര്യത്തിൽ മുഷ്താഖ് ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. പാക്കിസ്ഥാന്റെ തന്നെ അക്വിബ് ജാവേദാണ് മൂന്നാമത്.

ഏകദിനക്രിക്കറ്റിലെയും ഏറ്റവും പ്രായം കുറഞ്ഞ താരം ഹസൻ റാസ്സായാണ്. അരങ്ങേറ്റ മൽസരത്തിൽ കളിക്കുമ്പോൾ റാസ്സായുടെ പ്രായം 14 വയസും 233 ദിവസവുമായിരുന്നു (സിംബാബ്‍വെക്കെതിരെ, 1996). ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം കെനിയയുടെ ഗുർദീപ് സിങ്ങിന്റെ പേരിലാണ് (2013ൽ 15 വയസ്, 258 ദിവസം). രാജ്യാന്തര ക്രിക്കറ്റിലെ ചെറു പൂരമായ ട്വന്റി 20യിലെ ‘ബേബി’ ഹോങ്‍കോങ്ങിന്റെ വാക്കാസ് ഖാനാണ്. 2014ൽ നേപ്പാളിനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് വയസ് 15 വർഷവും 259 ദിവസവും.

ടെസ്‌റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് എന്നിവ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡുകാരൻ ‘റെക്കോർഡഡുകളുടെ തമ്പുരാൻ’ സച്ചിൻ തെൻഡുൽക്കറാണ്. 1989ൽ പാക്കിസ്ഥാന്റെ മണ്ണിൽ ആദ്യമായി‌ രാജ്യാന്തര ക്രിക്കറ്റ് കളിക്കുമ്പോൾ സച്ചിന് പ്രായം 16 വയസ്, 205 ദിവസം. ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്‌റ്റ് ക്യാപ്‌റ്റൻ ആരാണെന്ന് അറിയണ്ടേ? ടെസ്റ്റിലെ കുട്ടി ക്യാപ്റ്റൻ തതേന്ദ തൈബുവാണ്. 2004ൽ സിംബാബ്‍വെയുടെ ടെസ്റ്റ് ക്യാപ്റ്റനാവുമ്പോൾ തൈബുവിന് 20 വയസും 358 ദിവസവും.

അന്നൊരു ഇന്ത്യക്കാരന്റെ റെക്കോർഡാണ് തൈബു ചരിത്ര പുസ്തകത്തിൽനിന്നു മായ്ച്ചു കളഞ്ഞത്. 1962ൽ മൻസൂർ അലി ഖാൻ പട്ടൗഡി സൃഷ്ടിച്ച റെക്കോർഡ് ഇതോടെ പഴങ്കഥയായി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്‌റ്റൻ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ സ്വന്തമാക്കിയത് ഇക്കൊല്ലമാണ് (19 വയസ്, 165 ദിവസം). എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്‌റ്റൻ സച്ചിൻ തെൻഡുൽക്കറാണ്. 1996ൽ സച്ചിൻ ഇന്ത്യയെ ഏകദിന ക്രിക്കറ്റിൽ നയിക്കുമ്പോൾ പ്രായം 23 വയസും 126 ദിവസവും. ട്വന്റി 20യിലെ ‘കുട്ടി ക്യാപ്റ്റൻ’ ബെര്‍മുഡയുടെ റോഡ്നി ട്രോട്ടാണ്– 20 വയസും 332 ദിവസവും. ഇന്ത്യയുടെ പ്രായം കുറഞ്ഞ ട്വന്റി 20 നായകൻ സുരേഷ് റെയ്നയാണ്.